ADVERTISEMENT

കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ കൊച്ചി ദൈവത്തിന്റെ ഏറ്റവും സ്പെഷൽ സ്ഥലമാണെന്നാണ് വീൽചെയറിൽ ലോകം ചുറ്റുന്ന പർവീന്ദർ ചൗളയുടെ അഭിപ്രായം. മുംബൈ മുതൽ കന്യാകുമാരി വരെ നീളുന്ന യാത്രയുടെ ഭാഗമായാണ് അൻപത്തൊൻപതുകാരിയായ പർവീന്ദർ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. തന്റെ ഓട്ടമ‌ാറ്റിക് കാർ സ്വയം ഓടിച്ചാണ് യാത്ര. കൂടെ സുഹൃത്തായ വിഡിയോഗ്രഫറുമുണ്ട്.

 

കേരളത്തിൽ കോഴിക്കോടും ആലപ്പുഴയിലും കൊച്ചിയിലുമാണു താമസിച്ചത്. കായലോരങ്ങളും ബോട്ട് യാത്രകളും ഏറെ മോഹിപ്പിച്ചു. റോഡുകളിലും പാതയോരങ്ങളിലുമെല്ലാം കൊച്ചിയിലെ നല്ലവരായ ആളുകളുടെ അകമഴിഞ്ഞ സഹായം ലഭിച്ചതായും പർവീന്ദർ പറഞ്ഞു. ഭക്ഷണവും വളരെ ഇഷ്ടമായി. ഇടിയപ്പവും ചിക്കൻ സ്റ്റൂവുമാണ് ഏറെ ഇഷ്ടമായത്. രണ്ടാം തവണയാണ് കൊച്ചി സന്ദർശിക്കുന്നത്. 10 വർഷം മുൻപ് ചികിത്സയുടെ ഭാഗമായി വന്നിട്ടുണ്ട്.

 

ലുധിയാനയിൽ ജനിച്ച പർവീന്ദർ മുംബൈയിലും ഡൽഹിയിലുമായാണു വളർന്നത്. 15–ാം വയസ്സിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിച്ചതോടെ ജീവിതം വീൽചെയറിലായി. എന്നാൽ ലോകം മുഴുവനും യാത്ര ചെയ്യണമെന്ന ആഗ്രഹം ഉപേക്ഷിച്ചില്ല. ഇതുവരെ യാത്ര ചെയ്തത് 58 രാജ്യങ്ങളിൽ. അന്റാർട്ടിക്ക ഒഴികെ എല്ലാ വൻകരകളിലും യാത്ര ചെയ്തു. യാത്രകൾ മുടങ്ങിയ കോവിഡ് കാലത്തും കാറിൽ രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലൂടെ ഇവർ സഞ്ചരിക്കുകയായിരുന്നു.

 

പുരിയും കേദർനാഥും രാമേശ്വരവും മംഗളൂരുവും ഉജ്ജയിനുമെല്ലാം കഴിഞ്ഞ മാസങ്ങളിൽ സന്ദർശിച്ചു. ട്രക്കിങ്ങും നീന്തലും സ്കേറ്റിങ്ങും സ്കീയിങ്ങും പാരാഗ്ലൈഡിങ‌ും നടത്തി. ‘വീൽചെയർ ആൻഡ് ഐ’ എന്ന ഇവരുടെ വ്ലോഗിനു വലിയ സ്വീകാര്യതയാണുള്ളത്. ഊർജസ്വലതയും മനസ്സുമുണ്ടെങ്കിൽ വേദനകളെല്ലാം മറക്കാനാകുമെന്നും ജീവിതം ഹോളി പോലെ നിറമുള്ളതാക്കാമെന്നും പർവീന്ദർ പറയുന്നു.

English Summary:  Woman Travels The World Alone In Her Wheelchair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com