ADVERTISEMENT

ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകി കേരള ബജറ്റ് പ്രഖ്യാപനം. വിനോദസഞ്ചാര മേഖലയെ കൈപിടിച്ചുയര്‍ത്തുന്നതിനായുള്ള വിവിധ പദ്ധതികള്‍ ധനമന്ത്രി തോമസ്‌ ഐസക് ബജറ്റില്‍ അവതരിപ്പിച്ചു. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ നേരത്തെയുണ്ടായിരുന്ന ട്രെയിൻ സർവീസ് വീണ്ടും തുറക്കാൻ ശ്രമം നടക്കുന്നതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനായി ടാറ്റ എസ്റ്റേറ്റ് അധികൃതരുമായി ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റിലും ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള പ്രഖ്യാപനമുണ്ടായിരുന്നു.

മൂന്നാർ റെയിൽവേ സ്റ്റേഷൻ ആയി പ്രവർത്തിച്ച കെട്ടിടം ഇന്ന് ടാറ്റ ടീയുടെ ഓഫീസാണ്. പഴയ റെയിൽവെ ട്രാക്ക് ഉണ്ടായിരുന്ന ഇടത്ത് ഇന്ന് റോഡാണ്. കൊല്ലവര്‍ഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ഈ ട്രെയിന്‍ സർവീസ് പുനരാരംഭിക്കുന്നതോടെ മൂന്നാറിലേക്ക് ഇനിയും കൂടുതല്‍ സന്ദര്‍ശകര്‍ എത്തും.

ബജറ്റിലെ പ്രധാന ടൂറിസം പ്രഖ്യാപനങ്ങൾ:

* കെ.ടി.ഡി.സിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 35 കോടി രൂപ.

* കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധിബോർഡ് രൂപീകരിക്കും

* ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 25 കോടി രൂപ അധികമായി ലഭ്യമാക്കും.

* കേരളത്തിലെ ടൂറിസം മേഖല ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു മേഖലയാണ് ഹെറിറ്റേജ്-സ്‌പൈസ് റൂട്ട് പ്രോജക്ടുകള്‍. മുസിരീസ് ആലപ്പുഴ-തലശേരി പൈതൃക പദ്ധതികള്‍ക്ക് പുറമെ, തിരുവനന്തപുരവും കോഴിക്കോടും ഈ പദ്ധതിയുടെ ഭാഗമാകും. ഇതിനായി 40 കോടി രൂപ രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി രൂപ വേറെയും വകയിരുത്തി.

* വിനോദ സഞ്ചാരത്തിന് പുറമെ, അനൗപചാരിക വിദ്യാഭ്യാസവും കേരള തനിമയില്‍ അഭിമാനബോധം സൃഷ്ടിക്കലും ടൂറിസത്തിന്‍റെ ലക്ഷ്യമാണ് എന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് മുസരീസ് പദ്ധതി പ്രദേശത്ത് പഠനം നടത്താന്‍ അവസരമൊരുക്കും. ഇത്തരത്തിലുള്ള പഠനടൂറുകള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

* നിലവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ.

* മൂന്നാര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി.

ഇത് കൂടാതെ ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പ,  ഹൗസ് ബോട്ടുകള്‍ക്കുള്ള വായ്പ എന്നിവ നല്‍കിയതായും മന്ത്രി പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്‍റെ ടൂറിസം മേഖല പൂര്‍വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ടൂറിസം മാര്‍ക്കറ്റിങ്ങ് വിഭാഗം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

 

English Summary: Kerala Budget Proposed Plans to Promote Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com