വന്യമൃഗ സാന്നിധ്യമുള്ള റിസോർട്ടുകൾ അടച്ചുപൂട്ടും

HIGHLIGHTS
  • വന്യമൃഗ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന റിസോർട്ട് അനുവദിക്കില്ല
  • മൃഗവേട്ടയുണ്ടോയെന്നും കർശന പരിശോധന
wayanad-forest-safari
നാഗർഹൊള കടുവ സങ്കേതത്തിലെ കാനന സഫാരി. (പ്രതീകാത്മക ചിത്രം),
SHARE

തിരുവനന്തപുരം∙ വനത്തോ‍ടു ചേർന്ന റിസോർട്ടുകൾക്കു സമീപം വന്യമൃഗ സാന്നിധ്യം കണ്ടെത്തിയാൽ റിസോർട്ടുകൾ അടച്ചു പൂട്ടും. വന്യമൃഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിലാണു റിസോർട്ട് നിർ‍മിച്ചിരിക്കുന്നതെ‍ന്നു കണ്ടെത്തിയാലും നടപടി. നൈറ്റ് ക്യാംപിങ്, അനധികൃത ട്രെക്കിങ്, നൈറ്റ് സഫാരി എന്നിവയുടെ മറവിൽ മൃഗവേട്ട നടത്തിയാൽ വനം വന്യജീവി നിയമപ്രകാരം റിസോർട്ട് ഉടമകൾക്കെതിരെ കേസെടുക്കും. അനധികൃത ട്രെക്കിങ്ങിനു കൂട്ടു നിൽക്കുകയും നടപടി സ്വീകരിക്കാ‍തിരിക്കുകയും ചെയ്യുന്ന വനം ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും തീരുമാനിച്ചു.

സംസ്ഥാനത്തു വനത്തിനോടു ചേർന്നു പ്രവർത്തിക്കുന്ന റിസോർട്ടുകളുടെയും ഹോം സ്റ്റേക‍ളുടെയും കണക്കെടുക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ നിർദേശം നൽകി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ കണ്ണൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ.വിനോദ് കുമാർ 5 ഡിഎഫ്ഒമാരോ‍ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട് മേപ്പാടി എളമ്പി‍ലേരിയിൽ റിസോർട്ടിൽ ടെന്റിൽ താമസിച്ച കണ്ണൂർ സ്വദേശിനി ഷഹാന സത്താറിനെ(26) കാട്ടാന ചവിട്ടി‍ക്കൊന്ന സംഭവത്തെ തുടർന്നാണു നടപടി. 

വനമേഖലയ്ക്കടുത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവ മാപ്പ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ സ്ഥലങ്ങളിൽ ആന, കടുവ, കാട്ടുപോത്ത് എന്നിവയുടെ സാന്നിധ്യ‍മുണ്ടോയെന്നതും പരിശോധിക്കും. ഉണ്ടെങ്കിൽ അത്തരം റിസോർട്ടുകളുടെ ചുരുക്കപ്പട്ടിക കലക്ടർമാർക്കു കൈമാറും. റിസോർട്ടുകൾ പൂട്ടാ‍നും വനം വകുപ്പ് ആവശ്യപ്പെടും. വയനാട് മേഖലയിൽ അനധികൃത ട്രെക്കിങ്ങിന്റെ മറവിൽ മൃഗവേട്ട വ്യാപകമാണെന്നും വനം വകുപ്പ് ഇന്റലിജൻസിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

English Summary: Restrictions For Resort In Wildlife Area

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA