യാത്രയ്ക്കാണോ? ‘ചോദിച്ചു ചോദിച്ചു’ പോകേണ്ട; വേറെ വഴികളുണ്ട്

gps
SHARE

യാത്ര പോകുമ്പോൾ പരിചയ സമ്പന്നനായ, വഴികൾ നന്നായി അറിയാവുന്ന ഒരു ഡ്രൈവറെത്തന്നെ വിളിക്കണം, പണ്ടൊക്കെ മുതിർന്നവരുടെ ഉപദേശം പതിവായിരുന്നു. സ്വയം വാഹനം ഓടിച്ചു പോകുന്നതു സാധാരണയായപ്പോൾ ദൂരെപ്പോകുമ്പോൾ യാത്ര ചെയ്ത് പരിചയമുള്ള ബന്ധുവിനെയോ സുഹൃത്തിനെയോ ഒപ്പം കൂട്ടാനായി ശ്രദ്ധ. എന്നാലിപ്പോൾ അങ്ങനെ വഴി ‘ചോദിച്ചു ചോദിച്ചു’ പോകേണ്ട, കൂട്ടിനുണ്ട് ജിപിഎസ് അധിഷ്ഠിത മാപ്.

ആദ്യകാലത്ത് കപ്പലുകൾക്കായിരുന്നു ‘നാവിഗേഷൻ’ പ്രശ്നം. കൊളംബസ് അമേരിക്കയിലെത്തിയതു പോലും അന്നത്തെ നാവിഗേഷൻ സമ്പ്രദായങ്ങളുടെ പരാജയം കൊണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യം. കപ്പൽ യാത്രയിൽ തുടങ്ങിയ മനുഷ്യന്റെ ദിശ അറിയാനുള്ള ആവശ്യം പിന്നീട് വിമാനയാത്രയ്ക്കും ശൂന്യാകാശ യാത്രയ്ക്കും ഒക്കെ അത്യാവശ്യമായി വന്നു. പക്ഷേ  ആധുനിക കാലത്ത് ജനകീയമായി മാറിയത് റോഡ് യാത്രയ്ക്കുള്ള നാവിഗേഷനാണ് (ലാൻഡ് നാവിഗേഷൻ).

ഇന്നിപ്പോൾ നമ്മുടെ രാജ്യത്തും വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമായി വരുന്നു. വഴി അറിയാനും വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താനും വാഹനം എവിടെയെന്നറിയാനും ഒക്കെ വേണം ജിപിഎസ്. ബസിലും ട്രെയിനിലുമൊക്കെ ഇറങ്ങേണ്ട സ്റ്റോപ്പ് അറിയാനും ജിപിഎസ് അധിഷ്ഠിത സംവിധാനം തന്നെയാണ് വരുന്നത്.

ഇത്തരം സംവിധാനങ്ങളിൽ നമ്മുടെ രാജ്യം അൽപം പിന്നിലാണെന്ന് പറയാം. എല്ലാം വരുന്നതേയുള്ളു. വികസിത രാജ്യങ്ങളിൽ വർഷങ്ങൾക്ക് മുൻപേ വാഹനങ്ങളിൽ വ്യാപകമായതാണ് ഈ സംവിധാനങ്ങൾ. നമ്മുടെ നാട്ടിൽ വൈകാൻ കാരണം ഒരു പക്ഷേ ഇപ്പോഴും അത്യാവശ്യം വഴി ചോദിച്ചു പോകാൻ പറ്റുന്നതാവും. വിദേശങ്ങളിൽ  ചോദിക്കാൻ വഴിയിൽ ആരെയും കാണാത്തതിനാൽ ശരണം ജിപിഎസ് തന്നെ.

google-map

എന്താണ് ജിപിഎസ്

ചുരുക്കത്തിൽ പറഞ്ഞാൽ ഉപഗ്രഹങ്ങൾ വഴികാട്ടുന്ന സംവിധാനമാണ് ജിപിഎസ് അഥവാ ഗ്ളോബൽ പൊസിഷനിങ് സിസ്റ്റം. ജിപിഎസ് അധിഷ്ഠിത മാപ് ആണ് വഴി അറിയാൻ ഉപയോഗിക്കുന്നതെങ്കിലും വാഹനം എവിടെയെന്നറിയാൻ മുതൽ കൊച്ചുകുട്ടികൾ വഴിതെറ്റിപ്പോയാൽ കണ്ടു പിടിക്കാൻ വരെ ഉപയോഗിക്കാവുന്ന ജിപിഎസ് ട്രാക്കർ, ജിപിഎസ് ലൊക്കേറ്റർ തുടങ്ങിയ ഉപകരണങ്ങളും ഇപ്പോൾ സുലഭം.

കുറഞ്ഞത് 4 ഉപഗ്രഹങ്ങളിൽ നിന്നുളള സിഗ്നലുകൾ സ്വീകരിച്ചാണ് വഴിയും സ്ഥാനവും ജിപിഎസ് കണ്ടെത്തുന്നത്. ഭൂമിയുടെ വിവിധ തലങ്ങളെ കേന്ദ്രീകരിച്ച് 24 ഉപഗ്രഹങ്ങളെങ്കിലും അവയുടെ ഭ്രമണപഥത്തിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു.

ഉപഗ്രഹങ്ങളുടെ പ്രവർത്തന മേൽനോട്ടവും ചെലവും ഒക്കെ വഹിക്കുന്നത് യുഎസ് എയർഫോഴ്സാണ്. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) ഉപയോഗിച്ചാണ് ഇത്തരത്തിൽ സ്ഥാനം കണ്ടെത്തുന്നത്. നമ്മുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളിലെ ഇലക്ട്രോണിക് റിസീവറുകൾ വഴിയാണിത് സാധ്യമാവുന്നത്. യുഎസിന്റെ നാവ്സ്റ്റാർ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനു പുറമേ റഷ്യയുടെ ഗ്ലോനസ്, യൂറോപ്യൻ യൂണിയന്റെ ഗലീലിയോ പൊസിഷനിങ്, ചൈനയുടെ ബിഡൗ നാവിഗേഷൻ സിസ്റ്റം തുടങ്ങിയവയും ഈ മേഖലയിലുണ്ട്.

ഗൂഗിൾ മാപ്

നമ്മൾ എവിടെയാണെന്ന് നമുക്ക് അറിയില്ലെങ്കിൽ ഗൂഗിൾ മാപ് പറഞ്ഞുതരും നമ്മൾ എവിടെയാണെന്ന്. അതായത് നമ്മുടെ ലൊക്കേഷൻ എവിടെ, നമുക്ക് എവിടേക്ക് പോകണം, ഏതൊക്കെ വഴികൾ, ദൂരം എത്ര, സമയം എത്ര, ഓരോ തരം വാഹനത്തിലും എത്ര സമയം എടുക്കും ഇവയെല്ലാം പറഞ്ഞുതരും ഗൂഗിൾ മാപ്. സൈക്കിളിൽ പോകാനും വാഹനമൊന്നുമില്ലെങ്കിൽ നടന്നു പോകാനും വഴി പറഞ്ഞുതരും. ഇംഗ്ലിഷ് വേണ്ടെങ്കിൽ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും വഴി പറഞ്ഞുതരും.

ജിപിഎസ് അധിഷ്ഠിതമായി ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് ഗൂഗിൾ മാപ്പാണ്. കൂടുതൽ കൃത്യതയ്ക്കായി ഇന്റർനെറ്റും ഉറപ്പാക്കാം. ഉപഗ്രഹ ചിത്രങ്ങളും വഴികളുടെ ചിത്രങ്ങളും ട്രാഫിക് കുരുക്കുണ്ടോ എന്നൊക്കെ പറഞ്ഞുതരും. 2 ദശലക്ഷത്തിലേറെ ആളുകളാണ് ഒരു ദിവസം ശരാശരി ഗൂഗിൾ മാപ് ഉപയോഗിക്കുന്നതെന്ന കണക്കിൽ നിന്നു തന്നെ ഇതിന്റെ സ്വീകാര്യത വ്യക്തമാണല്ലോ. സ്മാർട് ഫോൺ ഉപയോക്താക്കളിൽ 80 ശതമാനവും ഗൂഗിൾ മാപ് ഉപയോഗിക്കുന്നുണ്ട്.

ജിപിഎസ് ട്രാക്കർ

വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന ജിപിഎസ് ട്രാക്കറുകൾ ധാരാളം ഇപ്പോൾ ലഭ്യമാണ്. വാഹന മോഷണം തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വാഹന ദുരുപയോഗം തടയാനും ഇതു വഴി സാധിക്കും. വാഹനം എവിടെയാണെന്നറിയാനും എവിടെയൊക്കെ സഞ്ചരിച്ചു എന്നറിയാനും എളുപ്പത്തിൽ കഴിയും. ബസുകളിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുന്നതു വഴി ഓരോ സ്ഥലത്തും ബസ് എപ്പോൾ വരുമെന്നറിയാം. യാത്രക്കാർക്ക് ബസ് എവിടെയെത്തിയെന്നും അടുത്ത സ്റ്റോപ് ഏതെന്നും അറിയാം. ഓൺലൈൻ ടാക്സി സർവീസുകളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഹെവി പാസഞ്ചർ വാഹനങ്ങൾക്കും ഗുഡ്സ് വാഹനങ്ങൾക്കും ജിപിഎസ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്.

റിവേഴ്സ് ഗിയർ: കുട്ടിയെയും പട്ടിയെയും കണ്ടെത്താനും താക്കോൽകൂട്ടം കണ്ടെത്താനുമൊക്കെയ ജിപിഎസ് ട്രാക്കർ ഉപയോഗിക്കാം. പക്ഷേ നമ്മുടെ നാട്ടിൽ വണ്ടിയോടിക്കുമ്പോൾ മാപ് വഴി പറഞ്ഞുതന്നാലും മുന്നിൽ കനാലോ തോടോ മറ്റോ ഉണ്ടോ എന്ന് നോക്കി ഓടിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. ( രോ ദിവസവും വഴി അടച്ചു വക്കുന്നതും തിരിച്ചു വിടുന്നതും ഉപഗ്രഹത്തിനു പോലും കണ്ടെത്താവാത്ത വിധമാണല്ലോ!)

English Summary: Benefits of Using a GPS Navigator While Travelling

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA