ബ്രിട്ടീഷ് നാഷണല്‍ ഓവർസീസ് പാസ്‌പോര്‍ട്ട് ഇനി യാത്രാരേഖയല്ല: ഇന്ത്യക്കാരടക്കം വലയുന്നു

BN-(O)-passports
By estherpoon/shutterstock
SHARE

ബ്രിട്ടീഷ് നാഷണല്‍ ഓവർസീസ് പാസ്പോർട്ട് ഇനിമുതല്‍ അംഗീകൃത യാത്രാ രേഖയല്ലെന്ന് പ്രഖ്യാപിച്ച് ഹോങ്കോങ്ങ് സര്‍ക്കാര്‍. ഇന്ത്യക്കാര്‍, പാകിസ്ഥാനികൾ, നേപ്പാളികള്‍ തുടങ്ങി വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളാണ് പെട്ടെന്നുള്ള ഈ നടപടി മൂലം വലയുന്നത്.

ജനുവരി 31 മുതൽ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ ബ്രിട്ടീഷ് നാഷണല്‍ ഓവർസീസ് രേഖ ഉപയോഗിക്കാൻ കഴിയില്ലെന്നും താമസക്കാർക്ക് ഹോങ്കോങ് സ്പെഷൽ അഡ്മിനിസ്ട്രേറ്റീവ് റീജിയൻ (HKSAR) പാസ്‌പോർട്ട് അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ് ആവശ്യമാണെന്നും ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചിരുന്നു. ബ്രിട്ടീഷ് നാഷണല്‍ ഓവർസീസ് പദവിക്ക് അർഹരായ ഹോങ്കോങ്  നിവാസികൾക്ക് ലണ്ടൻ പൗരത്വം വാഗ്ദാനം ചെയ്യുന്നതിനെച്ചൊല്ലി ചൈനയും ബ്രിട്ടനും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ തുടര്‍ച്ചയായാണ് ഈ നീക്കം.

ചൈനീസ് ഇതര പൗരന്മാരായതിനാല്‍ വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എച്ച്കെഎസ്ആർ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബ്രിട്ടീഷ് നാഷണല്‍ ഓവർസീസ് പാസ്‌പോർട്ടുകളാണ് ഇവര്‍ യാത്രാരേഖയായി ഉപയോഗിക്കുന്നത്.

എച്ച്കെഎസ്ആർ പാസ്‌പോർട്ട് അപേക്ഷകർ തങ്ങളുടെ നിലവിലുള്ള ദേശീയത ഉപേക്ഷിക്കുകയും ഹോങ്കോങ്ങിൽ വേരുകളുണ്ടെന്ന് തെളിയിക്കുകയും പ്രാദേശിക കമ്മ്യൂണിറ്റിയിലേക്ക് സംഭാവന നൽകുകയും വേണം. എന്നാൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പലപ്പോഴും ഏകപക്ഷീയമായി അപേക്ഷകൾ നിരസിക്കുകയും വംശീയ ന്യൂനപക്ഷ വിഭാഗങ്ങളെ തഴയുകയും ചെയ്യുന്നതായി ഒരു പ്രമുഖ ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിയമപ്രകാരം,  എച്ച്കെഎസ്ആർ പാസ്‌പോർട്ട് ഇല്ലാത്ത താമസക്കാർ രാജ്യാന്തര യാത്രകൾ നടത്തുമ്പോള്‍ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വീസ ആവശ്യങ്ങൾക്കായുള്ള അധിക തിരിച്ചറിയല്‍ രേഖയ്ക്കായി അപേക്ഷിക്കേണ്ടതുണ്ട്. ഇതിനായി അഞ്ച് ദിവസമെടുക്കുമെന്നും വളരെ കുറച്ച് ആളുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂവെന്നുമാണ് സർക്കാർ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍, ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള ആയിരക്കണക്കിന് പേരാണ് ഈ നിയമം മൂലം ബുദ്ധിമുട്ടനുഭവിക്കുക. പുതിയ നിയമങ്ങളുടെ അവ്യക്തത മാത്രമല്ല, ഇമിഗ്രേഷൻ അധികാരികളുമായി ഇടപെടുമ്പോൾ വംശീയ ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വിവേചനവും വെല്ലുവിളിയാകും.

ബീജിങ് ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന്‍റെ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് നാഷണല്‍ ഓവർസീസ് പദവിക്ക് അർഹരായ 5.4 ദശലക്ഷം ഹോങ്കോങ്ങുകാർക്ക് പൗരത്വത്തിനുള്ള വഴിയൊരുക്കിക്കൊണ്ട് കഴിഞ്ഞ ജൂലൈയില്‍ ലണ്ടന്‍ പുതിയ വീസ അവതരിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി യാത്രാ തിരിച്ചറിയൽ രേഖകളായി പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് ബീജിങ് പ്രഖ്യാപിച്ചിരുന്നു.

English Summary:Rejection of British National Overseas passports leaves ethnic minority communities stranded in HK

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA