വിനോദസഞ്ചാരികൾ തേക്കടിയെ കയ്യൊഴിയുന്നോ? തേക്കടിക്ക് എന്താണ് സംഭവിക്കുന്നത് ?...

തേക്കടി ബോട്ട്ലാൻഡിങ്.    ചിത്രം∙ മനോരമ
തേക്കടി ബോട്ട്ലാൻഡിങ്. ചിത്രം∙ മനോരമ
SHARE

കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമാകുമ്പോൾ രാജ്യാന്തര പ്രസിദ്ധമായ തേക്കടി വിജനമാണ്. തേക്കടിയുടെ തിരിച്ചുവരവിന് എന്താണ് മാർഗം? ഇക്കാര്യത്തിൽ പഞ്ചായത്തും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും വിവിധ സർക്കാർ വകുപ്പുകളും കൂടിയാലോചിച്ച് പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ തേക്കടി ടൂറിസം ഭൂപടത്തിൽ നിന്നു പിന്തള്ളപ്പെടും

വിനോദസഞ്ചാരികൾ തേക്കടിയെ കയ്യൊഴിയുന്നോ? തേക്കടിക്ക് എന്താണ് സംഭവിക്കുന്നത് ? ടൂറിസം രംഗത്ത് ഇപ്പോൾ സജീവമായ ചർച്ചകളിലൊന്നാണിത്. പെരിയാർ വന്യജീവി സങ്കേതവും മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതിലൂടെ രൂപപ്പെട്ട തടാകവുമാണ് മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് തേക്കടിയെ വ്യത്യസ്തമാക്കുന്നത്. തേക്കടി സന്ദർശിക്കുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് കാനനഭംഗി ആസ്വദിച്ചുള്ള ബോട്ട് യാത്രയാണ്.

വനം വകുപ്പിന്റെ പൂർണമായ നിയന്ത്രണമുള്ളതിനാൽ തേക്കടിയിലെ വിനോദസഞ്ചാര മേഖലയുടെ ഉണർവിനു വനം വകുപ്പിന്റെ ഇടപെടലുകൾ നിർണായകമാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ ടൂറിസം പരിപാടികൾ പുനരാരംഭിച്ചപ്പോൾ ബോട്ട് ടിക്കറ്റ് ഉൾപ്പെടെ എല്ലാ നിരക്കുകളും വനം വകുപ്പ് 50 ശതമാനം വർധിപ്പിച്ചതാണ് തേക്കടിക്ക് അടുത്ത നാളിലേറ്റ ഏറ്റവും വലിയ പ്രഹരം. ചാർജ് വർധന താൽക്കാലികമാണെന്നും വൈകാതെ പിൻവലിക്കുമെന്നും പ്രഖ്യാപിച്ചാണ് വനം വകുപ്പ് ചാർജ് വർധിപ്പിച്ചത്. പക്ഷേ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ തുടച്ചയായി ആവശ്യപ്പെട്ടിട്ടും ചാർ‍ജ് വർധന പിൻവലിക്കുന്ന കാര്യത്തിൽ വനം വകുപ്പ് മൗനം തുടരുകയാണ്.

∙ ഇവർക്കും ജീവിക്കണം

തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ആയിരക്കണക്കിനാളുകളാണ് തൊഴിൽരഹിതരായി മാറിയത്. പലരും രൂക്ഷമായ കടക്കെണിയിലുമാണ്. തേക്കടി ടൂറിസത്തിന്റെ തിരിച്ചുവരവിന് മുൻകയ്യെടുക്കേണ്ട ടൂറിസം വകുപ്പും മൗനത്തിലാണ്. വനം വകുപ്പിന്റെ പദ്ധതികളല്ലാതെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികളൊന്നും ടൂറിസം വകുപ്പ് തേക്കടിയിൽ നടപ്പാക്കിയിട്ടില്ല.

തേക്കടി സന്ദർശനത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്ന പ്രധാന കാരണം ഇവിടെയുള്ള ഭാരിച്ച നിരക്കുകളാണ്. ഒരാൾ തേക്കടി സന്ദർശിക്കണമെങ്കിൽ പ്രവേശന ഫീസായി 70 രൂപയും ബസ് ടിക്കറ്റ് നിരക്കായ 30 രൂപയും മുടക്കണം. ബോട്ടിൽ യാത്ര ചെയ്യണമെങ്കിൽ 385 രൂപ നൽകണം. ഫലത്തിൽ തേക്കടിയുടെ ഭംഗി ആസ്വദിക്കണമെങ്കിൽ ഒരാൾ കുറഞ്ഞത് 485 രൂപ നൽകണം.

ബോട്ട് ടിക്കറ്റിന് ഉൾപ്പെടെ വനം വകുപ്പ് വർധിപ്പിച്ച ചാർജുകൾ പിൻവലിക്കണം. സൈക്കിൾ സവാരി ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിനോട് അനുബന്ധിച്ചാക്കണം. പാർക്കിങ് ഗ്രൗണ്ട് ചുറ്റി സൈക്കിൾ സവാരിക്ക് സൗകര്യമൊരുക്കണം. – ബാബു ഏലിയാസ്,  ചെയർമാൻ തേക്കടി ഡെസ്റ്റിനേഷൻ പ്രമോഷൻ കൗൺസിൽ.

തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് 2 ദിവസമെങ്കിലും ഇവിടെ ചെലവഴിക്കാൻ കഴിയുന്ന വിധത്തിൽ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കണം.വനം വകുപ്പിന്റെ നിലപാടുകളിൽ മാറ്റം വരുത്തണം. –  മജോ കാരിമുട്ടം മേഖല പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി.തേക്കടിയിലെ ബോട്ട് ടിക്കറ്റ് നിരക്ക് കുറയ്ക്കുകയും ടൂറിസ്റ്റ് പ്രോഗ്രാമുകളുടെ നിരക്ക് ഏകീകരിക്കുകയും ചെയ്യണം. നിയമപരമല്ലാതെയുള്ള കാൻവാസിങ് അവസാനിപ്പിക്കണം.  – രജനീഷ് സഹദേവൻ ഇന്റർനാഷണൽ ടൂറിസ്റ്റ് ഗൈഡ്.

English Summary: Thekkady Tourism

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA