മഞ്ഞിലുറച്ച നയാഗ്ര; ഈ പുതിയ മുഖം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്!

niagra1
Images Captured From Twitter Video
SHARE

ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് നയാഗ്ര. കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും ന്യൂയോർക്കിനുമിടയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്ന് രൂപം കൊള്ളുന്ന നയാഗ്ര വെള്ളച്ചാട്ടം ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇപ്പോഴാകട്ടെ , ഇവിടം സഞ്ചാരികളെ ആകര്‍ഷിക്കുന്നത് വ്യത്യസ്തമായ മറ്റൊരു കാഴ്ചയുമായാണ്; നുരയിട്ടലച്ച് താഴേക്ക് തുള്ളിച്ചാടിയെത്തുന്ന വെള്ളമല്ല, പകരം വെള്ളം തണുത്തുറഞ്ഞത്‌ മൂലം ഉണ്ടായ വെളുവെളുത്ത മഞ്ഞിന്‍ കട്ടകളാണ് നയാഗ്രയിലിപ്പോള്‍ കാണുന്ന കാഴ്ച!

ഈ പ്രദേശത്ത് താപനിലയില്‍ ഉണ്ടായ വന്‍ താഴ്ചയാണ് ഈ പ്രതിഭാസത്തിനു കാരണമായത്. പൂജ്യത്തിനു താഴയാണ് സമീപ പ്രദേശങ്ങളിലെ താപനില. 'വിന്‍റര്‍ വണ്ടര്‍ലാന്‍ഡ്' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഇവിടെ നിന്നുള്ള ദൃശ്യങ്ങള്‍ നിരവധി സഞ്ചാരികള്‍ പങ്കു വെച്ചിട്ടുണ്ട്. എന്നാല്‍ ജലം മുഴുവനും തണുത്ത് ഐസായി മാറിയിട്ടില്ല. കുറച്ചു ജലം ദ്രാവകാവസ്ഥയില്‍ തന്നെ ഇപ്പോഴും ഉണ്ട്. ഇത്രയും ജലം ഒരുമിച്ചു ഐസാവുക എന്നത് അപൂര്‍വ്വമാണെന്ന് വിദഗ്ധര്‍ പറയുന്നു.

മഞ്ഞു മൂടിയ നയാഗ്രയില്‍ മഴവില്ലുദിച്ച ഒരു ദൃശ്യം കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

മുന്‍പ്, 1938ലാണ് നയാഗ്രയില്‍ ജലം പൂര്‍ണ്ണമായും ഐസായി മാറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനു മുന്‍പേ 1848 ലും നയാഗ്രയില്‍ ഐസ് നിറഞ്ഞിരുന്നു. ഒരു നിശ്ചല ദൃശ്യം പോലെ കിടക്കുന്ന നയാഗ്ര കാണാന്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി സന്ദര്‍ശകരാണ്‌ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. 

അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർ‌ന്നതാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കയിൽ നിന്നും കാനഡയിലേക്കാണ് വെള്ളം ഒഴുകുന്നത് എന്നതിനാല്‍ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാവുക. ഓരോ മിനിറ്റിലും ആറ് ദശലക്ഷം ഘനയടി വെള്ളം ഇതിലൂടെ കടന്നുപോകുന്നു എന്നാണു കണക്ക്. അതുകൊണ്ടുതന്നെ, ലോകത്തിൽ ഏറ്റവും കൂടുതൽ‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതികളിൽ ഒന്നും ഇവിടെയുണ്ട്.

English Summary: Niagara Falls Freezes Viral Pics and Videos

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA