ADVERTISEMENT

വേനൽ കടുത്തതോടെ കാട്ടാനകൾ കൂട്ടത്തോടെ ആനക്കുളം പുഴയിൽ എത്തുന്നത് സഞ്ചാരികൾക്കും നാട്ടുകാർക്കും വേറിട്ട കാഴ്ച ഒരുക്കുന്നു. മലയാറ്റൂർ വനമേഖലയിൽ നിന്നാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്. ആനകൾക്ക് ഏറെ ഇഷ്ടപ്പെട്ട ഉപ്പുരസം കലർന്ന ഓരുവെള്ളമാണ് ഇവിടത്തെ പ്രത്യേകത. എന്നാൽ വർഷകാലത്ത് വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ആനകൾക്കു പുഴയിൽ ഇറങ്ങിനിൽക്കാൻ കഴിയാത്തതിനാൽ അപൂർവമായി മാത്രമാണ് ആനകൾ എത്തിയിരുന്നത്.

വേനൽക്കാലത്ത് പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കുറയും. ഇതോടെയാണ് ഓരുവെള്ളം തേടിയും കുളിക്കുന്നതിനുമായി ആനകൾ ഇവിടേക്ക് എത്തുന്നത്. വൈകുന്നേരങ്ങളിൽ എത്തുന്ന ആനകൾ പിറ്റേന്നു പുലരും വരെ ഇവിടെ തങ്ങാറുണ്ട്. പുഴയിൽ എത്തുന്ന ആനകളെ സഞ്ചാരികൾക്ക് വളരെ അടുത്തു നിന്നു കാണാൻ കഴിയും.

പ്രദേശവാസികൾക്കും ഇതു കൗതുകക്കാഴ്ചയാണ് നൽകുന്നതെങ്കിലും ഇടയ്ക്കിടെ ആനകൾ പുഴ മുറിച്ചു കടന്ന് ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത് ജനങ്ങളിൽ ഭീതി പടർത്തുന്നു. വനാന്തരങ്ങളിൽ തീറ്റ കുറഞ്ഞതാണ് ആനകൾ ജനവാസ മേഖലയിലേക്ക് എത്താൻ കാരണമായി വനം വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

പാതിവഴിയിൽ മുടങ്ങി വാച്ച് ടവർ നിർമാണം

ആനക്കുളത്ത് എത്തുന്ന കാട്ടാനകളെ ഭയമില്ലാതെ കാണാൻ ഒരു പതിറ്റാണ്ടു മുൻപ് വനം വകുപ്പ് നിർമാണം ആരംഭിച്ച വാച്ച് ടവറിന്റെ പണികളാണ് പാതിവഴിയിൽ മുടങ്ങിയത്. ഇതോടെ ഇവിടെ എത്തുന്ന വിദേശികളും സ്വദേശികളുമായ സഞ്ചാരികൾക്ക് ആനകളെ നിർഭയം കണ്ട് ആസ്വദിക്കാൻ ആകുന്നില്ല. 4 നിലകളുള്ള വാച്ച് ടവറിനായി 7 ലക്ഷം രൂപയാണ് അനുവദിച്ചത്.

തുടർന്ന് നിർമാണ ജോലികൾക്കു സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തിയെങ്കിലും ജോലികൾ തടസ്സപ്പെട്ടു കിടക്കുകയാണ്. വനം വകുപ്പ് ഇടപെട്ട് ടവറിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞാൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഇത് ഏറെ പ്രയോജനപ്പെടും.

English Summary: Anakulam Elephant View Point 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com