ADVERTISEMENT

ഒരു വര്‍ഷം മുഴുവന്‍ വീട്ടിലിരുന്നതിന്‍റെ സങ്കടം തീര്‍ക്കാന്‍ പലരും യാത്രകള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തുള്ള സ്ഥലങ്ങളിലേക്ക് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്രകൾ തുടങ്ങി കഴിഞ്ഞു. പെട്ടെന്ന് തീരുമാനിച്ച് പോകാതെ, അല്‍പം പ്ലാനിങ്ങോടെ കാര്യങ്ങള്‍ ചെയ്താല്‍ പോക്കറ്റ് കാലിയാകാതെ എല്ലായിടവും പോയി വരാം. വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ പണം ലാഭിക്കാനുള്ള ചില വഴികള്‍ അറിഞ്ഞോളൂ.

1. ടിക്കറ്റ് നിരക്കില്‍ ലാഭം കണ്ടെത്താം

വാരാന്ത്യത്തിലുള്ളതിനേക്കാള്‍ പൊതുവേ, വിമാന ടിക്കറ്റ് നിരക്ക് കുറവായിരിക്കും പ്രവൃത്തിദിനങ്ങളില്‍ എന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നുമില്ല. അതിനാല്‍ യാത്ര പോകാന്‍ തീരുമാനിച്ചാല്‍ ആ മാസത്തെ മുഴുവന്‍ ദിവസങ്ങളിലെയും ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കണം. ഇതിനായി ഗൂഗിള്‍ ഫ്ലൈറ്റ്സ്, സ്കൈ സ്കാനര്‍, ഹോപ്പര്‍ തുടങ്ങിയ സൈറ്റുകളുടെ സഹായം തേടാം. ഒരു പ്രത്യേക ദിവസം മാത്രമേ യാത്ര ചെയ്യുകയുള്ളൂ എന്ന് നിര്‍ബന്ധമില്ലെങ്കില്‍ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത ഏറെയാണ്‌. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിനങ്ങളില്‍ രാത്രിയില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് നിരക്ക് കുറവായി കാണാറുണ്ട്‌. ഇതും പരീക്ഷിക്കാവുന്നതാണ്.

2. പ്രാദേശിക വിമാനക്കമ്പനികളെ കൂടുതൽ ആശ്രയിക്കുക

ഇന്‍റര്‍നെറ്റില്‍ തിരയുമ്പോൾ പ്രാദേശിക കമ്പനികളുടെ വിമാനങ്ങള്‍ കാണാന്‍ പറ്റണമെന്നില്ല. അത്രയധികം പ്രചാരമില്ലാത്ത റൂട്ടുകളിലാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ഇങ്ങനെയുള്ള ഏതെങ്കിലും സ്ഥലത്തേക്കാണ് യാത്രയെങ്കില്‍ പ്രാദേശിക വിമാന സേവനങ്ങളെ കുറിച്ച് അന്വേഷിക്കണം. ഇത്തരം കമ്പനികള്‍ക്ക് മികച്ച ഇളവുകൾ ഉണ്ടാവാന്‍ സാധ്യത ഏറെയുണ്ട്.

3. വിമാനങ്ങള്‍ തിരയുമ്പോൾ ഇന്‍കോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് മോഡിലോ ഇടുക

ഗൂഗിളില്‍ ഒന്നിലേറെ തവണ ഒരേ റൂട്ടിലുള്ള വിമാന ടിക്കറ്റുകള്‍ നോക്കുമ്പോള്‍ ഓരോ തവണയും നിരക്ക് കൂടുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ? ബ്രൗസര്‍ കുക്കീസ്‌ ആണ് ഇതിനു പിന്നില്‍. ആവര്‍ത്തിച്ച് നോക്കുമ്പോൾ നിരക്ക് കൂടുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വിമാന ടിക്കറ്റുകളുടെ നിരക്ക് നോക്കാനായി വെറുതെ തിരയുകയാണെങ്കില്‍ ഇന്‍കോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് സെർച്ചിങ് മോഡില്‍ ഇട്ട ശേഷം മാത്രം തിരയാം.

4. ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറഞ്ഞ കറൻസിയിൽ പേയ്‌മെന്‍റ് നടത്തുക

പല യാത്രക്കാരും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഈ ഓപ്ഷൻ ഉപയോഗിക്കാറുണ്ട്. ഓരോ ആളും യാത്ര ചെയ്യുന്ന രാജ്യത്തിന്‍റെ കറൻസിയിൽ പണമടയ്ക്കാൻ മിക്ക എയർലൈനുകളും ആവശ്യപ്പെടാറുണ്ട്. അടുത്ത തവണ, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, ഇന്ത്യയേക്കാള്‍ മൂല്യം കുറഞ്ഞ മറ്റേതെങ്കിലും കറൻസിയിൽ പണമടയ്ക്കാൻ കഴിയുമോ എന്നു പരിശോധിക്കുക.

5. ടിക്കറ്റുകള്‍ മുൻ‌കൂട്ടി ബുക്ക് ചെയ്യുക 

നിങ്ങളുടെ യാത്രാ തീയതിയും ലക്ഷ്യസ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞാല്‍ ഫ്ലൈറ്റ് ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. പുറപ്പെടൽ തീയതിക്ക് അടുത്ത ദിവസങ്ങളിലാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ വിമാന ടിക്കറ്റ് നിരക്കുകൾ എന്തായാലും കൂടുതലായിരിക്കും. ഫ്ലൈറ്റ് ടിക്കറ്റുകൾ മുൻ‌കൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ പണം ലാഭിക്കാനും, ആ സമ്പാദ്യം യാത്രക്കിടയിലുള്ള മറ്റു ആസ്വാദ്യകരമായ അനുഭവങ്ങൾക്കായി ഉപയോഗിക്കാനും കഴിയും.

6. ഫെയര്‍ അലര്‍ട്ടുകള്‍ സെറ്റ് ചെയ്യുക

എയർലൈൻസ് വെബ്സൈറ്റുകള്‍ സന്ദർശിക്കുമ്പോൾ അവയില്‍ ഫെയര്‍ അലര്‍ട്ടുകള്‍ സെറ്റ് ചെയ്തുവയ്ക്കുക. ഇങ്ങനെ ചെയ്‌താല്‍ പ്രത്യേക ഓഫറുകൾ വരുമ്പോഴും ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ കുറയുമ്പോഴും മെയിലിലും ഫോണിലും അറിയിപ്പുകള്‍ വരും. വിവിധ തരത്തിലുള്ള ഇളവുകളെക്കുറിച്ച് അറിയുന്നതിന് ബജറ്റ് എയർലൈനുകളുടെ സമൂഹമാധ്യമ പേജുകൾ ഫോളോ ചെയ്യാവുന്നതാണ്.

7. ചിലവു കുറഞ്ഞ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ കണ്ടുപിടിക്കുക

യാത്ര ചെയ്യാൻ മനസ്സില്‍ ആഗ്രഹമുണ്ട്, എന്നാല്‍ പ്രത്യേക ലക്ഷ്യസ്ഥാനമൊന്നും മനസ്സിൽ ഇല്ല. അങ്ങനെയുള്ളവര്‍ക്ക് ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് ഫ്ലൈറ്റ് നിരക്കുകൾ കുറവെന്നു തിരക്കി കണ്ടെത്താം. സ്കൈസ്‌കാനർ ആപ്പാണ് ഇതിനേറ്റവും മികച്ചത്. പുറപ്പെടുന്ന സിറ്റിയുടെ പേര് മാത്രം കൊടുത്താല്‍ ലോകത്തെവിടെയും വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ലഭ്യമായ സ്ഥലങ്ങളുടെ ലിസ്റ്റ് മുതല്‍ മുകളിലേക്കുള്ളവ കാണാം. ബജറ്റ് അനുസരിച്ച് ഇവയില്‍ നിന്ന് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം.

8. ഫ്ലൈറ്റ് പോയിന്‍റുകള്‍ ഉപയോഗിക്കുക

ഫ്രീക്വന്‍റ് ഫ്ലയര്‍മാര്‍ക്ക് എയർലൈനുകളുടെ ലോയൽറ്റി പ്രോഗ്രാമിന്‍റെ ഭാഗമായുള്ള എയർ മൈൽ പോയിന്റുകൾ നല്‍കാറുണ്ട്. ഉദാഹരണത്തിന്, വിസ്താര എയർലൈൻസ് ഓരോ പറക്കലിനും ക്ലബ് വിസ്താര പോയിന്റുകള്‍ നല്‍കുന്നു. ഫ്ലൈറ്റ് നിരക്കുകൾ ബുക്ക് ചെയ്യുമ്പോള്‍ ഇവ ഉപയോഗിച്ചാല്‍ ഇളവുകൾ ലഭിക്കും.

9. വിമാനടിക്കറ്റുകള്‍ താരതമ്യം ചെയ്ത് വാങ്ങിക്കുക 

വിമാനക്കമ്പനികളിൽ നിന്നുള്ള കമ്മീഷന്‍ കൂടി കൂട്ടിയാണ് പല സെർച്ച് എൻജിനുകളും വിമാന നിരക്കുകള്‍ കാണിക്കുന്നത്. കുറഞ്ഞ ഫ്ലൈറ്റ് നിരക്കുകൾ കാണിക്കുന്ന ഗൂഗിള്‍ ഫ്ലൈറ്റ്സ്, സ്കൈസ്‌കാനർ, ജെറ്റ് റഡാർ, എയർഫെയർവാച്ച്ഡോഗ് എന്നിവ പോലുള്ള സെര്‍ച്ച് എൻജിനുകൾ ഉപയോഗിക്കാം. ഇവ ഓരോന്നും നോക്കി വ്യത്യസ്ത എയർലൈനുകളുടെ വിമാന നിരക്കുകൾ താരതമ്യം ചെയ്യുക. ശേഷം, അതില്‍ നിന്നും വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുക.

10. കണക്റ്റിങ്ങ് ഫ്ലൈറ്റുകള്‍ സ്വയം ബുക്ക് ചെയ്യുക 

യാത്രക്കിടെ ചിലപ്പോള്‍ വിമാനം മാറി കയറേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. വിമാനക്കമ്പനി ഓഫര്‍ ചെയ്യുന്ന യാത്രകള്‍ പരിഗണിക്കാതെ ഈ ഫ്ലൈറ്റുകള്‍ സ്വയം ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇതിനായി, എയർവാണ്ടർ വെബ്സൈറ്റ് ഉപയോഗിക്കാം. വിവിധ നിരക്കുകളുള്ള എയർലൈൻസ് ഓപ്ഷനുകളും റൂട്ടുകളും ഈ വെബ്സൈറ്റ് കാണിച്ചുതരും.

ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് കാരണം ചില വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം.

 

English Summary: 10 ways to Reduce Flight Ticket Cost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com