ADVERTISEMENT

കഴിഞ്ഞ വർഷം കൊറോണ വൈറസ് പ്രതിരോധ നടപടിയിൽ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ  ലോക്ഡൗൺ സമയത്ത് റദ്ദാക്കിയ ഫ്ളൈറ്റുകളുടെ ടിക്കറ്റ് തുക, യാത്രക്കാര്‍ക്ക് മടക്കിനൽകുന്നതിൽ എയർലൈൻ കമ്പനികൾ വീഴ്ച വരുത്തിയതിൽ അതൃപ്തി പ്രകടിപ്പിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം (MoCA). കഴിഞ്ഞ ബുധനാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

യോഗത്തില്‍ ക്രെഡിറ്റ് ഷെല്ലുകൾ റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറി എയർലൈൻ കമ്പനികളുമായി സംസാരിച്ചു. പണം തിരികെ നൽകാത്ത എയർലൈൻ കമ്പനികള്‍ അവ എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. റദ്ദാക്കിയ പി‌എൻ‌ആറുകള്‍ക്ക് ബുക്കിങ് തുക ക്രെഡിറ്റ് ആയി നല്‍കുന്ന സംവിധാനമായ ക്രെഡിറ്റ് ഷെൽ വഴിയാണ് ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് തിരികെ നല്‍കുന്നത്. ഇതിലുള്ള ക്രെഡിറ്റ് തുക ഭാവിയിലെ ബുക്കിങ്ങിനായി യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയും.

എല്ലാ ക്രെഡിറ്റ് ഷെല്ലുകളും റീഫണ്ട് ചെയ്തതായി ഗോ എയര്‍, ഇൻഡിഗോ എന്നീ വിമാനക്കമ്പനികള്‍ യോഗത്തില്‍ അറിയിച്ചു. ഉപയോക്താക്കൾക്ക് ഇതുവരെ 1,030 കോടി രൂപ തിരികെ നൽകിയതായി ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോ അറിയിച്ചു. 99.95 ശതമാനം ഉപഭോക്തൃ ക്രെഡിറ്റ് ഷെല്ലുകളും റീഫണ്ടുകളും പൂർത്തിയാക്കിയതായും ഇൻഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. 

ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് ഇതുവരെ യാത്രക്കാരുടെ ക്രെഡിറ്റ് ഷെല്ലുകൾ റീഫണ്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്കും ക്രെഡിറ്റ് ഷെല്ലുകളുടെ റീഫണ്ട് പൂര്‍ത്തിയാക്കാനായിട്ടില്ല. 5.25 ലക്ഷം യാത്രക്കാരുടെ ക്രെഡിറ്റ് ഷെല്ലുകളിലായി ഏകദേശം 2000 കോടി രൂപയാണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നല്‍കാനുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എയര്‍ ഏഷ്യ, വിസ്താര തുടങ്ങിയ കമ്പനികളുടെ കാര്യവും വ്യത്യസ്തമല്ല. 

2020 മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റ് തുകകള്‍ മടക്കിനൽകാൻ 2020 സെപ്റ്റംബറിൽ സുപ്രീംകോടതി വിമാനക്കമ്പനികളോട് നിർദ്ദേശിച്ചിരുന്നു. 2020 മാർച്ച് 25 മുതൽ 2020 ഏപ്രിൽ 14 വരെയുള്ള ആദ്യ ലോക്ഡൗൺ ഘട്ടത്തിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക ഉടൻ മടക്കിനൽകാൻ വിമാനക്കമ്പനികളോട് ഉത്തരവിട്ടുകൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഏപ്രിൽ 16 ന് പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൂടാതെ, 2021 മാർച്ച് 31 വരെ സാധുതയുള്ള ക്രെഡിറ്റ് ഷെൽ പദ്ധതിക്ക് സുപ്രീം കോടതി അംഗീകാരം നൽകുകയും ചെയ്തിരുന്നു.

English Summary: Refund Passengers who Cancelled Flights in 2020 Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com