ADVERTISEMENT

അടുത്തതായി എങ്ങോട്ടാണ് യാത്ര പോകേണ്ടത് എന്ന് ആലോചിക്കുമ്പോള്‍ പല വിഭാഗങ്ങളിലുള്ള സ്ഥലങ്ങള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്താറുണ്ട്. കാലാവസ്ഥ കൂടി കണക്കിലെടുത്താണ് അവസാന തീരുമാനത്തിലെത്തിച്ചേരുന്നതെങ്കിലും എല്ലാ കാലത്തും ഒരേ പോലെ ടൂറിസ്റ്റുകളുടെ ചോയ്സ് ആയി വരുന്ന ചില സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് താജ്മഹല്‍ കാണാന്‍ പോകണം എന്ന് ആലോചിക്കുമ്പോള്‍ അവിടെ മഴയാണോ വെയിലാണോ എന്നല്ല ആരും ആദ്യം ചിന്തിക്കുക, മറിച്ച് അതിന്‍റെ സാംസ്‌കാരിക മൂല്യമാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്നത്. സുഖവാസ കേന്ദ്രങ്ങളെ അപേക്ഷിച്ച്, ഇങ്ങനെ ചരിത്ര പാരമ്പര്യമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഋതുഭേദങ്ങള്‍ക്കതീതമായി, എല്ലാ കാലത്തും സഞ്ചാരികള്‍ എത്തിച്ചേരുന്നതിനു കാരണവും ഇതുതന്നെയാണ്.

heritage-site

വിവിധ രാജ്യങ്ങളുടെ ടൂറിസം വരുമാനം വര്‍ധിപ്പിക്കുന്നതില്‍ നിർണായകമായ പങ്കുവഹിക്കാന്‍ ശേഷിയുള്ള രണ്ടു ഘടകങ്ങളാണ് സാംസ്കാരിക ടൂറിസവും പൈതൃക ടൂറിസവും. യാത്ര പോകാനായി സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ ചരിത്രവും സംസ്കാരവും നോക്കാറുണ്ട് എന്ന് ഇതുസംബന്ധിച്ച് ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത 50% പേരും പറയുകയുണ്ടായി.

അതിവേഗം പുരോഗതി പ്രാപിക്കുന്ന മേഖലകളാണ് സാംസ്കാരിക ടൂറിസവും പൈതൃക ടൂറിസവുമെന്നും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ ഇവയുടെ മൂല്യം ഒരു ബില്യൺ ഡോളറിലധികം വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഏഷ്യാ പസഫിക് മേഖല മാത്രം എടുത്തു നോക്കിയാല്‍ ഇത്  ഏകദേശം 327 ദശലക്ഷം ഡോളറാണ്. അപെക് (APEC)രാജ്യങ്ങളിലെ 50 ദശലക്ഷത്തിലധികം തൊഴിലുകൾ ഈ മേഖലയില്‍ നിന്നാണ്. കൂടാതെ, ഇവയില്‍ നിന്നും പരോക്ഷമായി, ഒരു ബില്യൺ ഡോളര്‍ മൂല്യമുള്ള നേട്ടങ്ങളും 5 ദശലക്ഷം തൊഴിലവസരങ്ങളും വേറെയുമുണ്ട്.

സാംസ്കാരിക, പൈതൃക ടൂറിസകേന്ദ്രങ്ങള്‍ ഉയർന്ന വരുമാനമുള്ള വിനോദ സഞ്ചാരികളെയാണ് കൂടുതലും ആകർഷിക്കുന്നത് എന്നതും വസ്തുതയാണ്. ആഗോളതലത്തില്‍ ഇത് കണക്കാക്കാന്‍ പ്രയാസമാണെങ്കിലും, യുകെ, ന്യൂസിലാന്‍റ് , ഓസ്‌ട്രേലിയ, ഇന്ത്യ, മുതലായ വിവിധ വ്യക്തിഗത വിപണികളിൽ ടൂറിസത്തെക്കുറിച്ചുള്ള ലഭ്യമായ എല്ലാ സ്ഥിതിവിവരക്കണക്കുകളും ഇക്കാര്യം അടിവരയിടുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പലപ്പോഴും വിനോദ സഞ്ചാരികള്‍ പലപ്പോഴും കൂടുതൽ സമയം തങ്ങുകയും താരതമ്യേന കൂടുതൽ പണം ചെലവഴിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍, മറ്റിടങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകളെ അപേക്ഷിച്ച് പ്രതിദിനം 38% വരെ കൂടുതൽ പണം ചെലവഴിക്കുന്നു എന്നും മറ്റുള്ള സ്ഥലങ്ങളില്‍ ഉള്ളതിനേക്കാള്‍ 22% കൂടുതൽ സമയത്തേക്ക് ഇവിടങ്ങളില്‍ തങ്ങുന്നു എന്നും കണക്കുകള്‍ തെളിയിക്കുന്നു.

heritage-site-in-Mahabalipuram

മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍, ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വീണ്ടും സന്ദര്‍ശനം നടത്താനും ആളുകള്‍ കൂടുതല്‍ താൽപര്യം കാണിക്കുന്നു എന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കൾച്ചർ ആന്‍ഡ് ഹെറിറ്റേജ് വിസിറ്റേഴ്സിന്‍റെ ടൂറിസം ഡാറ്റ സൂചിപ്പിക്കുന്നു. 

ചരിത്രപരമായ കെട്ടിടങ്ങളും മറ്റ് ആകർഷണങ്ങളും, പുരാവസ്തു സൈറ്റുകൾ, സംസ്ഥാന, പ്രാദേശിക, ദേശീയ പാർക്കുകൾ; ആർട്ട് ഗാലറികൾ, മ്യൂസിയങ്ങൾ, കച്ചേരികൾ, നാടകങ്ങൾ, മ്യൂസിക്കല്‍സ്, വംശീയ, പാരിസ്ഥിതിക പ്രാധാന്യമുള്ള പൈതൃക സൈറ്റുകൾ തുടങ്ങിയവയാണ് സാംസ്കാരിക, പൈതൃക ടൂറിസം പരിധിയില്‍ വരുന്നത്. ഇത്തരം യാത്രകളില്‍ പുതിയതായി ഒരുപാടു കാര്യങ്ങള്‍ പഠിക്കാനാവും എന്നതാണ് ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ആവേശമുണര്‍ത്തുന്ന ഒരു കാര്യം.

യാത്രക്കാരിൽ ഭൂരിഭാഗവും ഇത്തരം സ്ഥലങ്ങളിലുള്ള പ്രാദേശിക മോട്ടലുകൾ, ഹോട്ടലുകൾ, ക്യാമ്പ് മൈതാനങ്ങളിൽ രാത്രി തങ്ങുന്നവരാണ്. അതാതിടങ്ങളിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാണ്. കുറച്ചു കൂടി വിശാലമായ ക്യാന്‍വാസില്‍ ഇക്കാര്യം വിശകലനം ചെയ്യുമ്പോള്‍, ചരിത്രപാരമ്പര്യ കേന്ദ്രങ്ങള്‍ ധാരാളമുള്ള ഒരു രാജ്യത്തിന്‍റെ മൊത്തം സമ്പദ്വ്യവസ്ഥയെ ഇത് എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാകും. എന്നാല്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്നു എന്നത് കൂടാതെ, ഇതുവഴി മറ്റു നേട്ടങ്ങളും ഉണ്ടാകുന്നുണ്ട്.

പൈതൃക ടൂറിസത്തിന്‍റെ നേട്ടങ്ങളെ പൊതുവില്‍ സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നിങ്ങനെ മൂന്നായി തിരിക്കാം. 

*സാമ്പത്തിക നേട്ടങ്ങള്‍*

* സമ്പദ്വ്യവസ്ഥയിലേക്ക് പണം ഇറക്കുകയും വിവിധ ബിസിനസുകളെ പരിപോഷിപ്പിക്കുകയും നികുതി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

* പുതിയ ജോലികൾ, ബിസിനസുകൾ, ഇവന്റുകൾ, ആകർഷണങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ സഹായിക്കുന്നു.

*ചെറുകിട ബിസിനസ്സുകളെ പിന്തുണയ്‌ക്കുന്നു.

*പ്രധാനപ്പെട്ട പ്രാദേശിക വിഭവങ്ങളുടെ സജീവ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നു

*പ്രാദേശിക കമ്മ്യൂണിറ്റികൾക്കിടയിലും അവയ്ക്കകത്തും സുപ്രധാന ബന്ധങ്ങൾ സൃഷ്ടിക്കുന്നു

*പുതിയ / നിലവിലുള്ള കമ്മ്യൂണിറ്റി സൗകര്യങ്ങളുടെ വികസനവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നു

*സാമൂഹിക നേട്ടങ്ങള്‍*

*സാമൂഹിക മൂലധനം നിർമ്മിക്കാൻ സഹായിക്കുന്നു

*പ്രാദേശിക പാരമ്പര്യങ്ങൾ, ആചാരങ്ങൾ, സംസ്കാരം എന്നിവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നു. കെട്ടിടങ്ങളെപ്പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന സാംസ്കാരിക പാരമ്പര്യത്തെയും യുനെസ്കോ ഇപ്പോൾ അംഗീകരിക്കുന്നുണ്ട്. ഇതിനുള്ള ഒരു വിപണിസംസ്കാരവും പൈതൃക ടൂറിസ അനുഭവങ്ങളും പാരമ്പര്യങ്ങളും സജീവമായി നിലനിർത്തുന്നതിനായി യുനെസ്കോ സാമ്പത്തിക പിന്തുണ നൽകുന്നു

*പോസിറ്റീവ് സ്വഭാവം പ്രോത്സാഹിപ്പിക്കുന്നു 

*കമ്മ്യൂണിറ്റിയുടെ പ്രതിച്ഛായയും അഭിമാനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു

*കമ്മ്യൂണിറ്റി സൗന്ദര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നു

*ആരോഗ്യകരവും ഉപയോഗപ്രദവുമായ കമ്മ്യൂണിറ്റി ബന്ധങ്ങൾക്കും പങ്കാളിത്തത്തിനും അവസരങ്ങൾ സൃഷ്ടിക്കുന്നു

*വിദ്യാർത്ഥികൾക്ക് ഗവേഷണം, വിദ്യാഭ്യാസം, ജോലിസ്ഥലത്ത് അവസരങ്ങൾ എന്നിവ നൽകുന്നു

*സാംസ്കാരിക കലകൾ, ചരിത്രം, സംരക്ഷണം എന്നിവയിലേക്ക് ആകർഷിക്കപ്പെടുന്ന പ്രദേശവാസികൾക്കും സന്ദർശകർക്കും ആസ്വാദ്യകരമായ അവസരങ്ങൾ സൃഷ്ടിക്കുന്നു

*ടൂറിസം സേവനങ്ങളെ പിന്തുണയ്ക്കുന്ന പൈതൃക വിഭവങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയിലേക്കുള്ള പ്രാദേശിക നിക്ഷേപം വർദ്ധിപ്പിക്കുന്നു 

*പാരിസ്ഥിതിക നേട്ടങ്ങൾ*

*സംരക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നു 

*ടൂറിസ്റ്റ് സൈറ്റ്, ആകർഷണം, ഓരോ പ്രദേശത്തിന്‍റെയും പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നു

*പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വിവിധ നിര്‍മ്മിതികളെയും സ്ഥലങ്ങളെയും ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളെക്കുറിച്ച് ബോധവാന്മാരായിരിക്കാന്‍ പ്രദേശവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്നു.

English Summary: Culture and Heritage Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com