കോവിഡ് ചതിച്ചു; ഡൽഹി - ലണ്ടൻ ബസ് ഇനി 2022ൽ

delhi-to-london-bus
SHARE

രണ്ടാം വരവിൽ നിയന്ത്രണമില്ലാതെ കുതിക്കുന്ന കൊറോണ വൈറസ് വ്യാപനവും അനുദിനം പെരുകുന്ന ‘കോവിഡ് 19’ രോഗികളുടെ എണ്ണവും ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയും തിരിച്ചടിയുമാവുകയാണ്. ആയിരക്കണക്കിനു ജീവൻ നഷ്ടമാവുന്നതിനു പുറമെ ആരോഗ്യ മേഖലയുടെ അസ്തിത്വത്തിനു തന്നെ ഭീഷണി ഉയർത്തുകയാണു കൊറോണ വൈറസിന്റെ പുതുവകഭേദങ്ങൾ. രോഗബാധ നിയന്ത്രിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങളും രാത്രികാല കർഫ്യുവും  നിരോധനാജ്ഞയുമെല്ലാം തുടരുകയാണ്. ഇന്ത്യയിലെ സ്ഥിതിഗതി വഷളായതോടെ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള യാത്രക്കാർക്കും വിവിധ ലോക രാജ്യങ്ങൾ വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. പല രാജ്യങ്ങളും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും പിൻവലിച്ചു. 

സാഹചര്യം തീർത്തും പ്രതികൂലമായതോടെ ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു പ്രഖ്യാപിച്ച ബസ് യാത്രയും അനിശ്ചിതത്വത്തിലായി.  കൊറോണ വൈറസ് വ്യാപനം മൂർധന്യത്തിലെത്തി നിൽക്കുന്നതിനിടയിൽ,  കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഗുരുഗ്രാം ആസ്ഥാനമായ അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന കമ്പനി ഭൂഖണ്ഡങ്ങൾ പിന്നിട്ടു  റോഡ് മാർഗമുള്ള യാത്ര എന്ന ആശയം അവതരിപ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയും വിവിധ രാജ്യങ്ങൾക്കിടയിലെ കരമാർഗമുള്ള അതിർത്തികൾ വിനോദ സഞ്ചാരികൾക്കായി തുറന്നു കിട്ടുകയും ‘കോവിഡ് 19’ പ്രതിരോധിക്കാനുള്ള വാക്സീൻ യാഥാർഥ്യമാവുകയുമൊക്കെ ചെയ്യുന്ന പക്ഷം 2021 മേയിൽ ഡൽഹി — ലണ്ടൻ ബസ് യാത്ര സാധ്യമാവുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.എന്നാൽ നിലവിലെ പ്രതികൂല സാഹചര്യം മുൻനിർത്തി ഡൽഹി — ലണ്ടൻ ബസ് യാത്രയുടെ ആദ്യ പതിപ്പ് 2022 ഏപ്രിലലേക്കു നീട്ടിവയ്ക്കുകയാണെന്ന് അഡ്വഞ്ചേഴ്സ് ഓവർലാൻ അറിയിച്ചു. യാത്രികരുടെയും ജീവനക്കാരുടെയും പങ്കാളികളുടെയുമൊക്കെ ആരോഗ്യവും സുരക്ഷയും സുപ്രധാനമാണെന്നു കമ്പനി അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ യാത്ര മാറ്റി വയ്ക്കുക മാത്രമാണ് പോംവഴിയെന്നും അധികൃതർ വ്യക്തമാക്കി. 

ആറു പതിറ്റാണ്ടിലേറെ കാലം മുമ്പ് 1957ൽ നടന്ന ലണ്ടൻ കൽക്കട്ട ബസ് യാത്രയെ പ്രചോദനവും മാർഗദീപവുമാക്കിയായിരുന്നു അഡ്വഞ്ചേഴ്സ് ഓവർലാൻഡ് പുതിയ സംരംഭത്തിനു പദ്ധതി തയാറാക്കിയത്. ഇക്കുറി ഡൽഹിയിൽ നിന്നു പുറപ്പെടുന്ന ബസ് ഇംഫാൽ വഴി മ്യാൻമാറിൽ പ്രവേശിക്കുമെന്നായിരുന്നു സംഘാടകരുടെ ആദ്യ പ്രഖ്യാപനം. അവിടെ നിന്നു തായ്ലൻഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ വഴി കസാക്ക്സ്ഥാനിലെത്തും. തുടർന്ന് റഷ്യയുടെ യൂറോപ്യൻ ഭാഗത്തു പ്രവേശിക്കുന്ന ബസ്, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപബ്ലിക്, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങൾ പിന്നിട്ട് ഇംഗ്ലീഷ് ചാനലും മറികടന്നാവും യു കെ തലസ്ഥാനമായ ലണ്ടനിലെത്തുക. ഡൽഹി — ലണ്ടൻ ബസ് യാത്ര പൂർത്തിയാക്കാൻ 70 ദിവസം വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ, മുഴുവൻ ദൂരം യാത്ര ചെയ്യുന്നതിനു പകരം വ്യത്യസ്ത ഘട്ടങ്ങളിലെ ഹ്രസ്വദൂര യാത്രകളിൽ പങ്കാളിയാവാനും അവസരം നൽകിയിരുന്നു; 12 മുതൽ 22 ദിവസം വരെ നീളുന്ന പാക്കേജുകളാണു പരിഗണനയിലുള്ളത്. 

ദിവസങ്ങൾ നീളുന്ന, ദീർഘദൂരയ്ക്കായി സുഖകരവും സൗകര്യപ്രദവുമായ ബസ്സാവും ലഭ്യമാക്കുകയെന്ന് അഡ്വഞ്ചേഴ്സ് ഓവർലാൻഡ് വ്യക്തമാക്കിയിരുന്നു. 

English Summary: Bus tour from Delhi to London

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA