ഇത്തവണ നടക്കുമോ നെഹ്‌റു ട്രോഫി വള്ളംകളി? ടൂറിസം മേഖലയും ആശങ്കയിൽ

Kaarichal-Chundan
പുതുക്കിപ്പണിത കാരിച്ചാൽ ചുണ്ടൻ കഴിഞ്ഞ വർഷം നീരണിഞ്ഞപ്പോൾ. പായിപ്പാട് ജലോത്സവം നടക്കുന്ന ദിനത്തിലായിരുന്നു നീരണിയൽ. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം പായിപ്പാട് ജലോത്സവം നടന്നില്ലെങ്കിലും നീരണിഞ്ഞ ചുണ്ടനിൽ ട്രാക്കിൽ മുഴുനീളം തുഴഞ്ഞതു ജലോത്സവ പ്രേമികളെ സന്തോഷിപ്പിച്ചു
SHARE

കോവിഡ് പ്രതിസന്ധി ഒഴിയുന്നില്ല; ആശങ്കയിൽ ടൂറിസം മേഖലയും ജലോത്സവ പ്രേമികളും. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ വർഷം ഒരു മത്സര വള്ളംകളി പോലും സംഘടിപ്പാക്കാൻ സാധിച്ചിരുന്നില്ല. ടൂറിസം മേഖലയിലെ ഉണർവിനൊപ്പം വള്ളംകളിയെ നെഞ്ചോടുചേർത്ത ആയിരക്കണക്കിനു ജലോത്സവ പ്രേമികളെ നിരാശരാക്കികൊണ്ടാണു കഴിഞ്ഞ വർഷം കടന്നുപോയത്. മത്സരങ്ങൾ നടക്കാത്തതുമൂലം വള്ളം ഉടമകളും ബോട്ട് ക്ലബ്ബുകളും സംഘാടകരുമാണു കടുത്ത പ്രതിസന്ധിയിലായത്. ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അടക്കമുള്ള മത്സര വള്ളംകളികൾക്കായി ടീമിനെ ഒരുക്കിയ പല ക്ലബുകളും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ക്ലബുകൾ പലതും പിരിച്ചുവിട്ടെങ്കിലും തങ്ങളുടെ ടീമംഗങ്ങളെ സ്വന്തം ടീമിൽ തന്നെ നിലനിർത്താനുള്ള ശ്രമങ്ങൾ പല ക്ലബുകളും നടത്തുന്നുണ്ട്. 

അടുത്ത സിബിഎൽ മത്സരത്തിനായി അർഹത നേടിയ ക്ലബുകളാണു കൂടുതൽ പ്രതിസന്ധിയിലായത്. ടീമംഗങ്ങളെ തിരഞ്ഞെടുക്കുകയും വള്ളങ്ങൾ ബുക്ക് ചെയ്യുകയും ചെയ്തശേഷമാണു മത്സരം നടക്കാത്ത സാഹചര്യമുണ്ടായത്. ഇതു വലിയ സാമ്പത്തിക ബാധ്യതയാണു പല ക്ലബുകൾക്കും വരുത്തിവച്ചത്. ഈ സീസണിൽ മത്സരങ്ങൾ പുനഃരാരംഭിച്ചില്ലെങ്കിൽ പല ക്ലബുകളുടെയും നിലനിൽപുതന്നെ പ്രതിസന്ധിയിലാകും.

പ്രഥമ സിബിഎൽ മത്സരത്തിൽ പങ്കെടുത്ത ക്ലബ്ബുകളിലെ അംഗങ്ങൾക്കു മത്സരം നടന്ന സീസണിൽ ഒരംഗത്തിനു കുറഞ്ഞത് 50,000 രൂപ മുതൽ മുകളിലോട്ടുള്ള വേതനം ലഭിച്ചിരുന്നു. കൂടാതെ വള്ളം ഉടമകൾക്കു കുറഞ്ഞതു 4 ലക്ഷത്തിനു മുകളിൽ വാടക ഇനത്തിലും വരുമാനം ലഭിച്ചിരുന്നു. കഴിഞ്ഞ സീസണിൽ വള്ളംകളി മേഖലയിൽ നിന്നു യാതൊരു വരുമാനവും ലഭിക്കാതിരുന്നതോടെ കുടുംബം പുലർത്താൻ പലരും തങ്ങളുടെ പഴയ തട്ടകങ്ങളിലേക്കു തിരികെ പോയിരുന്നു. വാടക നിലച്ചതും വള്ളംകളിയെ നെഞ്ചോടു ചേർത്തവർ നൽകിയിരുന്ന സംഭാവനകൾ നിലച്ചതോടെയും പല വള്ളങ്ങളുടെയും അറ്റകുറ്റപ്പണികൾ പോലും കാര്യമായി നടത്താൻ കഴിഞ്ഞ വർഷം സാധിച്ചിട്ടില്ല.

കരക്കാരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങൾ പിരിവെടുത്തും മറ്റും അറ്റകുറ്റപ്പണികൾ നടത്തി മത്സര സജ്ജമാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യ വ്യക്തികളുടെയും ക്ലബ്ബുകളുടെയും ഉടമസ്ഥതയിലുള്ള പല വള്ളങ്ങളും കാര്യമായ അറ്റകുറ്റപ്പണികൾ നടത്താൻ സാധിച്ചിട്ടില്ല. മത്സരങ്ങൾ നടക്കാതെ പോയതു ചെറുവള്ളങ്ങളെയാണു കൂടുതൽ പ്രതിസന്ധിയിലാക്കിയത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണു ബഹുഭൂരിപക്ഷം ചെറുവള്ളങ്ങളും. മത്സരം നടന്നിരുന്ന കാലയളവിൽ കുറഞ്ഞത് 2 ലക്ഷംരൂപ വരെ വാടക ഇനത്തിൽ ഓരോ വള്ളത്തിനും ലഭിച്ചിരുന്നു. മത്സരങ്ങൾ നടക്കാതായതോടെ വരുമാനം നിലച്ചതിനാൽ 2018 ലെ മഹാ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വള്ളങ്ങൾ പോലും അറ്റകുറ്റപ്പണികൾ നടത്താൻ പലർക്കും സാധിച്ചിട്ടില്ല.

സംഘാടകരുടെയും സ്ഥിതിയും വിഭിന്നമല്ല. പലരിൽ നിന്നു കടംവാങ്ങിയും മറ്റുമായിരുന്നു ഓരോ വർഷവും പല സ്ഥലങ്ങളിലും സംഘാടകർ മത്സരങ്ങൾ നടത്തിയിരുന്നത്. മത്സരം നടക്കുമ്പോൾ സ്പോൺസർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണു പല കടക്കാരെയും സംഘാടകർ പിടിച്ചു നിർത്തിയിരുന്നത്. മത്സരം നടക്കാതായതോടെ കടക്കാരോടു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണു സംഘാടകരും. ഈ വർഷവും മത്സരം നടത്താൻ സാധിച്ചില്ലെങ്കിൽ വള്ളം ഉടമകളെയും ക്ലബ്ബുകളെയും പോലും വിവിധ സ്ഥലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്ന സംഘാടകരും പ്രതിസന്ധിയിലാകും.

കഴിഞ്ഞ വർഷം നെഹ്റു ട്രോഫി മത്സരം നടക്കാതിരുന്നതുമൂലം വള്ളങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി എൻടിബിആർ സൊസൈറ്റിയും ടൂറിസം വകുപ്പും നൽകിയിരുന്ന ഗ്രാന്റുകൾ ഇത്തവണ ലഭിക്കാനുള്ള സാധ്യത വിരളമാണ്. സാധാരണയായി നെഹ്റു ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കാണു ഗ്രാൻഡ് നൽകിയിരുന്നത്. 2018 വരെ നടന്ന മത്സരത്തിൽ പങ്കെടുത്ത വള്ളങ്ങൾക്കു എൻടിബിആർ സൊസൈറ്റി ഗ്രാൻഡ് നൽകിയിട്ടുണ്ട്. ചുണ്ടൻവള്ളങ്ങൾക്കു 44,000 രൂപയും ചെറുവള്ളങ്ങളിൽ എ ഗ്രേഡിനു 27,000 രൂപയും ബി ഗ്രേഡിനു 17,500 രൂപയുമാണു ലഭിച്ചിരുന്നത്. 2019ൽ നെഹ്റുട്രോഫി മത്സരം നടന്നെങ്കിലും ഇതുവരെ ഗ്രാൻഡ് ലഭിച്ചിട്ടില്ല.

ജലോത്സവങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള ചമ്പക്കുളം മൂലം ജലോത്സവം ഇത്തവണ ജൂൺ 25ന് ആണു നടത്തേണ്ടത്. കോവിഡ് രൂക്ഷത നിലനിൽക്കുന്ന സാഹചര്യത്തിൽ മൂലം ജലോത്സവത്തിന്റെ നടത്തിപ്പിനായി ആലോചനാ യോഗം പോലും നടത്താൻ സാധിച്ചില്ല. കഴിഞ്ഞ വർഷം ഒരു ചുരുളൻ വള്ളത്തിൽ 10 പേരെ മാത്രം കയറ്റി ആചാരാനുഷ്ഠാനങ്ങൾ മാത്രം നടത്തിയാണു മൂലം കടന്നുപോയത്. വാക്സിനേഷൻ അടക്കമുള്ള നടപടികൾ മുന്നോട്ടുപോകുന്നതിനാൽ കോവിഡ് പ്രതിസന്ധികൾ പരിഹരിച്ചു ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയ്ക്കു പകരം സെപ്റ്റംബറിലോ ഒക്ടോബറിലോ നെഹ്റുട്രോഫി മത്സരവും തുടർന്നു മറ്റു മത്സര വള്ളകളികളും നടക്കുമെന്ന പ്രതീക്ഷയിലാണു ജലോത്സവ പ്രേമികളും സംഘാടകരും.

English Summary: Covid-19 Casts a Shadow Over Boat Races

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA