ADVERTISEMENT

വടക്കൻ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കേബിൾ കാർ തകർന്നു വീണു പതിമൂന്നു പേർ മരണമടഞ്ഞ വാർത്ത ഏറെ ദുഖകരമായിരുന്നു. വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച് ഇത്തരം വാർത്തകൾ ആശങ്കാജനകമാണ്. സുരക്ഷാമുൻകരുതലുകളോടെ ആയിരിക്കും കേബിൾ കാറുകൾ പോലുള്ളവ പ്രവർത്തിക്കുന്നതെങ്കിലും ചില ചെറിയ വീഴ്ചകൾ വലിയ അപകടങ്ങൾക്കും അതുവഴി സന്ദർശകരുടെ ജീവനഷ്ടത്തിനും വഴിവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും വലുതെന്നു പറയാൻ കഴിയുന്ന ഒന്നാണ് 155 പേരുടെ മരണത്തിനിടയാക്കിയ ഓസ്ട്രിയയിലെ  കാപ്രൺ ദുരന്തം. കേബിൾ കാർ യാത്ര ആയിരുന്നില്ല അത്, 170 പേരെയും വഹിച്ചുകൊണ്ട് യാത്ര ചെയ്ത സ്കീ ട്രെയിനാണ് ദുരന്തത്തിൽപ്പെട്ടത്.

ഇരുപതു വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 2000 നവംബർ പതിനൊന്നാം തീയതി 170 സ്കീയേഴ്സും സ്നോബോർഡേഴ്സുമായി ബേസ് സ്റ്റേഷൻ ആയ കാപ്രണിൽ നിന്നും 2452 മീറ്റർ ഉയരത്തിലേയ്ക്കു സ്കീ ട്രെയിൻ യാത്ര ആരംഭിച്ചു. കിറ്റ്‌സ്സ്റ്റെയിൻഹോൺ എന്ന മഞ്ഞുമലയുടെ മുകളിലേക്കായിരുന്നു യാത്ര. 1974 ലാണ് ഈ സ്കീ ട്രെയിൻ ഉൽഘാടനം കഴിഞ്ഞു പ്രവർത്തനം ആരംഭിച്ചത്. ലോകത്തിലെ തന്നെ ആദ്യത്തെ ഭൂഗർഭ കമ്പിതീവണ്ടിയായിരുന്നു ഇത്.

യാത്ര ആരംഭിച്ചു, തുരങ്കത്തിലൂടെ 600 മീറ്റർ പിന്നിട്ടപ്പോഴാണ് ട്രെയിനിന്റെ പിൻഭാഗത്തു തീ പിടിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. യാത്രക്കാരിലൊരാൾ സ്കീ പോൾ ഉപയോഗിച്ച് തകർത്ത ജനലിലൂടെ പതിനെട്ടു പേർ പുറത്തേയ്ക്കു ചാടി രക്ഷപ്പെട്ടു. ബാക്കിയുള്ളവരിൽ ഒരാൾക്കുപോലും ആ അഗ്നിയെ അതിജീവിക്കാൻ കഴിഞ്ഞില്ല. വലിയൊരു ദുരന്തത്തിനു ആ തുരങ്കവും ട്രെയിനും സാക്ഷിയാവുകയായിരുന്നു. ഓസ്ട്രിയയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിൽ ഒന്നായിരുന്നുവത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രിയൻ ചാൻസലർ രാജ്യം മുഴുവൻ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 155 പേരാണ് അപകടത്തിൽ മരണമടഞ്ഞത്. അതിൽ 37 പേർ ജർമനിയിൽ നിന്നുള്ളവരായിരുന്നു. അന്വേഷണത്തിൽ ദുരന്തത്തിന്റെ കാരണമായി കണ്ടെത്തിയത് ട്രെയിനിന്റെ പിന്ഭാഗത്തുള്ള ഹീറ്റർ ശരിയായി പ്രവർത്തിക്കാതിരുന്നതാണ്. അതിൽ നിന്നും  പുറത്തേയ്ക്കു ഒഴുകിയ ഓയിലിൽ തീപിടിക്കുകയും ട്രെയിനിന്റെ നിലത്തു വിരിച്ചിരുന്ന പ്ലാസ്റ്റിക്കിലേക്കു തീ ആളിപടരുകയുമായിരുന്നു. അന്വേഷണത്തിൽ ചുമതലപ്പെട്ടവർ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംശയിക്കപ്പെട്ട 16 പേർക്കെതിരെ അന്വേഷണത്തിനു ഉത്തരവിട്ടു. അതിൽ മേലുദ്യോഗസ്ഥർ മുതൽ ടെക്‌നിഷ്യൻമാർ വരെ ഉൾപ്പെടുന്നു. 

ദുരന്തത്തിനു ശേഷം പിന്നീട് ഒരിക്കൽ പോലും ആ പാത തുറന്നില്ല. സ്കീ ട്രെയിനു പകരമായി ഗൊണ്ടോള ലിഫ്റ്റ് നിലവിൽ വരുകയും ചെയ്തു.  2014 ൽ അപകടം നടന്ന തുരങ്കവും റെയിൽ ട്രാക്കും സ്റ്റേഷനുകളും നശിപ്പിച്ചു കളഞ്ഞു.  സ്കീ ട്രെയിനിനു പകരമായി കേബിൾ കാറുകൾ നിലവിൽ വന്നു. സ്കീയേഴ്സും വിനോദസഞ്ചാരികളും ആൽപൈൻ സെന്ററിൽ എത്താൻ ഇപ്പോൾ കേബിൾ കാറുകളെയാണ് ആശ്രയിക്കുന്നത്.

English Summary: Kaprun disaster Austria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com