ADVERTISEMENT

സഞ്ചാരികളുടെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന മാലദ്വീപിൽ ഒരു സ്വകാര്യ ദ്വീപ് സ്വന്തമാക്കണമെന്നുണ്ടോ? എങ്കിൽ തയാറായിക്കോളൂ. മാലദ്വീപ് സർക്കാർ 16 ദ്വീപുകൾ 50 വർഷത്തെ പാട്ടത്തിന് ലേലം ചെയ്യാനൊരുങ്ങുന്നു. ഉടനടി വാങ്ങാമെന്നു കരുതേണ്ട, കർശനമായ നിബന്ധനകളോടുകൂടിയാണ് ഈ പറുദീസയിലെ ദ്വീപുകൾ വിൽപനയ്ക്ക് തയാറാക്കിയിരിക്കുന്നത്. ദ്വീപ് വാങ്ങുന്നവർ അവിടെ ഒരു റിസോർട്ട് നിർമിക്കുവാനും തയാറാവാണം.

ടൂറിസം പ്രധാന വരുമാന മാർഗമായ മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയിൽ കൊറോണ ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. രാജ്യത്തിന്റെ നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാരിന്റെ ഇൗ പുതിയ നടപടി. ലേലം വിജയിക്കുന്നവർക്ക് ഏതൊരു പ്രോജക്ടിന്റെയും നിർമാണം ആരംഭിക്കാൻ 36 മാസം കാലാവധിയുണ്ട്. മാത്രമല്ല അഞ്ച് വർഷത്തെ റസിഡന്റ് വീസയും ലഭിക്കും.

നിബന്ധനകൾ ഇങ്ങനെ

ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ നിർമാണ സമയത്ത് മരങ്ങൾ വെട്ടിമാറ്റാനോ മറ്റും സാധിക്കുകയില്ല. ഒരു മരം വെട്ടിയാൽ രണ്ടെണ്ണം അതിന്റെ സ്ഥലത്ത് നടണം എന്ന നിബന്ധനയും ബാധകമാണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിന് സസ്യജാലങ്ങളിൽ നിന്ന് മാറി അഞ്ച് മീറ്റർ അല്ലെങ്കിൽ 16 അടി ചുറ്റളവിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കണം. കൂടുതൽ വിവരങ്ങൾക്ക് ടൂറിസം മന്ത്രാലയവുമായി ബന്ധപ്പെടാം.(planning@tourism.gov.mv)

രാജ്യാന്തര വിമാനത്താവളം സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ മാലെയ്‌ക്ക് സമീപം മീമു അറ്റോളും,42 ഏക്കറിലുള്ള താ അറ്റോളിലെ ക്ലസ്റ്ററും ഈ വില്പനക്കുള്ള ദ്വീപുകളിൽ ഉൾപ്പെടുന്നു. മനോഹരമായ ബീച്ചുകളോടുകൂടിയ ദ്വീപുകളെല്ലാം പ്രകൃതിയുടെ സുന്ദര കാഴ്ചകൾ നിറഞ്ഞതും കടലിന്റെ ആഴങ്ങൾ അടുത്തറിയാൻ സാധിക്കുന്നവയുമാണ്.

English Summary: Maldives Private Island Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com