ADVERTISEMENT

ഒരുപാട് പ്ലാൻ ചെയ്ത്, ഒത്തിരി യാത്ര ചെയ്ത് എവിടെയെങ്കിലും എത്തുമ്പോൾ പൂരത്തിന്റെ ആളെക്കണ്ടു ഞെട്ടിയിട്ടുണ്ടോ? റോഡിൽ മുന്നോട്ടു നീങ്ങാൻ സ്ഥലമില്ല, വണ്ടി പാർക്ക് ചെയ്യാനിടമില്ല, പാർക്കി‍ൽ നിന്നുതിരിയാൻ തരമില്ല, ഹോട്ടലിൽ ഇരിക്കാൻ സീറ്റില്ല, ശുചിമുറിയിൽ വൃത്തിയില്ല... ഒരു സ്ഥലത്തിനു താങ്ങാവുന്നതിലുമേറെ യാത്രക്കാർ എത്തുന്നതിനെ പറയുന്നതെന്തെന്നോ? ഓവർ ടൂറിസം. കോവിഡ് അടങ്ങി വീണ്ടും യാത്രകൾ സജീവമായാൽ വിനോദസഞ്ചാരമേഖല നേരിടാൻ പോകുന്ന വലിയ വെല്ലുവിളി ഓവർ ടൂറിസം ആയിരിക്കുമെന്നാണു വിലയിരുത്തൽ. യാത്രാനിയന്ത്രണങ്ങളിൽ ഇളവു വരുന്നതോടെ ആഭ്യന്തര – രാജ്യാന്തര യാത്രകൾ മുൻപില്ലാത്തവിധം വർധിക്കുമത്രേ.

∙ ആളുകൂടിയാൽ... 

‘അധികമായാൽ അമൃതും വിഷം’ എന്ന പഴഞ്ചൊല്ലു പോലെയാണ് ടൂറിസത്തെ സംബന്ധിച്ച് ആൾക്കൂട്ടവും. സഞ്ചാരികൾ ഒരുപാടങ്ങു കൂടിയാൽ ഗുണത്തെക്കാൾ ദോഷമാകും ഫലം. 1950ൽ രാജ്യാന്തര ടൂറിസ്റ്റുകൾ രണ്ടരക്കോടി ആയിരുന്നെങ്കിൽ 2017ൽ ഇത് 130 കോടി ആയെന്നാണു യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്ക്. രാജ്യാന്തരയാത്രകൾ ഇന്ന് അദ്ഭുതമല്ലാതായി. ഇതിനൊപ്പം നഗരവൽക്കരണവും ജനസംഖ്യാ വർധനയും കൂടിയായതോടെ ലോകത്തെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങളിലേക്കെല്ലാം സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. 

∙ ഓവർ ഓവർ 

ആൾക്കൂട്ടം (ഓവർ ക്രൗഡ്) ഉണ്ടാകുന്നതാണോ ഓവർ ടൂറിസം? അല്ലെന്നു നിസ്സംശയം പറയാം. അവധിദിനങ്ങളിൽ അമ്യൂസ്മെന്റ് പാർക്കുകളിൽ തിരക്കേറുന്നതു കാണാറില്ലേ? ഇത് ഓവർ ടൂറിസമല്ല. ചില ദിവസങ്ങളിൽ മാത്രമുള്ളതാണ് ഇത്തരം തിക്കിത്തിരക്ക്. എന്നാൽ, വിനോദസഞ്ചാരകേന്ദ്രങ്ങളെ ചവറുകൂനകളും ജലസ്രോതസ്സുകളെ മാലിന്യവാഹിനിയുമാക്കുന്ന തരത്തിൽ തുടർച്ചയായി ആൾക്കൂട്ടം ഇരച്ചെത്തുന്നെങ്കിൽ അതാണ് ഓവർ ടൂറിസം. 

പുഴകളും തോടുകളുമൊക്കെ മലിനമായതോടെ, വീട്ടാവശ്യത്തിനുള്ള വെള്ളം കാശു കൊടുത്തു വാങ്ങേണ്ടി വരുന്നതൊക്കെ ഓവർ ടൂറിസത്തിന്റെ ദോഷഫലമാണ്. പുറമേ നിന്നെത്തുന്നവർ കാരണം പ്രദേശവാസികളുടെ സ്വൈരജീവിതം തടസ്സപ്പെടുന്നതും സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടാകുന്നതുമൊക്കെ കാണാനാകും. പ്രദേശത്തിന്റെ സാംസ്കാരികത്തനിമയെത്തന്നെ നശിപ്പിക്കുന്നതിലേക്കും ഇതു ചെന്നെത്താറുണ്ട്. 

ഇത്തരം കേന്ദ്രങ്ങളിൽ സാധാരണ സഞ്ചാരികൾക്കു താങ്ങാവുന്നതിലും അധികമാകും മുറിവാടകയും മറ്റു ചെലവുകളും. വീട്ടുവാടക മാനംതൊടുന്നതോടെ നാട്ടുകാർപോലും നഗരത്തിനു പുറത്തേക്കു നീങ്ങേണ്ടി വരുന്നു. 

∙ പരിഹാരമെന്ത്? 

യാത്രകൾ ഒഴിവാക്കുകയല്ല ഓവർ ടൂറിസത്തിനു പരിഹാരം. പകരം, കുറെ സഞ്ചാരികളെങ്കിലും പീക്ക് സീസൺ ഒഴിവാക്കി ഓഫ് സീസണുകളിൽ യാത്രയ്ക്കു തയാറായാൽ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാനാകും. ഓഫ് സീസണിൽ കുറഞ്ഞ ചെലവിൽ ഹോട്ടൽ മുറികളും മറ്റു സേവനങ്ങളും ലഭിക്കുകയും ചെയ്യും. പീക്ക് സീസണിൽ മാത്രം പ്രദേശവാസികൾക്കും ബിസിനസുകാർക്കും വരുമാനം ലഭിക്കുകയും ബാക്കി സമയം വെറുതേ ഇരിക്കുകയും ചെയ്യുന്നതിനും പരിഹാരമാകും. 

പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുക, മാലിന്യം വലിച്ചെറിയാതിരിക്കുക തുടങ്ങി വിവേകപൂർവമുള്ള ഇടപെടൽ സഞ്ചാരികളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതും ആവശ്യം. തിരക്കേറിയ പ്രീമിയം ലൊക്കേഷനുകളിൽത്തന്നെ താമസിക്കണമെന്നു വാശി പിടിക്കാതെ സമീപ സ്ഥലങ്ങളിലേക്കു മാറാനും സഞ്ചാരികളും തയാറാകണം. 

English Summary: Overtourism After the Covid-19 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com