ADVERTISEMENT

സാഹസികത നിറഞ്ഞ യാത്രയും വിനോദങ്ങളും യാത്രാപ്രേമികൾക്ക് എന്നും പ്രിയമാണ്. ഉയരമുള്ള പര്‍വതപ്രദേശങ്ങളിലും കടലിനും കായലിനും മുകളിലുമൊക്കെ ഊഞ്ഞാലുകള്‍ കെട്ടി ആടുന്നത് ഇപ്പോള്‍ ഒരു സാഹസിക വിനോദമാണ്‌. ഇത്തരം വിനോദങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ആരും ചിന്തിക്കാറില്ല. പലപ്പോഴും അപ്രതീക്ഷിതമായി അപകടങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരമൊരു ദുരനുഭവമാണ് കഴിഞ്ഞ ദിവസം റഷ്യയിലെ സുലാക് പര്‍വതപ്രദേശത്ത് നടന്നത്.

6,300 അടി ഉയരത്തില്‍ സ്ഥാപിച്ച ഊഞ്ഞാലില്‍ ആടിയ രണ്ടു യുവതികള്‍ ആടിക്കൊണ്ടിരിക്കെ, ഊഞ്ഞാല്‍ പൊട്ടി ഇരുവരും മലയിടുക്കിലേക്ക് തെറിച്ചു വീണു. ഊഞ്ഞാലിന്‍റെ ഒരു വശത്തെ ചങ്ങല പൊട്ടിയാണ് അപകടം ഉണ്ടായത്. ഇതിന്‍റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ  വൈറലാണ്.

ചങ്ങല പൊട്ടിയപ്പോള്‍ ഊഞ്ഞാല്‍ പൂര്‍ണമായും ഒരു വശത്തേക്ക് ചെരിഞ്ഞു. യുവതികള്‍ക്ക് യാതൊരു വിധത്തിലുള്ള സുരക്ഷാ മുൻകരുതലുകളും എടുത്തിരുന്നില്ല. ഇരുവരും ഉയരത്തിൽ നിന്നും താഴേക്ക് വീണു. ഭാഗ്യവശാല്‍, താഴെ സ്ഥാപിച്ച മരം കൊണ്ടുള്ള പ്ലാറ്റ്ഫോമിലേക്ക് വീണതിനാല്‍ ജീവന് അപകടം ഉണ്ടായില്ല. നിസാര പരിക്കുകളേറ്റ യുവതികളെ ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ വന്നു കൂട്ടിക്കൊണ്ടുപോയി. 

ഈ ഊഞ്ഞാലാട്ടം സംഘടിപ്പിച്ചവര്‍ യാതൊരുവിധ സുരക്ഷാചട്ടങ്ങളും പാലിച്ചില്ലെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രാദേശിക ഭരണാധികാരികള്‍ മാധ്യമങ്ങളെ അറിയിച്ചു. ഇനി ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും താഴ്ചയേറിയ മലയിടുക്കുകളാണ് സുലാക് പര്‍വ്വതപ്രദേശത്തുള്ളത്. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട അനേകം ജീവജാലങ്ങളുടെ ആവാസസ്ഥാനം കൂടിയാണ് ഇവിടം. വംശനാശം നേരിടുന്ന ഗ്രിഫോണ്‍, ബ്ലാക്ക് വിഭാഗത്തില്‍പ്പെട്ട കഴുകന്മാര്‍ ഇവിടെയാണ്‌ ഉള്ളത്. സുലാക് നദിയുടെ താഴ്വരയിലുള്ള ഡാഗെസ്ഥാന്‍റെ മധ്യമേഖലയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം, വര്‍ഷംതോറും ആയിരക്കണക്കിനു വിദേശസഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

English Summary: Terrifying moment two women fall off a swing on the edge of a 6,300ft precipice in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com