ADVERTISEMENT

കോവിഡ് നിയന്ത്രണങ്ങളിൽ ചെറിയൊരു ഇളവു ലഭിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു സഞ്ചാരികളുടെ ഒഴുക്ക്. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതിനു ശേഷമുള്ള വലിയ തിരക്കാണു കഴിഞ്ഞ 2 ദിവസം അനുഭവപ്പെട്ടത്. മൂന്നാർ, തേക്കടി, രാമക്കൽമേട്, വാഗമൺ, മറയൂർ, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആയിരക്കണക്കിനു പേരെത്തി. തിരുവോണ ദിവസം സഞ്ചാരികൾ കുറവായിരുന്നെങ്കിലും ഞായർ തിരക്ക് ഇരട്ടിയായി.

ഇന്നലെയും തിരക്കു തുടരുകയാണ്. വിദേശികളും ഇതര സംസ്ഥാനക്കാരും എത്തിയെങ്കിലും മലയാളികളാണ് ഏറെയും. പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കോവിഡ് ആശങ്കയുണ്ടെങ്കിലും ഏറെ നാളുകൾക്കു ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഉണർവ് അനുബന്ധ മേഖലകളും പ്രതീക്ഷയോടെയാണു കാണുന്നത്.

തണുപ്പിലും ചൂടുപിടിച്ച് മൂന്നാർ

കോവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷം ആദ്യമായി മൂന്നാറിലെ ഹോട്ടലുകളും ലോഡ്ജുകളും സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു.ഓണാവധി പ്രമാണിച്ച് ഒരാഴ്ചയായി സഞ്ചാരികളുടെ എണ്ണം കൂടിക്കൂടി വന്നെങ്കിലും ഓണപ്പിറ്റേന്ന് ഒഴുക്ക് തന്നെയായിരുന്നു. ഒട്ടേറെപ്പേർ താമസസൗകര്യം കിട്ടാതെ മടങ്ങി. ഒന്നര വർഷത്തിനു ശേഷം ആദ്യമായി വ്യാപാര മേഖലയും സജീവമായി.

idukki-vehicles-parked-image-845-440
തേക്കടി സന്ദർശനത്തിന് എത്തിയവരുടെ വാഹനങ്ങൾ ആനവച്ചാൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നു

ഞായറാഴ്ച മാട്ടുപ്പെട്ടി, ഇരവികുളം റോഡുകളിൽ സന്ദർശക വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. മഴ ഇല്ലാത്തതും തിരക്കു കൂടാൻ കാരണമായി. മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിനു വൻ തിരക്കായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചതിനാൽ 1500 പേർക്കാണ് അവസരം ലഭിച്ചത്. ഇരവികുളം ദേശീയോദ്യാനത്തിൽ 2778 പേരെത്തി.

തിരക്കേറി മറയൂരും കാന്തല്ലൂരും

മറയൂരിലെ ശർക്കര നിർമാണം, ‌മുനിയറകൾ, ചന്ദനക്കാട്, ചിൽഡ്രൻസ് പാർക്ക്, ഇരച്ചിൽപാറ വെള്ളച്ചാട്ടം, ചിന്നാർ വന്യജീവി സങ്കേതം, തൂവാനം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ ആപ്പിൾ തോട്ടം, മറ്റു പഴം - പച്ചക്കറി തോട്ടങ്ങൾ, കീഴാന്തുരിലെ കച്ചാരം വെള്ളച്ചാട്ടം എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളെത്തി. 3 ദിവസമായി പ്രദേശത്തെ എല്ലാ ഹോം സ്റ്റേകളും റിസോർട്ടുകളും നിറഞ്ഞു. ഹോട്ടലുകളിലും തിരക്കുണ്ടായിരുന്നു.

idukki-marayoor-jaggery-making-image-845-440
മറയൂർ ശർക്കര നിർമാണശാല കാണുന്നവർ

രാമക്കൽമേട്ടിൽ സ്റ്റാർട്ട് ടൂറിസം, ആക്‌ഷൻ

തമിഴ് സിനിമയുടെ ഷൂട്ടിങ്ങോടെ രാമക്കൽമേട്ട് സീസണു തുടക്കം. ഇല്ലിക്കാട്ടിലാണു ഷൂട്ടിങ്. കുറവൻകുറത്തി ശിൽപം, മലമുഴക്കിവേഴമ്പൽ ശിൽപം എന്നിവയ്ക്കൊപ്പം നിന്നു ഫോട്ടോ എടുക്കാനാണു സഞ്ചാരികളുടെ തിരക്ക്. ‌ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര ആസ്വദിക്കാനും ആളെത്തി. കാൽവരിമൗണ്ടിൽ തിരുവോണ ദിവസം 860 പേരും ഞായറാഴ്ച 2500 പേരും ഇന്നലെ 5 വരെ 1200 പേരും എത്തി. അഞ്ചുരുളി തുരങ്കം, അയ്യപ്പൻകോവിൽ തൂക്കുപാലം, നരിയമ്പാറ ട്രിപ്പിൾ വാട്ടർഫാൾസ് എന്നിവിടങ്ങളിലും തിരക്കുണ്ടായിരുന്നു.

ഇനി ഗ്യാപ്പില്ലാതെ ടൂറിസം

ദേവികുളം ഗ്യാപ് റോഡ് തുറന്നതോടെ ചിന്നക്കനാൽ, കൊളുക്കുമല എന്നിവിടങ്ങളിലേക്കു ധാരാളം പേരെത്തി. ഇതര ജില്ലകളിൽ നിന്നുള്ള സഞ്ചാരികളാണ് കൂടുതലെന്നു ഹോട്ടലുടമകൾ പറഞ്ഞു. നീലക്കുറിഞ്ഞി പൂത്ത ശാന്തൻപാറ ശാലോംകുന്ന്, പുത്തടി എന്നിവിടങ്ങളിലും ശ്രീനാരായണപുരം, കള്ളിമാലി ടൂറിസം കേന്ദ്രങ്ങളിലും തിരക്കുണ്ടായിരുന്നു.

idukki-ramakalmedu-tourists-image-845-440
സഞ്ചാരികളുടെ തിരക്കേറിയ രാമക്കൽമേട്

വാഗമൺ ഹൗസ്ഫുൾ

വാഗമൺ, പരുന്തുംപാറ, വളഞ്ഞങ്ങാനം എന്നിവിടങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിര പലപ്പോഴും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. വാഗമൺ മൊട്ടക്കുന്ന്, കോലാഹലമേട് പൈൻ വാലി, ആത്മഹത്യാ മുനമ്പ്, പാഞ്ചാലിമേട്, പരുന്തുംപാറ, കുട്ടിക്കാനം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ഇവിടങ്ങളിലെല്ലാം ഇതരസംസ്ഥാന സ‍‍ഞ്ചാരിക‌ളും ഏറെയുണ്ടായിരുന്നു.

തേക്കടിക്ക് സന്തോഷം

തിരുവോണ ദിവസം 700 യാത്രക്കാരാണു തേക്കടിയിലെത്തിയത്. എന്നാൽ ഞായറാഴ്ച 1733 ആയി ഉയർന്നു. ഇന്നലെയും നല്ല തിരക്കായിരുന്നു. ഏറെ നാളുകൾക്കു ശേഷം ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞു. ബോട്ടിങ്, ട്രക്കിങ് തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു നടക്കുന്നത്. ഇടത്തരം ഹോട്ടലുകളിൽ തിരക്ക് കുറവാണെങ്കിലും പല റിസോർട്ടുകളിലും നല്ല രീതിയിൽ ബുക്കിങ് ലഭിച്ചു.

മലങ്കര ഹബ് നിറഞ്ഞു

മലങ്കര ടൂറിസം ഹബ്ബിനോട് അനുബന്ധിച്ചു കുട്ടികൾക്കുള്ള പാർക്കിലേക്കും മലങ്കര ജലാശയത്തിന്റെ മനോഹര ദൃശ്യങ്ങളും കാണാൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്. 

English Summary: Tourist centres witness heavy rush during Onam in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com