ADVERTISEMENT

കുറുപ്പംപടി ∙ പാറക്കെട്ടുകൾക്കു മുകളിലൂടെ ജലധാര. ചുണ്ടൻവള്ളത്തിന്റെ ആകൃതിയിലുള്ള പാറയിൽ കല്ലുകൊണ്ടടിച്ചാൽ മണിനാദം. രായമംഗലം പഞ്ചായത്തിലെ ഏഴാം വാർഡിലെ മണിപ്പാറയും വെള്ളച്ചാട്ടവും വിനോദ സ‍ഞ്ചാര സാധ്യതകൾ തുറന്നിടുന്നു. സർക്കാർ പുറമ്പോക്കിലെ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശത്തെ  വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു.606 മലയിൽനിന്ന് ആരംഭിച്ച് ഏകദേശം 250 മീറ്റർ നീളത്തിലാണു വെള്ളമൊഴുകുന്നത്. പെരിയാർവാലി കനാലിനടിയിലൂടെ കൃഷി‌യിടങ്ങളിലേക്കാണു വെള്ളം പോകുന്നത്. വെളളച്ചാട്ടത്തിനു മധ്യത്തിലാണു  മണിപ്പാറ. കാടുകയറിക്കിടക്കുന്നതിനാൽ ഇവിടെയെത്താൻ ബുദ്ധിമുട്ടാണ്. 

അരുവിക്ക് ഇരുവശവും കൈവരികളും പടിക്കെട്ടുകളും നിർമിച്ച് പ്രദേശത്തെ ടൂറിസം സാധ്യത കണ്ടെത്തുമെന്ന് എട്ടാം വാർഡ് അംഗം ജോയി പതിക്കൽ പറഞ്ഞു.   വെള്ളച്ചാട്ടം  ഏഴാം വാർഡിലാണെങ്കിലും അപ്രോച്ച് റോഡുകൾ എട്ടാം വാർഡിലാണ്. ഏഴാം വാർഡ് അംഗം എൻ.ആർ.അഞ്ജലിയുമായി ചേർന്നു  പദ്ധതി തയാറാക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനും എംഎൽഎയ്ക്കും നൽകുമെന്നു  ജോയ് പതിക്കൽ പറഞ്ഞു.  

അപ്രോച്ച് റോഡുകളിൽ കട്ടവിരിക്കുന്നതിനു  ഫണ്ട് അനുവദിക്കാമെന്നു ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ് അറിയിച്ചിട്ടുണ്ട്. സംരക്ഷണമില്ലാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണു പ്രദേശം. മേതല കല്ലിൽ ഭഗവതി ക്ഷേത്രത്തിന് 200 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം.  പതിറ്റാണ്ടുകളായി മണിപ്പാറയും വെള്ളച്ചാട്ടവും ഇവിടെയുണ്ടെങ്കിലും വിനോദ സഞ്ചാര സാധ്യതകൾ ഔദ്യോഗികമായി ഉപയോഗപ്പെടുത്തിയിട്ടില്ല.

English Summary: Kuruppampady Waterfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com