ADVERTISEMENT

ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം വീസയ്ക്ക് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ. യുകെ വീസ ആൻഡ് ഇമിഗ്രേഷൻ (യുകെവിഐ) വീസ അപേക്ഷകൾക്ക് ഡിമാന്‍ഡ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. അപേക്ഷകര്‍ കൂടുമ്പോള്‍ വീസ നടപടികൾ പൂർത്തിയാക്കുവാൻ കൂടുതൽ സമയമെടുക്കും. കൂടാതെ, വീസ ലഭിച്ച ശേഷം മാത്രം യുകെയിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യണമെന്നും അപേക്ഷകരോട് ഹൈക്കമ്മീഷൻ അഭ്യര്‍ഥിച്ചിട്ടുണ്ട്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയെ ആംബര്‍ ലിസ്റ്റിലാണ് ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവരും യാത്രക്ക് പത്തു ദിവസത്തിനിടെ ഇന്ത്യയിലൂടെ സഞ്ചരിച്ചവരും ആംബര്‍ ലിസ്റ്റ് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും, പുറപ്പെടുന്നതിനു പരമാവധി മൂന്നു ദിവസം മുന്‍പെടുത്ത നെഗറ്റീവ് കോവിഡ് ടെസ്റ്റ്‌ റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ രാജ്യത്തെത്തി രണ്ടാംദിവസം കോവിഡ് ടെസ്റ്റ്‌ നടത്തണം. വാക്സിന്‍ എടുക്കാത്തവര്‍ 10 ദിവസത്തേക്ക് ക്വാറന്റീന്‍ പാലിക്കണം. രണ്ടാം ദിവസമോ അതിനുമുമ്പോ ആയും എട്ടാം ദിവസം അല്ലെങ്കിൽ അതിനുശേഷമോ കോവിഡ് -19 ടെസ്റ്റ് നടത്തുകയും വേണം.

ഇപ്പോഴത്തെ സാഹചര്യം ജനങ്ങളെ അറിയിക്കാനായി യുകെ ഹൈക്കമ്മീഷന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. യുകെയിലേക്കുള്ള വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലായതിനാലാണ് തിരക്ക് അനുഭവപ്പെടുന്നതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു. വിദ്യാർത്ഥികള്‍ക്ക് മുൻഗണന നല്‍കുന്നതും അഫ്ഗാൻ പ്രതിസന്ധിയുടെ അനന്തരഫലങ്ങളും അർത്ഥമാക്കുന്നത് ഇനിയും തിരക്കേറും എന്നതു തന്നെയാണ്. അതുകൊണ്ടുതന്നെ കാലതാമസം പരമാവധി ഒഴിവാക്കാന്‍ എല്ലാ യാത്രക്കാരും ഒട്ടും വൈകാതെ തന്നെ വീസക്ക് അപേക്ഷിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുകെ സര്‍ക്കാര്‍ കണക്കനുസരിച്ച്, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം യുകെയിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 30 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സ്കില്‍ഡ് വീസ അപേക്ഷകരുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. റിപ്പോർട്ടുകൾ പ്രകാരം, 2020 ജൂണ്‍ മാസം വരെ 14,349 വിസകൾ നല്‍കിയപ്പോള്‍ 2021 ജൂൺ അവസാനം വരെ  62,646 അപേക്ഷകർക്ക് സ്റ്റുഡന്‍റ് വീസ നൽകിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.gov.uk/guidance/red-amber-and-green-list-rules-for-entering-england#amber-list എന്ന വെബ്പേജ് സന്ദര്‍ശിക്കുക.

English Summary: Apply for UK visa as early as possible amidst high travel demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com