ADVERTISEMENT

ദേശീയ ധനസമ്പാദന പദ്ധതിയുടെ ഭാഗമായുള്ള സ്വകാര്യവൽക്കരണം രാജ്യത്തെ ടൂറിസം മേഖലയെ സാധാരണക്കാർക്ക് അപ്രാപ്യമാക്കുമോ എന്ന ചർച്ച സജീവമാകുന്നു. ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ (ഐടിഡിസി) 8 നക്ഷത്ര ഹോട്ടലുകൾ സ്വകാര്യമേഖലയ്ക്കു കൈമാറുന്നു എന്ന വാർത്തകൾക്കു പിന്നാലെ, ലോക പൈതൃക പദവി നേടിയ ഡാർജിലിങ് ഹിമാലയൻ റെയിൽവേ (ഡിഎച്ച്ആർ) സർക്കാർ കൈമാറുകയാണെന്നു റിപ്പോർട്ടുണ്ട്. സ്വകാര്യവൽക്കരിച്ചാൽ എല്ലാത്തരം യാത്രക്കാർക്കും നിലവിലേതുപോലെ ട്രെയിൻ സേവനം പ്രയോജനപ്പെടുത്താനാകുമോ എന്ന ആശങ്കയാണു പ്രാദേശിക ടൂർ ഓപ്പറേറ്റർമാർ ഉൾപ്പെടെ പങ്കുവയ്ക്കുന്നത്. 

 

സ്വകാര്യമേഖലയ്ക്കു കൈമാറിയാൽ സഞ്ചാരികൾ ഉയർന്ന നിരക്കു നൽകേണ്ടിവരും എന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്നാൽ, സേവനങ്ങൾ മെച്ചപ്പെടുമെന്നു പറഞ്ഞ് ചിലർ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. രാജ്യതലസ്ഥാനത്തെ അശോകും സാമ്രാട്ടും ഉൾപ്പെടെയാണ് ഐടിഡിസിയുടെ 8 നക്ഷത്ര ഹോട്ടലുകൾ സ്വകാര്യമേഖലയിലേക്കു പോകുന്നത്. ഉടമസ്ഥാവകാശം കൈമാറുന്നില്ലെന്നു പറയുന്നുണ്ടെങ്കിലും ഫലത്തിൽ സർക്കാർ ആസ്തി ദീർഘകാലം സ്വകാര്യമേഖലയുടെ കൈവശമാകുമെന്നാണു വിമർശനം. ഇതിനു പുറമേ, കേന്ദ്ര മാതൃകയിൽ സംസ്ഥാന ആസ്തികളുടെ വിൽപനയ്ക്കും നീക്കം നടക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ ഇതുവഴി കൈമാറ്റം ചെയ്യപ്പെടാമെന്നും ആരോപണമുയരുന്നു.

 

വാനോളം തലപ്പൊക്കം

 

ടോയ് ട്രെയിൻ എന്നറിയപ്പെടുന്ന ഡാർജിലിങ് ഹിമാലയൻ റെയിൽവേ (ഡിഎച്ച്ആർ) പശ്ചിമ ബംഗാളിന്റെ അഭിമാനസ്തംഭമാണ്; സംസ്ഥാനത്തിന്റെ വടക്കൻ മലയോരമേഖലയുടെ അവിഭാജ്യ ഘടകവും. 1879 – 81 കാലത്തു നിർമിച്ച, രണ്ട് അടി (610 മില്ലീമീറ്റർ) ഗേജ് റെയിൽവേ ഒരു എൻജിനീയറിങ് വിസ്മയമാണ്. ന്യൂ ജൽപായ്ഗുരിയിൽ സമുദ്രനിരപ്പിൽനിന്ന് 328 അടി ഉയരത്തിൽ സർവീസ് ആരംഭിക്കുന്ന ട്രെയിൻ 88 കിലോമീറ്റർ യാത്രയ്ക്കൊടുവിൽ ഡാർജിലിങ്ങിൽ എത്തുമ്പോൾ സമുദ്രനിരപ്പിൽനിന്നുള്ള ഉയരമെത്രയെന്നോ? 7,218 അടി!

 

1999ൽ ആണ് ഡിഎച്ച്ആറിനെ തേടി യുനെസ്കോയുടെ ലോക പൈതൃക പദവി എത്തിയത്. ലോകത്തു പൈതൃകപദവി ലഭിക്കുന്ന രണ്ടാമത്തെ റെയിൽവേയായി ഇതുമാറി. നീലഗിരി മൗണ്ടൻ റെയിൽവേ, കൽക – ഷിംല റെയിൽവേ എന്നിവയ്ക്കും പിന്നീടു പൈതൃകപദവി ലഭിച്ചു. ഇവ മൂന്നും ചേർന്ന് മൗണ്ടൻ റെയിൽവേസ് ഓഫ് ഇന്ത്യ എന്നാണറിയപ്പെടുന്നത്. ഡിഎച്ച്ആറിനു പിന്നാലെ നീലഗിരി, കൽക – ഷിംല റെയിൽവേകളിലേക്കും സ്വകാര്യവൽക്കരണം എത്തുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. മലഞ്ചെരിവുകളിലൂടെ പതുക്കെ സഞ്ചരിച്ച് മലയോരപട്ടണങ്ങളിലൂടെ മുന്നേറി വിചിത്രമായ സ്റ്റേഷനുകളിൽ നിർത്തി സഞ്ചാരികളെ ആവേശത്തിലാക്കുന്ന ഡിഎച്ച്ആർ ഡാർജിലിങ് സന്ദർശകരുടെ ബക്കറ്റ് ലിസ്റ്റിലെ ജനപ്രിയ ഐറ്റമാണ്. ഒട്ടേറെ ഹിന്ദി സിനിമകളിലും ഡിഎച്ച്ആർ ഇടംപിടിച്ചിട്ടുണ്ട്.

 

ധനസമ്പാദന പദ്ധതി?

 

കേന്ദ്ര ആസ്തികൾ സ്വകാര്യമേഖലയ്ക്കു നൽകി പണം സമാഹരിക്കുകയാണ് ദേശീയ ധനസമ്പാദന പദ്ധതിയുടെ (National Monetisation Pipeline) ലക്ഷ്യം. 4 വർഷത്തിനുള്ളിൽ 6 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ഉദ്ദേശ്യം. ഉടമസ്ഥാവകാശം കൈമാറാതെ ആസ്തികൾ കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കാകും സ്വകാര്യസ്ഥാപനങ്ങൾക്കു നൽകുക. കാലാവധി കഴിയുമ്പോൾ തിരികെ നൽകണം. റോഡ്, റെയിൽ, ഊർജം ഉൾപ്പെടെ 13 മേഖലകളിലെ ആസ്തികളാകും തുറന്നുകൊടുക്കുക. ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയവും കരിപ്പൂർ വിമാനത്താവളവുമൊക്കെ പട്ടികയിലുണ്ട്. കരിപ്പൂർ ഉൾപ്പെടെ 25 വിമാനത്താവളങ്ങളിലാണു സ്വകാര്യപങ്കാളിത്തം വരുന്നത്. 

 

സ്വകാര്യ പങ്കാളികൾ പ്രവർത്തിപ്പിക്കുന്ന മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ സർക്കാരിനു ബാക്കിയുള്ള ഓഹരി കൂടി വിറ്റഴിച്ച് പണം സമാഹരിക്കും. ലാഭകരമല്ലാത്ത വിമാനത്താവളങ്ങളെ ലാഭമുള്ള വൻകിട വിമാനത്താവളങ്ങളുമായി ചേർത്ത് പാക്കേജായി സ്വകാര്യമേഖലയ്ക്കു നൽകുന്നതു പരിഗണനയിലുണ്ട്.

400 റെയിൽവേ സ്റ്റേഷൻ, 90 പാസഞ്ചർ ട്രെയിൻ, 1,400 കിലോമീറ്റർ റെയിൽവേ റൂട്ട്, കൊങ്കൺ റെയിൽവേയുടെ 741 കിലോമീറ്റർ, ഹിൽ റെയിൽവേയുടെ 244 കിലോമീറ്റർ, 265 ഗുഡ്സ് ഷെഡുകൾ, 15 റെയിൽവേ സ്റ്റേഡിയം അടക്കമുള്ള റെയിൽവേയുടെ ആസ്തികൾ സ്വകാര്യമേഖലയ്ക്കു കൈമാറും. 

 

നിർമിച്ചതും നിർമിക്കാൻ പോകുന്നതുമുൾപ്പെടെ 4 വരിക്കു മുകളിലുള്ള 26,700 കിലോമീറ്റർ റോഡ് പദ്ധതിയുടെ ഭാഗമാക്കും. ടോൾ ഉൾപ്പെടെ വരുമാന മാർഗങ്ങൾ പരിഗണനയിലുണ്ട്. സംസ്ഥാനങ്ങളുടെ ആസ്തികൾ ഉൾപ്പെടുത്തിയുള്ള മറ്റൊരു പട്ടിക വരുമെന്നും ധനസമ്പാദന പദ്ധതി രേഖ വ്യക്തമാക്കുന്നു. സംസ്ഥാന ഹൈവേകൾ, വൈദ്യുതി വിതരണ സംവിധാനം, സംസ്ഥാനാന്തര വിതരണ ശൃംഖല, നഗരഗതാഗതം, ബസ് ഡിപ്പോകൾ, ജലവിതരണ സംവിധാനം, ഗ്യാസ് പൈപ്‍‌ലൈൻ, സ്പോർട്സ് സ്റ്റേഡിയം, ജില്ലാതല സ്പോർട്സ് കോംപ്ലക്സ് എന്നിവയും ധനസമ്പാദന ഉപാധികളാക്കാമെന്നു നിതി ആയോഗിന്റെ റിപ്പോർട്ട് പറയുന്നു.

 

English Summary: Darjeeling Himalayan Railway to Privatised soon under National Monetisation Pipeline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com