ADVERTISEMENT

കൊച്ചി തീരത്തേയ്ക്കു കഴിഞ്ഞ ദിവസം ആഡംബരക്കപ്പൽ കോർഡാലിയ ഒഴുകിയെത്തുമ്പോൾ ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന ആയിരങ്ങളുടെ പ്രതീക്ഷകൾ കൂടിയാണ് പുതിയ തീരമണഞ്ഞത്. രണ്ടുവർഷം നീണ്ട അടച്ചിടലുകൾക്കു ശേഷം ചെറു കച്ചവടങ്ങൾ മുതൽ വൻകിട ടൂർ ഇടപാടുകൾ വരെ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷ. കപ്പൽ വരുന്നതറിഞ്ഞു രാവിലെ മുതൽ ആരുടെയങ്കിലും ഒരു ഓട്ടം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോ, ടാക്സി ഡ്രൈവർമാർ മുതൽ പുരാവസ്തു വിൽപന ശാലകളും റിസോർട്ടുകളും വരെ സജീവമായി.

ആഭ്യന്തര ടൂറിസ്റ്റുകളായ 1200 പേരുമായാണ് ആഡംബര നൗക അറബിക്കടലിന്റെ റാണിയെ തേടി കൊച്ചിയിലെത്തിയത്. ഇതിൽ 800 യാത്രക്കാർ പുറത്തിറങ്ങി. ബാക്കിയുള്ളവർ ആഘോഷങ്ങളുമായി കപ്പലിൽ തന്നെ തുടർന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. കഴിഞ്ഞ 20ന് മുംബൈയിൽ നിന്നു പുറപ്പെട്ട കോർഡാലിയ 22നു പുലർച്ചയോടെ കൊച്ചി തീരമണഞ്ഞു. താൽപര്യമുള്ള യാത്രക്കാർ കൊച്ചി നഗരത്തിലെ സാംസ്കാരിക, പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ചു മടങ്ങി. മൂന്നു സംഘങ്ങളായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയിലും ഇവരുടെ സന്ദർശനങ്ങൾ. താൽപര്യമുള്ളവർക്കായി കായലിൽ ബോട്ടു യാത്രയും ഒരുക്കിയിരുന്നു.

Cordelia-Cruises-Kochi2

ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുണ്ടാകണം

ബാപ്പയ്ക്കും ഉമ്മയ്ക്കും സഹോദരിക്കുമൊപ്പം കടലിന്റെ ആഡംബരങ്ങൾ ആസ്വദിച്ചതിന്റെ ത്രില്ലിലാണ് കോഴിക്കോട് സ്വദേശിനി നസിയ കൊച്ചി തീരത്തിറങ്ങിയത്. ‘ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ഇങ്ങനെ ഒരു യാത്ര ചെയ്തിട്ടുണ്ടാകണം’ എന്ന് ഒരു ഉപദേശവും. വാക്കുകളിൽ നിറയെ ആവേശം. രണ്ടു വർഷമായി അടച്ചു പൂട്ടിയിരുന്നതിന്റെ സമ്മർദ്ദങ്ങളെല്ലാം കെട്ടഴിച്ചു വിട്ടതായി യാത്രയെന്ന് നസിയയുടെ പിതാവും പറഞ്ഞു. കപ്പൽ യാത്ര വലിയൊരു ആഹ്ലാദ അനുഭവമാണ് സമ്മാനിച്ചതെന്ന അഭിപ്രായക്കാരാണ് യാത്രക്കാരിലേറെയും. ഫൈവ് സ്റ്റാർ സൗകര്യം എന്നൊന്നും പറയാനാവില്ല, ത്രീസ്റ്റാർ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഇവർ പറയുന്നു. 

Luxury cruise liner at Cochin Port to mark revival of domestic tourism

വിദേശ ക്രൂസിന്റെ സകല ആഡംബരവുമുള്ള കപ്പലാണ് കോർഡാലിയ എന്ന അഭിപ്രായമാണ് മലപ്പുറം കോട്ടയ്ക്കലിൽ നിന്നു കപ്പലിൽ യാത്ര ചെയ്ത യാസർ അറാഫത്ത് പങ്കുവച്ചത്. ടൂർ ഓപ്പറേറ്റേഴ്സിനു ലഭിച്ച സൗകര്യം പ്രയോജനപ്പെടുത്തിയായിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്കുണ്ടായിരുന്നവരിൽ പകുതിപ്പേർ വിവിധ ടൂർ ഏജന്റുമാരാണ്. 11 ഡക്കുകളിലായി 796 കാബിനുകളാണ് കപ്പലിനുള്ളത്. 1800 യാത്രക്കാർക്കു പുറമേ 692 കപ്പൽ ജീവനക്കാരും യാത്രയ്ക്കുണ്ട്. 

സ്വിമ്മിങ് പൂൾ, മൂന്ന് റസ്റ്ററന്റുകൾ, ഫിറ്റ്നെസ് സെന്ററുകൾ, സ്പാ, തിയേറ്റർ, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാർട്ടികൾ, അഞ്ച് ബാറുകൾ, ലൈവ് ബാൻഡുകൾ, ഷോപ്പിങ് എന്നു തുടങ്ങി എല്ലാ സൗകരങ്ങളുള്ളതാണ് ഈ ആഡംബര നൗക. ഭക്ഷണത്തിന്റെ കാര്യത്തിൽ നൂറിലധികം ഭക്ഷണ ഇനങ്ങളാണ് മെനുകാർഡിലെ ആകർഷണം. ഒരു ഇന്ത്യക്കാരൻ കഴിക്കാൻ സാധ്യതയുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാം മികച്ച ഗുണമേൻമയിലാണെന്നത് എടുത്തു പറയണമെന്നും യാത്രക്കാർ അനുഭവം പങ്കുവയ്ക്കുന്നു.

Cordelia-Cruises-Kochi-3-image-845-440

ആഡംബരം കേട്ടു ഞെട്ടെണ്ട; കുറഞ്ഞ നിരക്കു മാത്രം

കപ്പലിലെ ആഡബരം കേട്ടു ഞെട്ടെണ്ടെന്നാണ് യാത്രക്കാരുടെ അനുഭവം. തിരഞ്ഞെടുക്കുന്ന സൗകര്യങ്ങൾക്ക് അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടെങ്കിലും ശരാശരി ഇന്ത്യക്കാരനു വഹിക്കാവുന്നതാണ് ഒരു യാത്രയുടെ ചെലവ്. മൂന്നു രാത്രിയും നാലു പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് ടൂർ കമ്പനി ഈടാക്കുന്നത് വെറും 22000 രൂപ മുതൽ 30000 രൂപ വരെ മാത്രം. കുടുംബ യാത്രകളാണെങ്കിൽ ഒരു മുറിയിൽ രണ്ടിലേറെ പേർക്കു യാത്ര ചെയ്യാം എന്നതിനാൽ ചെലവു കുറയും. ഒരിക്കലെങ്കിലും ആഡംബരക്കപ്പലിൽ കടൽ യാത്ര നടത്തണമെന്ന മോഹം ബാക്കിയുള്ളവർക്ക് വളരെ എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന യാത്രാനുഭവമായിരിക്കും ഇത്. ഒരു സാധാരണ ആഭ്യന്തര ടൂറുകൾക്കു പോലും ഇതിലും ചെലവു വരുമ്പോഴാണ് കടൽ യാത്രയുടെ ഈ കുറഞ്ഞ നിരക്ക് എന്നതും പ്രത്യേകതയാണ്. 

Cordelia-Cruises-Kochi-2

ഇന്ത്യൻ ടൂറിസത്തിന്റെ പ്രതീക്ഷകളിൽ ചിറകേറിയാണ് ആഭ്യന്തര ടൂറിസ്റ്റുകൾക്കായി ഈ കപ്പൽ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഐആർസിടിസിയുടെ ടൂറിസം വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്കു ചെയ്യാം. 

English Summary:Luxury Cruise Ship Cordelia 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com