കോവിഡ് മാറിയാലും ഇതൊക്കെ നമുക്കൊപ്പം കാണും; യാത്രകളിൽ ഒഴിവാക്കാനാകാത്ത ചില പുതുമകൾ

travel-destination
Image From Shutterstock
SHARE

കോവിഡനന്തര കാലത്തു യാത്രകൾ എങ്ങനെയായിരിക്കും? യാത്രയെ സ്നേഹിക്കുന്നവരുടെ ഉള്ളിലുയരുന്ന ചോദ്യമാണിത്. ഏതായാലും കോവിഡ് കാലത്തു കളംപിടിച്ച ചില സാങ്കേതികവിദ്യകൾ കാലം മാറിയാലും തുടരുമെന്നുറപ്പ്. ഈ സാങ്കേതികവിദ്യകൾ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണെങ്കിലും അവ സ്വകാര്യതയിലേക്കു കടന്നുകയറുമോ എന്ന ആശങ്കയുമുയരുന്നുണ്ട്. യാത്രക്കാർ തുടർന്നും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചില പുതുമകൾ ഇതാ.

വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി

കോവിഡ് നിയന്ത്രണങ്ങൾ യാത്രകൾക്കു വിലക്കിട്ടപ്പോൾ മ്യൂസിയങ്ങളും ടൂറിസം കേന്ദ്രങ്ങളും ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെയും (എആർ) വെർച്വൽ റിയാലിറ്റിയിലൂടെയും (വിആർ) ഓൺലൈൻ പ്രദർശനങ്ങളും അനുഭവങ്ങളുമൊരുക്കി. കംപ്യൂട്ടറോ സ്മാർട്‌ഫോണോ വിആർ ഹെഡ്‌സെറ്റോ ഉപയോഗിച്ചാൽ വെർച്വൽ സന്ദർശനം സാധ്യമാകുമെന്നായി.

2020 ജൂണിൽ തുടങ്ങിയ ‘എക്സ്പ്ലോർ പെട്ര’ ആപ് ജോർദാനിലെ പുരാവസ്തു കേന്ദ്രങ്ങൾ ‘സന്ദർശിക്കാൻ’ അവസരമൊരുക്കുന്നു. വിആർ ഹെഡ്‌സെറ്റുകളോ കംപ്യൂട്ടറോ ഉപയോഗിച്ചാൽ, പ്രശസ്തമായ നോർത്തേൺ ലൈറ്റ് കാണാനാകുന്ന സംവിധാനമാണ് ആർട്ടിക് ട്രാവൽ കമ്പനിയായ ‘ലൈറ്റ്‌സ് ഓവർ ലാപ്‌ലാൻഡ്’ ഒരുക്കിയത്. വംശനാശം സംഭവിച്ച മൃഗങ്ങളെ ഡിജിറ്റൽ രൂപത്തിൽ സന്ദർശകർക്കു മുഖാമുഖം കൊണ്ടുവരുന്ന എആർ പ്രദർശനം പാരിസിലെ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലുണ്ട്. 

വാഷിങ്ടൻ ഡിസിയിലെ സ്മിത്‌സോണിയൻ നാഷനൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലെ എആർ സംവിധാനം ഒരുക്കുന്ന അനുഭവമെന്തെന്നോ? ചില മൃഗങ്ങളുടെ അസ്ഥികൂടങ്ങൾക്കു മുകളിൽ ചർമവും പേശികളും വന്നാൽ എങ്ങനെയിരിക്കും എന്നു കാണിക്കുക! സിംഗപ്പൂരിലെ നാഷനൽ മ്യൂസിയത്തിൽ ‘സ്റ്റോറി ഓഫ് ദ് ഫോറസ്റ്റ്’ എന്നൊരു ഇൻസ്റ്റലേഷനുണ്ട്. അവിടെ കാഴ്ചക്കാർ മ്യൂസിയം ശേഖരത്തിലെ ഏകദേശം 70 പ്രകൃതിചിത്രങ്ങൾ ഉൾക്കൊള്ളുന്ന വെർച്വൽ ലാൻഡ്സ്കേപ്പിലൂടെയാണു യാത്ര നടത്തുന്നത്. കോവിഡനന്തര കാലത്തെ യാത്രകളിൽ സഞ്ചാരികൾക്കു നവാനുഭവം പകരാൻ മിക്ക ടൂറിസം കേന്ദ്രങ്ങളിലും എആർ, വിആർ സംവിധാനങ്ങളൊരുക്കുമെന്ന് ഉറപ്പ്.

തിരക്ക് നിയന്ത്രണം

സാമൂഹിക അകലം ഉറപ്പാക്കാൻ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മ്യൂസിയങ്ങളിലുമൊക്കെ വ്യത്യസ്ത സാങ്കേതികവിദ്യകളാണു കോവിഡ് കാലത്തു വന്നത്. ആളുകൾ കൂട്ടംകൂടുന്നോ എന്നു നോക്കി കറങ്ങുന്ന റോബട്ടുകൾ സിംഗപ്പൂരിലുണ്ട്. കുറ്റവാളികളെ കുടുക്കാൻ രൂപകൽപന ചെയ്ത ക്യാമറകൾ, കോവിഡ് കാലത്ത് നഗരത്തിലെത്തുന്ന സന്ദർശകരെ ട്രാക്ക് ചെയ്യാൻ ഇറ്റലിയിലെ വെനീസിൽ ഉപയോഗിച്ചിരുന്നു. ഭാവിയിലും വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനായി ഈ സംവിധാനം പ്രയോജനപ്പെടുത്താനാണു പദ്ധതി. അകലം ഉറപ്പാക്കാൻ കൃത്യമായ സ്ഥാനം ലേസർ ലൈറ്റിലൂടെ മാർക്ക് ചെയ്യുന്ന സംവിധാനവുമുണ്ട്. സോഷ്യൽ ഡിസ്റ്റൻസിങ്ങിനുള്ള സാങ്കേതികവിദ്യകൾ കോവിഡനന്തര കാലത്തുമുണ്ടാകും.

യുവി–സി ക്ലീനിങ്

വൈറസുകളെ നശിപ്പിക്കാൻ ആശുപത്രികളിൽ രണ്ടു പതിറ്റാണ്ടിലേറെയായി യുവി-സി ലൈറ്റ് ഉപയോഗിക്കുന്നു. ഇപ്പോൾ വിമാനത്താവളങ്ങൾ, ജിമ്മുകൾ, സിനിമാ തിയറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ ഇതു വ്യാപകമാണ്. പൊതുസ്ഥലങ്ങളിലെ ഹാൻഡ് റെയിലുകളോ വാതിൽപടിയോ വാഹനങ്ങളിലെ ആം റെസ്റ്റുകളോ ഒക്കെ യുവി–സി ലൈറ്റിലൂടെ അണുമുക്തമാക്കാനാകും. ആൾക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിലൊക്കെ യുവി–സി ക്ലീനിങ് വ്യാപകമായേക്കാം.

റസ്റ്ററന്റുകളിൽ ക്യുആർ കോഡ്

ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യാനോ ബിൽ അടയ്ക്കാനോ ഒക്കെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതു പതിവായി. കാലങ്ങളായി ആയിരക്കണക്കിന് ആളുകളുടെ കൈകളിലൂടെ കയറിയിറങ്ങി വരുന്ന മെനു കാർഡ് ഇനി ഓർമയാകാനാണു സാധ്യത. ഡിജിറ്റൽ പേയ്മെന്റും വ്യാപകമാകും. 

English Summary: How Will the World Be Different After Covid 19

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA