ADVERTISEMENT

ജീവിതയാത്രയിൽ ഇനി മോഹന തനിച്ചാണ്. യാത്ര പാതിയിൽ നിർത്തി വിജയന്റെ മടക്കം, കേട്ടും വായിച്ചും അവരെയറിഞ്ഞ എല്ലാ മലയാളികൾക്കും സങ്കടവാർത്തയാകുന്നു. ചായക്കടയിലെ വരുമാനത്തിൽനിന്നു പണം സ്വരുക്കൂട്ടിവച്ച് വിദേശ യാത്രകൾ നടത്തിയാണ് ശ്രീബാലാജി കോഫി ഹൗസ് ഉടമ കെ.ആർ. വിജയനും ഭാര്യ മോഹനയും വാർത്തയായത്. ഒടുവിൽ, കോവിഡിനു ശേഷം റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസമാകും മുമ്പാണ് വിജയന്റെ അപ്രതീക്ഷിത വിയോഗം. 

വിജയന് യാത്ര ചെയ്യാനുള്ള ആഗ്രഹം ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്. അച്ഛനൊടൊപ്പം നിരവധിയിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. തുച്ഛമായ തുകകൾ കൂട്ടിവച്ച്, ഒരു സാധാരണക്കാരനു സ്വപ്നം കാണാൻ പോലും കഴിയാത്ത ദൂരമത്രയും വിജയനും മോഹനയും സഞ്ചരിച്ചു.  ഓസ്ട്രേലിയയിൽ പോയി മടങ്ങിയെത്തിയപ്പോൾ മുതലുള്ള മോഹമായിരുന്നു വിജയനു റഷ്യയിൽ പോകണമെന്നത്. ആ സ്വപ്ന യാത്രയും നടത്തിയാണ് വിജയൻ യാത്രയായത്. സിംഗപ്പൂരും മലേഷ്യയും യുഎസ്എയും സ്വിറ്റ്സർലൻഡുമെല്ലാം സന്ദർശിച്ചിട്ടുള്ള ദമ്പതികളുടെ ആഗ്രഹം ഇനിയും ലോകം കാണണമെന്നായിരുന്നു. ആ സ്വപ്നം ബാക്കിയായി.

യാത്രയിലൂടെ ജീവിച്ച സാധാരണക്കാരൻ

ആഗ്രഹങ്ങൾ മനസ്സിൽ വച്ചു പൂട്ടാനുള്ളതല്ല, സഫലമാക്കാനുള്ളതാണ് എന്നു തെളിയിച്ച മനുഷ്യരാണ് വിജയനും ഭാര്യ മോഹനയും. ഉലക സഞ്ചാരികളായ ഈ ദമ്പതികളെ അറിയാത്ത യാത്രാപ്രേമികൾ ഉണ്ടാകില്ല. ഈ കാലത്തിനിടെ അവർ 26 രാജ്യങ്ങൾ സന്ദർശിച്ചു. എങ്കിലും തങ്ങൾക്ക് ഏറെയിഷ്ടം കേരളം തന്നെയാണെന്ന് അവർ പറഞ്ഞു. ബാങ്കിൽനിന്നു ലോൺ എടുത്തും സ്വർണം പണയം വച്ചും വീടിന്റെ ആധാരം പണയത്തിലാക്കിയുമൊക്കെ ആയിരുന്നു അവരുടെ യാത്രകൾ. ലോകം കാണാൻ ഉള്ളതാണ്, അത് കണ്ടു തന്നെ അറിയണം എന്നായിരുന്നു വിജയന്റെ നിലപാട്. 

വിജയനെയും മോഹനയെയും പറ്റി കേട്ടറിഞ്ഞെത്തിയ ദേശീയ മാധ്യമങ്ങളടക്കമുള്ളവർ അവരുടെ യാത്രാപ്രേമം വാർത്തയാക്കി ലോകംമുഴുവൻ അറിയിച്ചു. അപ്പോഴും തോളിൽ കയ്യുമിട്ടു ഭാര്യയെയും ചേർത്തുപിടിച്ചു വിജയൻ യാത്രയിലായിരുന്നു. വിജയന്റെയും മോഹനയുടെയും യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിൻസ്‌കി എന്ന വിഖ്യാത ട്രാവൽ ബ്ലോഗറും കൊച്ചിയിലെ തെരുവിൽ, ശ്രീ ബാലാജി കോഫി ഹൗസിലെത്തി, യാത്രകളെ പ്രണയിക്കുന്ന ഇവരുടെ കഥയറിഞ്ഞു, ലോകത്തിനുമുമ്പിൽ പങ്കുവച്ചു. 

English Summary: Tea Seller and Traveller kr Vijayan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com