ADVERTISEMENT

മദ്യവിപണി കൂടുതൽ ഉദാരമാക്കാൻ ഉദ്ദേശിക്കുന്നതായി കേരളത്തിലെ ഇടതു സർക്കാർ സൂചന നൽകിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ പുതിയ നയം മദ്യ വിൽപന മേഖലയിൽ മാറ്റത്തിന്റെ തരംഗം കുറിക്കുമോ എന്നു പരിശോധിക്കുകയാണിവിടെ. പബ്ബുകൾ തുറന്നു കൊണ്ട് ഒരു പുതിയ മദ്യവിൽപന രീതി സർക്കാർ ആലോചിക്കുന്നു എന്നാണ് സൂചനകൾ.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആധുനിക രീതിയിലുള്ള, മദ്യവും ഭക്ഷണവും വിൽക്കുന്ന പബ്ബുകളുണ്ട്. സമ്മർദ്ദമേറിയ നഗരജീവിതത്തിലെ നീണ്ട പ്രവൃത്തി ദിവസങ്ങൾക്കൊടുവിൽ പബ് ഒരു "ഹാങ് ഔട്ട് ജോയിന്റ്" ആയി മാറുന്നു. സംഗീതവും ഡിജെകളും അതുമായി ബന്ധപ്പെട്ട മറ്റ് വിനോദങ്ങളും ഇതിന്റെ ഭാഗമാണ്. കേരളത്തിൽ, ഇത്തരത്തിലുള്ള പബ്ബുകളോ ഹാങ് ഔട്ട് കേന്ദ്രങ്ങളോ ഇല്ലാത്തത് ഐടി പോലുള്ള വ്യവസായ മേഖലകളിലെ നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഒരു ഘടകമായി ഇതിനകം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

pub1
Image From Shutterstock

ഈ കുറവ് പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ ഒരു തുടക്കമെന്നോണം, ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് വൈൻ പാർലറുകളുള്ള പബ്ബുകൾ സ്ഥാപിക്കാനുള്ള സാധ്യത ആരാഞ്ഞിട്ടുളളത്. ഇത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു 'ഗെയിം ചേഞ്ചർ' ആയിരിക്കുമോ? സർക്കാർ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ പൂർണമായും ലഭ്യമല്ലെങ്കിലും അതിന്റെ സാധ്യതകൾ പരിശോധിക്കാവുന്നതേയുള്ളൂ.

പബ്ബുകളുടെ അഭാവമാണോ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കേരളത്തിന് ദോഷകരമായി മാറിയത് എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിന് വ്യക്തമായും 'ഇല്ല' എന്ന് ഉത്തരം നൽകാം. സംസ്ഥാനത്ത് വിനോദ സംസ്‌കാരം ഉദാരവൽക്കരിക്കുന്നത് പരീക്ഷിക്കാൻ സർക്കാരിന് കഴിയും. നിക്ഷേപം ആകർഷിക്കുന്നതിൽ പോലും ഇത് നിർണായകമാണെന്ന് തെളിയിക്കാനുമാകും. എന്നാൽ നിലവിൽ കേരളത്തിൽ മൂലധനത്തിന്റെ പ്രവേശനത്തെ തടയുന്ന കാര്യങ്ങളെന്തെന്ന് നന്നായി പരിശോധിക്കേണ്ടതുണ്ട്.

നിക്ഷേപകരുടെ കാഴ്ചപ്പാടിൽ, നിക്ഷേപം നടത്തേണ്ടയിടത്തെ അടിസ്ഥാന സൗകര്യങ്ങൾ വളരെ നിർണായകമാണ്. പബ്ബുകൾ ഇത്തരം അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു അലങ്കാരം മാത്രമാണ്. അല്ലാതെ അടിസ്ഥാന സൗകര്യങ്ങൾക്ക് പകരമാകുന്നില്ല. ഉദാഹരണത്തിന്, തകർന്ന റോഡോ ട്രാഫിക് ബ്ലോക്കുകളോ കാരണം ഗതാഗതം തടസ്സപ്പെട്ട ഒരിടത്ത് പബ്ബ് ഒരു ആകർഷക ഘടകമാകാൻ സാധ്യതയില്ല. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടാവണം സർക്കാർ പൊതുവേ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള ഐ ടി പാർക്കുകളിൽത്തന്നെ പബ്ബുകൾ ആസൂത്രണം ചെയ്യുന്നത്. 

ഇത് കഥയുടെ ഒരു ഭാഗമാണ്. ഇനി പബ്ബുകൾ തുടങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ മദ്യവിപണി പരിശോധിക്കാം. കുറച്ചു വർഷങ്ങളായി കേരളത്തിലെ മദ്യവ്യാപാരം ഉദാരമാക്കാൻ നടത്തിയ ശ്രമങ്ങളിലൊന്നാണ് പബ്ബുകൾ എന്ന് കരുതാം. എന്നാൽ ഈ ഉദാരവൽക്കരണ നയങ്ങൾക്കിടയിലും, മദ്യത്തിന്റെ ചില്ലറ വിൽപന സംസ്ഥാന സർക്കാരിന്റെ കുത്തകയാക്കി വച്ചിരിക്കുന്നതും മദ്യവില വളരെ ഉയർന്ന നിലയിൽ തുടരുന്നതും കാണാം.

മദ്യത്തിന്റെ പ്രതിശീർഷ ഉപഭോഗം 2010-ൽ ഏകദേശം 11 ലീറ്ററിൽ നിന്ന് 2020 ഓടെ ഏകദേശം 9 ലീറ്ററായി കുറയാനുള്ള കാരണങ്ങളിലൊന്നായി ആവർത്തിച്ചുള്ള വില വർധന ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരത്തിൽ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും മദ്യവിൽപനയിലൂടെ സർക്കാരിന് ലഭിക്കുന്ന വരുമാനം ഉയരുകയാണ്.

മദ്യത്തിന്റെ ഉപഭോഗത്തിൽ ഉണ്ടായ ഈ കുറവിൽ സർക്കാരിന് ആശ്വാസം കണ്ടെത്താമോ എന്നതും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ വർധന ഈ സാധ്യതകളിലേക്കുള്ള ചൂണ്ടുപലകയാണ്.

ഈ സാഹചര്യത്തിൽ പബ്ബുകൾ കേരളത്തിലെ മദ്യവ്യാപാരത്തെ എങ്ങനെ മാറ്റും എന്നത് ഒരു പ്രധാന ചോദ്യമാണ്. മദ്യത്തിൽ നിന്നുള്ള വരുമാനം കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സായതിനാൽ, പബ്ബുകളെയും സർക്കാർ അതേ ലക്ഷ്യത്തോടെ സമീപിക്കുമെന്നുവേണം അനുമാനിക്കാൻ. 

കേരളത്തിലെ മദ്യവ്യാപാരത്തിന്റെ ഭാഗമായി പബ്ബുകൾ മാറുമ്പോൾ നമ്മൾ എന്താണ് പ്രതീക്ഷിക്കുന്നത്? പബ്ബുകളിൽ വിളമ്പുന്ന ഉൽപന്നങ്ങളുടെ വില താരതമ്യേന കൂടുതലായിരിക്കും (പ്രാഥമികമായി നികുതികൾ കാരണം). എന്നിരുന്നാലും, ഐടി കമ്പനികൾ കേരളത്തിലെ പബ് സംസ്‌കാരത്തിന്റെ തുടക്കക്കാരായി പ്രഖ്യാപിക്കപ്പെടുന്നതിനാൽ, ഈ ഔട്ട്‌ലെറ്റുകളുടെ ഉപഭോക്താക്കൾ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന വ്യക്തികളായിരിക്കാം (കുറഞ്ഞത് പ്രാരംഭ ഘട്ടത്തിലെങ്കിലും). വിൽപനയുടെ ഒരു ഭാഗം ഈ കമ്പനികൾ അവരുടെ ജീവനക്കാർക്കായി നൽകാവുന്ന വിവിധ കൂപ്പണുകളും പാസുകളും വഴി ആവാനും സാധ്യതയുണ്ട്. 

കൂപ്പണുകളിലൂടെ മാത്രമേ വിൽപന നടക്കൂ എന്ന് കരുതാനാവില്ല. അവ പുതിയ ഉപഭോക്താക്കളെയും ഉൾക്കൊള്ളാൻ തക്കവണ്ണം വികസിക്കുമെന്ന് ഉറപ്പാണ്. പബ്ബുകൾ അമിതമദ്യപാനത്തിന്റെയോ കുറ്റകൃത്യങ്ങളുടെയോ കേന്ദ്രമാകുമെന്ന ഊഹാപോഹങ്ങൾക്കും പ്രസക്തിയില്ല. പബ്ബുകളെ കൂടുതൽ ആകർഷണീയവും സുരക്ഷിതമാക്കാനുള്ള നടപടികൾ അതിന്റെ ഉടമസ്ഥർ തന്നെ കൈക്കൊള്ളുമെന്നതു തന്നെ കാരണം. 

മദ്യവ്യവസായത്തെ ഉദാരവൽക്കരിക്കാനുള്ള സർക്കാർ നടപടികൾ ലക്ഷ്യത്തിലെത്തണമെങ്കിൽ കേരളത്തിലെ മദ്യവ്യവസായ രംഗത്തെ കെടുകാര്യസ്ഥതയെക്കുറിച്ച് ആത്മാന്വേഷണത്തിന് തയാറാവുക തന്നെ വേണം. കേരള സർക്കാർ അതിന്റെ എല്ലാ മദ്യറീട്ടെയിൽ ഔട്ട്‌ലെറ്റുകളും 'പ്രീമിയം/സെൽഫ് സർവീസ് കൗണ്ടറുകൾ' ആക്കുന്നതിനെക്കുറിച്ചുകൂടി ചിന്തിക്കണം. എന്തിനാണ് സർക്കാർ മദ്യ ഉപഭോക്താക്കളെ വേർതിരിച്ച് കാണുന്നത് ? എന്തിനാണ് അവരിൽ പലരെയും മദ്യം ലഭിക്കാൻ മുഷിഞ്ഞ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ നീണ്ട ക്യൂവിൽ നിർത്തുന്നത്? ബവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ ഈ ക്യൂവാണ് കേരളീയരുടെ മദ്യപാന രീതിയെ കുപ്രസിദ്ധമാക്കാൻ കാരണം.

മദ്യവ്യവസായം ഉദാരവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ആധുനിക വിൽപന രീതികളായ 'ഓൺലൈൻ വിൽപന പ്ലാറ്റ്‌ഫോമുകൾ' അടക്കം അനുവദിക്കണം. പബ്ബുകൾ മദ്യവ്യവസായത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്, എന്നാൽ അതിന്റെ ചെറിയ സാന്നിധ്യം സംസ്ഥാനത്തുടനീളം ഒരു വലിയ മാറ്റം കൊണ്ടുവരാൻ പര്യാപ്തമാകില്ല.

ലേഖകൻ: റിസർച്ച് ഫെലോ (മാർക്കറ്റ് ഇക്കണോമിക്സ്), സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, കൊച്ചി 

English Summary: will pubs change the destiny of liquor sales in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com