വൈശാലി ഗുഹ, മീശപ്പുലിമല, തൂക്കുപാലം; സിനിമയിലൂടെ പ്രശസ്തമായ ഇടങ്ങൾ

idukki-travel
SHARE

‘ജോസഫി’ലെ ‘പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത്’ പാട്ടു രംഗം   ചിത്രീകരിച്ചത് വാഗമണ്ണിലായിരുന്നു. ഉടൻ റിലീസ് ചെയ്യുന്ന ‘മിന്നൽ മുരളി’ ചിത്രീകരിച്ച കോലാഹലമേട്ടിലെ സൂയിസൈഡ് പോയിന്റ് ഉൾപ്പെടെ ഒട്ടേറെ വ്യൂ പോയിന്റുകൾ വാഗമണ്ണിലുണ്ട്.  

ലൊക്കേഷനുകളെ കോർത്തിണക്കി‘സിനിമാ ടൂറിസം’ പദ്ധതിയെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചെന്നു സർക്കാർ. ലൊക്കേഷനുകൾ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമ്പോൾ ഇടുക്കിക്കു കോളടിക്കും.

ലൊക്കേഷനുകളിലെ ആറാം തമ്പുരാൻ

മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നതു കണ്ടിട്ടുണ്ടോ? ‘ചാർലി’ സിനിമയിൽ ദുൽഖർ സൽമാന്റെ ഈ  ചോദ്യം കേട്ടപ്പോഴാണ് പലരും അങ്ങനെയൊരു സ്ഥലത്തെക്കുറിച്ചു കേൾക്കുന്നതുതന്നെ. തെക്കേ ഇന്ത്യയിൽ ട്രക്കിങ്ങിനു പറ്റുന്ന കൊടുമുടികളിൽ ഏറ്റവും ഉയരം കൂടിയ മീശപ്പുലിമല സിനിമക്കാർക്ക് ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ്.

idukki-travel3

കുളമാവിലും പരിസരത്തും ചിത്രീകരിച്ച കടത്തനാട്ട് മാക്കം, നദി തുടങ്ങിയവയായിരുന്നു ആദ്യകാല ഇടുക്കി സിനിമകൾ. മലയാറ്റൂരിന്റെ ‘ഈറ്റ’ പിറന്നതും ഇടുക്കിയിൽ. ഭരതന്റെ ‘വൈശാലി’യെ ഒപ്പിയെടുത്തതും കുളമാവിൽ തന്നെ. മമ്മൂട്ടിയുടെ ‘താപ്പാന’യും ‘നസ്രാണി’യും പീരുമേട്ടിലും സുരേഷ് ഗോപിയുടെ ‘ലേലം’ വാഗമണ്ണിലും ഏലപ്പാറയിലുമാണ് അണിയിച്ചൊരുക്കിയത്. ലൂസിഫർ, ഓർഡിനറി, ജോസഫ്, പ്രീസ്റ്റ് തുടങ്ങി ചിത്രങ്ങൾക്കും ഹൈറേഞ്ച് വേദിയായി. ദൃശ്യത്തിനു മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ലൊക്കേഷനായതും ഇടുക്കി തന്നെ. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയുടെ വിജയമാണ് സിനിമാ മാപ്പിൽ ഹൈറേഞ്ചിന്റെ ഗ്രാഫ് ഉയർത്തിയത്. വാഗമണ്ണും തേക്കടിയും മൂന്നാറുമെല്ലാം വിട്ട് ഇപ്പോൾ പശ്ചാത്തലമാകുന്നത് അത്രയൊന്നും പരിചിതമല്ലാത്ത ഇടങ്ങളാണ്.

ക്ലാസിക്, വൈശാലി ഗുഹ

വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങൾ തീർത്ത വൈശാലി ഗുഹയുടെ ഇരുളറയിൽ നിന്നു കാണുന്ന ചെറുതോണി അണക്കെട്ട് വേറിട്ട അനുഭവമാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ നിർമാണ കാലത്ത് നിർമിച്ചതായിരുന്നു ഗുഹ. ഏതാണ്ട് 550 മീറ്റർ നീളത്തിൽ ടണൽ പോലെ പാറ പൊട്ടിച്ചുണ്ടാക്കിയ ഗുഹ ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്ത ശേഷം ഉപേക്ഷിക്കപ്പെട്ടു. 1988ലാണ് ഭരതൻ ‘വൈശാലി’യുടെ ചിത്രീകരണത്തിന് എത്തിയത്. ഗുഹയും മലയും പുഴയുമൊക്കെ സെറ്റിട്ടു ചെയ്യാനായിരുന്നു പദ്ധതി. വവ്വാലുകൾ നിറഞ്ഞ ഗുഹ കണ്ടപ്പോൾ മനസ്സു മാറി. ലൊക്കേഷൻ ഇതുതന്നെ മതിയെന്നു തീരുമാനിച്ചു. അതോടെ ഗുഹയുടെ തലവര മാറി.

ആഷിക് അബു സംവിധാനം ചെയ്ത ‘ഇടുക്കി ഗോൾഡി’ലും ഈ ഗുഹ ഇടം പിടിച്ചു. കുറവൻ മലകളിൽനിന്ന് അരമണിക്കൂർ നടന്നാൽ വൈശാലി ഗുഹയിലെത്താം.  

idukki-travel2

ഭ്രമിപ്പിക്കും ഭ്രമരം വ്യൂ പോയിന്റ്

മോഹൻലാൽ നായകനായ ഭ്രമരത്തിലെ സാഹസിക ജീപ്പ് യാത്ര ചിത്രീകരിച്ചത് കാന്തല്ലൂരിലെ തുരുവപ്പെട്ടി പാറയിലാണ്. സിനിമയ്ക്കു ശേഷം ഇവിടേക്കു കൂടുതൽ സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ പ്രദേശം ഭ്രമരം വ്യൂ പോയിന്റ് ആയി മാറി. അൻപതിലധികം ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചു. വ്യൂ പോയിന്റിൽ നിന്നു നോക്കിയാൽ മറയൂർ, കോവിൽക്കടവ് ടൗണുകളും നോക്കെത്താ ദൂരത്തോളം കൃഷിഭൂമിയും കാണാം.

തൂക്കുപാലം രാശി

പോത്തിനു പിന്നാലെ നാടോടിയ ‘ജല്ലിക്കട്ടി’ലെ രംഗങ്ങൾ മറക്കാനാകുമോ?  അയ്യപ്പൻ കോവിൽ തൂക്കുപാലം ഭാഗത്താണ് ഇതു ചിത്രീകരിച്ചത്.  

idukki-travel1

വിവിധ തെന്നിന്ത്യൻ സിനിമകള്‍ക്ക് ഇവിടെ ലൊക്കേഷനായി. ലൈഫ് ഓഫ് ജോസൂട്ടി, എബി, ജയിംസ് ആൻഡ് ആലീസ് തുടങ്ങി ഒട്ടേറെ മലയാള സിനിമകൾക്കും വേദിയായി.

English Summary: Cinema Tourism Exploring Famous Film Locations

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA