ഡെസ്റ്റിനേഷൻ വെഡിങ്ങും കാരവൻ ടൂറിസവും; ഇതു മാറ്റങ്ങളുടെ കാലം

caravan-tourism
Image From Shutterstock
SHARE

കോവിഡ് നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചതു പലതരത്തിലാണ്. മുഖത്തെ ചിരി മാസ്കിനുള്ളിലായി. ആൾക്കൂട്ടം കണ്ടാൽ പേടി തോന്നുന്ന സ്ഥിതിയെത്തി. മറ്റുള്ളവരെ സ്പർശിക്കാതെ സഞ്ചരിക്കാൻ ശ്രമം തുടങ്ങി. നമ്മുടെ ഭക്ഷണ ശീലങ്ങൾ മുതൽ ആചാരങ്ങൾ വരെ മാറി. ആഘോഷങ്ങളും ചടങ്ങുകളും എങ്ങനെ നടത്തുമെന്ന ആലോചനയും ആശങ്കയും വളർന്നു. വിവാഹം പോലെയുള്ള ചടങ്ങുകളിൽ ആളുകളെ കുറയ്ക്കാൻ നിർബന്ധിതരായി. ഇപ്പോഴിതാ യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗമായ ഡെസ്റ്റിനേഷൻ വെഡിങ് കേരളത്തിലേക്കും എത്തുകയാണ്. ഇതു മാത്രമല്ല, കേരളത്തിലെ ടൂറിസം മേഖല പുത്തൻ പരീക്ഷണങ്ങൾക്കു വിധേയമാകുകയാണ്.

പല പ്രമുഖ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും വരും മാസങ്ങളിൽ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ നടത്താൻ കരാറുണ്ട്. കോവിഡ് കാരണം വിദേശ സഞ്ചാരികളുടെ വരവിൽ കാര്യമായ കുറവ് നേരിട്ട ടൂറിസം വ്യവസായത്തിന് ഊർജം നൽകുന്നതാണു പുതിയ ട്രെൻഡ്. സീസൺ കാലമായ നവംബറിലും ഡിസംബറിലും കൂടുതൽ വിവാഹങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ചെലവു കുറയുന്നതു കണക്കിലെടുത്ത്, സീസണല്ലാത്ത മാസങ്ങളിൽ വിവാഹം നടത്താനും കുടുംബങ്ങൾ തയാറായേക്കും. അങ്ങനെയെങ്കിൽ ടൂറിസം വ്യവസായത്തിനു സീസൺ നോക്കാതെ എല്ലായ്പ്പോഴും വരുമാനം നൽകുന്ന മേഖലയായി ‍ഡെസ്റ്റിനേഷൻ വെഡിങ് മാറും.

എന്താണു ഡെസ്റ്റിനേഷൻ വെഡിങ്?

വരന്റെയും വധുവിന്റെയും കുടുംബങ്ങൾ ഒരു സ്ഥലത്തേക്കു യാത്ര ചെയ്ത് അവിടുത്തെ പ്രകൃതിഭംഗി ആസ്വദിച്ച് വിവാഹവും നടത്തി തിരിച്ചെത്തുന്ന രീതിയാണു ഡെസ്റ്റിനേഷൻ വെഡിങ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കു നിശ്ചിത എണ്ണം ആളുകളേ പങ്കെടുക്കാവൂ എന്നുള്ളതും ഡെസ്റ്റിനേഷൻ വെഡിങ് വളരാൻ സഹായിച്ചു. നിലവിൽ കേരളത്തിൽ താമസിക്കുന്ന ഗുജറാത്തികളും മാർവാടികളും അടങ്ങുന്ന അന്യ സംസ്ഥാനക്കാരാണു ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്കായി റിസോ‍ർട്ടുകളെയും ഹോട്ടലുകളെയും സമീപിക്കുന്നത്. മലയാളികളുടെ എണ്ണവും കുറവല്ല. അഷ്ടമുടിയും കോവളവുമാണു ഡെസ്റ്റിനേഷൻ വെഡിങ്ങിൽ കൂടുതൽ ആവശ്യക്കാരുള്ള ഇടങ്ങൾ.

destination-wedding
Image From Shutterstock

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നതിനാൽ അവർ വലിയ തോതിൽ കേരളത്തിലെത്താൻ തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ ഉത്തരേന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണു ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കണക്കുകൂട്ടൽ. സീസൺ കഴിയുമ്പോഴേക്കും യാത്രാ നിബന്ധനകളെല്ലാം പിൻവലിക്കുകയാണെങ്കിൽ മോശമല്ലാത്ത വരുമാനം ഇവർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം കാര്യമായി സീസൺ ഉണ്ടായിരുന്നില്ല.

സ്റ്റേക്കേഷൻ ഇഷ്ടം

കോർപറേറ്റ് കമ്പനികളിൽ ജോലി ചെയ്തിരുന്നവർ കൂടുതൽ പേരും ഓഫിസിലെ കോൺക്രീറ്റ് ചുമരുകൾക്കുള്ളിലാണു ജീവിച്ചിരുന്നത്. കോവിഡിനു മുൻപ് ഈ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ജനങ്ങൾക്കു തോന്നിയിരുന്നുമില്ല. എന്നാൽ കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗൺ കാലത്തു വീടുകളിൽ അടച്ചിരുന്നപ്പോൾ എല്ലാവരും പ്രകൃതിയെ ഇഷ്ടപ്പെട്ടു തുടങ്ങി. അതിന്റെ തെളിവായിരുന്നു വീടുകളിൽ തുടങ്ങിയ പൂന്തോട്ടവും റോഡരികിലെ കാഴ്ചകളായി മാറിയ പൂച്ചട്ടി, ചെടി വിൽപനയും.

‘പ്രകൃതി മനം മടുപ്പിക്കാത്തതാണ്, ഉന്മേഷം തരുന്നതാണ്.‌ ‌പ്രകൃതിയോടു ചേർന്നു ജോലി ചെയ്യാൻ ഇഷ്ടമാണ്. ടെൻഷൻ കുറയും, കൂടുതൽ സന്തോഷവാനാകും. അതിലൂടെ കൂടുതൽ മികച്ച രീതിയിൽ ജോലി ചെയ്യാനും കഴിയുന്നുണ്ട്’ – ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരന്റെ അനുഭവം ഇങ്ങനെ.

മിക്ക ആളുകളും പ്രകൃതിയെ കൂടുതൽ അറിയാനും അടുക്കാനും തുടങ്ങിയതോടെ നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഒരു വാക്ക്, ഒരു ജീവിതശൈലി ഇക്കാലയളവിൽ ഉയർന്നുവന്നു – സ്റ്റേക്കേഷൻ. അവധിയാഘോഷത്തിലുമല്ല, പൂർണമായും ജോലിയിലും അല്ല എന്ന അവസ്ഥ. വൻ നഗരങ്ങളിൽ മടുപ്പിക്കുന്ന ജീവിതം നയിച്ചിരുന്നവർക്ക് ഇപ്പോൾ ഏതെങ്കിലും റിസോർട്ടിൽ മുറിയെടുത്ത് അവിടുത്തെ സൗകര്യങ്ങളും പ്രകൃതിഭംഗിയും ആസ്വദിച്ചുകൊണ്ട് ജോലി ചെയ്യാം. ജോലി കഴിഞ്ഞുളള സമയങ്ങളിൽ ആവോളം ആഘോഷിക്കാം. ജോലിയുടെ ടെൻഷനും തലവേദനയും പ്രകൃതിയിൽ അലിയിച്ചു കളയുകയാണു ഇവിടെ ചെയ്യുന്നത്.

സ്റ്റേക്കേഷൻ എന്ന രീതി ഇപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഐടി മേഖല ഒഴികെയുള്ള മിക്ക സ്ഥാപനങ്ങളും പൂർണതോതിൽ പ്രവർത്തനം നടത്തുന്ന സ്ഥിതിയിലെത്തുമ്പോഴും സ്റ്റേക്കേഷന് ആവശ്യക്കാർ ഉണ്ട്. കോവിഡ് ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെങ്കിലും പുതിയ ചില വഴികൾ തുറന്നിടുകയും ചെയ്തു. അതിൽ ഒന്നാണു സ്റ്റേക്കേഷൻ. 

മറ്റൊന്നു വാരാന്ത്യങ്ങളിലെ യാത്രകളാണ്. അടച്ചുപൂട്ടി വീട്ടിൽ ഇരുന്നപ്പോഴാണ് എല്ലാവരും യാത്രകൾക്കായി കൊതിച്ചു തുടങ്ങിയത്. അതിൽത്തന്നെ ജോലിയുടെ ക്ഷീണം ഇറക്കി വയ്ക്കാൻ ഞായറാഴ്ചകളിൽ കുടുംബത്തോടൊപ്പം യാത്ര പോകുന്നവരുടെ എണ്ണം കൂടി വരികയാണ്. വയനാട്ടിലും മൂന്നാറിലും മറ്റും വാരാന്ത്യങ്ങളിൽ തിരക്കുണ്ടാകുന്നത് കോവി‍ഡ് പൂർണമായി വിട്ടുമാറാഞ്ഞിട്ടും കാണാവുന്ന കാഴ്ചയാണ്. ഇത്തരം യാത്രകൾക്ക് ഉപയോഗപ്രദമാകുന്ന ചെറു റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും സാധ്യത കൂടുകയാണ് കോവിഡിനു ശേഷം.

രാജ്യാന്തര ടൂറിസ്റ്റുകളെ കാത്ത്..

കേരളത്തിലെ ടൂറിസം സീസൺ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ്. ഇത്തവണത്തെ സീസൺ ആരംഭിക്കുമ്പോഴും രാജ്യാന്തര വിമാന സർവീസുകളുടെ അനിശ്ചിതത്വം വിലങ്ങുതടിയാകുന്നുണ്ട്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്നും കേരളത്തിൽനിന്നു തന്നെയും ടൂറിസ്റ്റുകൾ എത്തുന്നുണ്ടെങ്കിലും ടൂറിസം മേഖലയ്ക്ക് പഴയ പ്രതാപത്തിലേക്കു മടങ്ങാൻ വിദേശികളുടെ വരവുകൊണ്ടേ കഴിയൂ. വിദേശി ടൂറിസ്റ്റുകൾ കേരളത്തിൽ ചെലവഴിക്കുന്ന പണവും കൂടുതലാണ്. വിദേശികൾ കൂടുതലായി എത്തുന്നത് ബുദ്ധമുട്ടനുഭവിക്കുന്ന സംസ്ഥാന ധനവകുപ്പിനും ഉത്തേജകമാകും.

വിവിധ രാജ്യങ്ങളിലെ വാക്സീനുകളുടെ അനുമതി സംബന്ധിച്ച പ്രശ്നങ്ങളും യാത്രാ നിബന്ധനകളുമാണു വിദേശ ടൂറിസ്റ്റുകളെ അകറ്റി നിർത്തുന്നത്. യാത്ര ബുക്ക് ചെയ്ത ശേഷം രാജ്യങ്ങളോ സംസ്ഥാനങ്ങളോ നയം മാറ്റുകയോ മാനദണ്ഡങ്ങൾ കടുപ്പിക്കുകയോ ചെയ്താൽ പണം നഷ്ടമാകുമെന്ന ഭയവും സഞ്ചാരികൾക്കുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പോലും കേരളത്തിലേക്കുള്ള യാത്രകൾ കുറയ്ക്കാൻ നിബന്ധനകൾ പ്രശ്നമാകുന്നുണ്ട്. രണ്ടും കൽപിച്ചു യാത്ര തുടങ്ങുന്ന ടൂറിസ്റ്റുകളാണ് ഇപ്പോൾ കേരളത്തിലെ ടൂറിസം വ്യവസായത്തെ താങ്ങി നിർത്തുന്നത്.

കാരവൻ ടൂറിസം

കേരളത്തിൽ വാൻ ലൈഫ് എന്ന പേരിൽ ചെറു കാരവനുകൾ നിർമിച്ച് യാത്ര നടത്തുന്ന രീതി ഏതാനും വർഷങ്ങളായി വളർന്നു വരികയായിരുന്നു. വാഹനങ്ങളിൽ അനധികൃതമായി നടത്തുന്ന ഇത്തരം മോടിപിടിപ്പിക്കലുകൾ അപകടങ്ങൾക്ക് ഇടയാക്കും. അതിനെതിരെ മോട്ടർ വാഹന വകുപ്പ് ശക്തമായി രംഗത്തുവരികയും ചെയ്തു. കാരവനുകൾക്ക് അംഗീകാരം നൽകുന്നതോടെ കാരവൻ സ്വന്തമാക്കിയോ വാടകയ്ക്കെടുത്തോ നിയമം അനുസരിച്ചു യാത്രകൾ നടത്താവുന്ന സ്ഥിതിയാണ് ഇപ്പോൾ. ഒരു വാഹനത്തിൽ കറങ്ങി നടന്ന്, അതിൽത്തന്നെ ഉറങ്ങി കാഴ്ചകൾ കാണുന്നതാണു കാരവൻ ടൂറിസം. ഇവ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലം ഒരുക്കുന്നതും പുതിയ തൊഴിൽ സാധ്യതകളും സംസ്ഥാനത്തിനു വരുമാനവും സൃഷ്ടിക്കുന്നതാണ്.

കേരളത്തിലെ ടൂറിസം മേഖല തന്നെ കോവിഡിനു ശേഷം വൻ മാറ്റങ്ങൾക്കു വിധേയമാകുകയാണ്. പുതുമകൾ തന്നെയാണ് എപ്പോഴും മനുഷ്യനെ ആകർഷിക്കുന്നതും. അങ്ങനെ നോക്കുമ്പോൾ കോവിഡിനു ശേഷം ടൂറിസം പുതിയ ഉയരങ്ങളിലെത്താനുള്ള സാധ്യതയാണു കേരളത്തിനു മുന്നിൽ തെളിയുന്നത്.

English Summary: Kerala tourism to hit new path through caravan tourism and destination wedding

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS