ADVERTISEMENT

 

തിരുവിതാംകൂറിലെ പ്രധാന വ്യാപാര കേന്ദ്രമായ ചങ്ങനാശേരി ചന്ത പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ട് രണ്ടു നൂറ്റാണ്ട് പിന്നിട്ടു. മാർക്കറ്റിനോടു ചേർന്ന് ബോട്ട് ജെട്ടി- പടിഞ്ഞാറൻ മേഖലയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് എത്താനുള്ള മാർഗം. ഇവിടെ വന്നിറങ്ങിയാൽ മുന്നിൽ  കാണുന്നത് ഹൈറേഞ്ചിലേക്കുള്ള സഞ്ചാരപാത- വാഴൂർ റോഡ്. മലനാടിനെയും ഇടനാടിനെയും ബന്ധിപ്പിക്കുന്ന ചങ്ങനാശേരിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ  ബോട്ട് ജെട്ടിയും ചന്തയും. 

കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് നിലവിലുള്ള സൗകര്യങ്ങൾക്കു പുറമേ പഴമയും പ്രൗഢിയും നിലനിർത്തി ഇവിടം കേന്ദ്രീകരിച്ച് ടൂറിസം ഉൾപ്പെടെയുള്ള പുതിയ വികസന സാധ്യതകൾ തേടണമെന്നും നടപ്പാക്കണമെന്നും ജനങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നു. 

ചങ്ങനാശേരി ചന്തയിലെയും ബോട്ട്ജെട്ടിയിലെയും കാഴ്ചകളും വികസന സാധ്യതകളും ഇങ്ങനെ...

അഞ്ചുവിളക്ക് 

ചന്തയുടെ തുടക്കം അടയാളപ്പെടുത്തി സ്ഥാപിച്ച അഞ്ചുവിളക്ക് ചങ്ങനാശേരിയുടെ പ്രതീകമായി മാറിയതാണ് പിൻകാല ചരിത്രം. ആനയെ കൈമാറ്റം ചെയ്ത് വേലുത്തമ്പി ദളവ മാർക്കറ്റ് ഔദ്യോഗികമായി തുറന്നു നൽകിയതിന്റെ ശതാബ്ദിയോടനുബന്ധിച്ച്1905ലാണ്  അഞ്ചുവിളക്ക് സ്ഥാപിച്ചത്. ആദ്യം സ്ഥാപിച്ച സ്ഥലത്തു നിന്ന് സ്ഥാനം മാറ്റിയാണ്   ബോട്ട് ജെട്ടിക്കും ചന്തയ്ക്കും ഇടയിലുള്ള ഭാഗത്ത് അഞ്ചുവിളക്ക് സ്ഥാപിച്ചതെന്ന് പഴമക്കാർ പറയുന്നു. കിഴക്കോട്ടു മാറി കോഴിച്ചന്ത എന്ന പിന്നീട് അറിയപ്പെട്ട ചൗക്ക ജംക്‌ഷനിൽ ആയിരുന്നു ആദ്യം വിളക്ക് ഉണ്ടായിരുന്നതെന്നാണ് പറയപ്പെടുന്നത്. ‘അഞ്ചുവിളക്കിന്റെ നാട്’ എന്ന് ചങ്ങനാശേരിയെ വിശേഷിപ്പിക്കുന്നതിനു പിന്നിലെ കാരണമായ ഈ വിളക്ക് കൃത്യമായ പരിപാലനം ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. 

പാണ്ടകശാലക്കടവ്

കേവ് വള്ളങ്ങളും കൊച്ചുവള്ളങ്ങളും തുടർച്ചയായി എത്തിയിരുന്ന പ്രദേശമാണ് പാണ്ടകശാലക്കടവ്.  സമീപ ജില്ലകളിൽ നിന്നും പടിഞ്ഞാറ് മേഖലയിൽ നിന്നുമുള്ള നൂറു കണക്കിന് വള്ളങ്ങളാണ് വ്യാപാര ആവശ്യങ്ങൾക്കായി ചങ്ങനാശേരി ചന്ത ലക്ഷ്യമാക്കി മൂന്നു പതിറ്റാണ്ടു മുൻപു വരെ എത്തിയിരുന്നത്. പടിഞ്ഞാറൻ പാടങ്ങളിൽ നിന്നുള്ള നെല്ല് കുത്തി അരിയാക്കുന്നതിനായി പത്തിലധികം മില്ലുകളാണ് ചങ്ങനാശേരി ബോട്ട്ജെട്ടി, അറുപതിൽ തോട്, പണ്ടകശാല കടവ് പ്രദേശങ്ങളിലായി പ്രവർത്തിച്ചിരുന്നത്. 

ബോട്ട് ജെട്ടി മുതൽ വെട്ടിത്തുരുത്ത് വരെയുള്ള ഭാഗങ്ങളിൽ വള്ളങ്ങൾ  നിരന്നു കിടന്നിരുന്നതായി പഴമക്കാർ ഇപ്പോഴും ഓർക്കുന്നു. കക്ക നീറ്റ് കേന്ദ്രങ്ങളും ഇൻകം ടാക്സ് ഓഫിസും (ആപ്പീസ് പറമ്പ് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഭാഗം) പണ്ടകശാലക്കടവ് ഭാഗത്ത് ഉണ്ടായിരുന്നു. മൺപാത്ര നിർമാണ ആവശ്യത്തിനുള്ള മണ്ണും വള്ളങ്ങളിലാണ് എത്തിച്ചിരുന്നത്. 

വണ്ടിപ്പേട്ട 

പടിഞ്ഞാറ് നിന്ന് വള്ളങ്ങളിലാണ് മാർക്കറ്റിലേക്ക് ആളുകൾ എത്തിയിരുന്നതെങ്കിൽ കിഴക്കൻ മേഖലകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കാളവണ്ടികളിലാണ് ചങ്ങനാശേരി ചന്തയിൽ വന്നിരുന്നത്. മലഞ്ചരക്കുകളുമായി വരുന്ന കാളവണ്ടികൾ അരിയും മറ്റും കയറ്റിയാണ് മടങ്ങിയിരുന്നത്. എണ്ണിയാൽ തീരാത്ത അത്രയും കാളവണ്ടികൾ മാർക്കറ്റിൽ എത്തിയിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. കാളകൾക്ക് വിശ്രമിക്കാനും മറ്റുമായി‍ മാർക്കറ്റിൽ സ്ഥലമുണ്ടായിരുന്നു.  ആ സ്ഥലം പിന്നീട് വണ്ടിപ്പേട്ട എന്നറിയപ്പെടാൻ തുടങ്ങി. കാളകൾ ഇല്ലെങ്കിലും ഇപ്പോഴും മാർക്കറ്റിൽ വണ്ടിപ്പേട്ടയുണ്ട്.

കാളയ്ക്കുള്ള കച്ചി വിൽക്കുന്നവർ, പുളിമ്പൊടി വേവിച്ച് വിൽക്കുന്നവർ, ലാടന്മാർ തുടങ്ങി മറ്റൊരു വിഭാഗം വണ്ടിപ്പേട്ടയ്ക്കു ചുറ്റും ജീവിച്ചിരുന്നു. ഇവിടെ എത്തിയിരുന്ന കാളവണ്ടികളെ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവിതം. കൈവണ്ടികളും അക്കാലത്ത് മാർക്കറ്റിൽ ധാരാളമായിരുന്നു. ‍ നേതാക്കളുടെയും വ്യക്തികളുടെയും പേരുകളിട്ട ആയിരത്തിലധികം കൈവണ്ടികൾ മാർക്കറ്റിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തുന്നവർ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസ് ആയിരുന്ന മുസാവരി ബംഗ്ലാവ് ഈ ഭാഗത്താണ് ഉള്ളത്. 

ടൂറിസം

മാർക്കറ്റിന്റെ പഴമ നിലനിർത്തുന്നതിനൊപ്പം ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി  വിനോദസഞ്ചാര പദ്ധതികൾ വിഭാവനം ചെയ്താൽ മാർക്കറ്റിന്റെയും നാടിന്റെയും വികസനത്തിനു കൂടുതൽ പ്രയോജനകരമാകും എന്ന് വിവിധ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

ദേശീയ ജലപാതയായ ചങ്ങനാശേരി - ആലപ്പുഴ ബോട്ട് റൂട്ട് കനാലിൽ കൂടുതൽ ബോട്ട് സർവീസുകൾ നടത്തിയും മാർക്കറ്റ് കേന്ദ്രീകരിച്ച് നൈറ്റ് ഷോപ്പിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും. 

പിഎംജെ കോംപ്ലക്സിലും പെരുന്ന രാജേശ്വരി കോംപ്ലക്സ് ഭാഗത്തും രാത്രികാലങ്ങളിൽ ആളുകൾ സജീവമായി എത്തുന്നുണ്ട്. സമാനമായ രീതിയിൽ മാർക്കറ്റ് ഭാഗത്തേക്കും ആളുകളെ എത്തിക്കാൻ കഴിഞ്ഞാൽ ഈ മേഖലയിൽ കൂടുതൽ വികസന സാധ്യതകൾ രൂപപ്പെടുമെന്നും ഇവർ പറയുന്നു. ടൂറിസം വകുപ്പുമായും ഇറിഗേഷൻ വകുപ്പുമായും ജലഗതാഗത വകുപ്പുമായും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലുമായും സഹകരിച്ച് ദീർഘകാല അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ ഒരുക്കണമെന്നും അഭിപ്രായമുണ്ട്. വിവിധ സംഘടനകളും വ്യക്തികളും മുൻപോട്ട് വയ്ക്കുന്ന അഭിപ്രായങ്ങൾ ഇങ്ങനെ : 

∙ മറ്റു രാജ്യങ്ങളിൽ നടത്തി വിജയിച്ചിട്ടുള്ള മാതൃകയിലുള്ള രാത്രികാല ഷോപ്പിങ് സാധ്യതകൾ ചങ്ങനാശേരി മാർക്കറ്റിലും നടപ്പാക്കണം. വൈകിട്ട് 6 മണിയോടെ വ്യാപാരസ്ഥാപനങ്ങളിൽ മിക്കതും അടയ്ക്കുന്നതാണ് മാർക്കറ്റിലെ രീതി. രാത്രി വൈകുന്നതു വരെയുള്ള ബാക്കി സമയം ബോട്ട്ജെട്ടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കരകൗശല വസ്തുക്കൾ, നാടൻ ഭക്ഷണങ്ങൾ, വിനോദ സഞ്ചാര ഉപാധികൾ എന്നിവയുടെ പ്രദർശനവും വിൽപനയും നടത്താനുള്ള സാധ്യത തേടണം.  പഴയ കെട്ടിടങ്ങൾ കണ്ടു മനസ്സിലാക്കാനുള്ള അവസരമായും ഇതിനെ കാണണം. ശുചീകരണം ഉൾപ്പെടെയുള്ള ജോലികൾ നഗരസഭയുടെ നേതൃത്വത്തിൽ ഉറപ്പാക്കണം. മാർക്കറ്റിലെ വ്യാപാരികളെ ഒരു രീതിയിലും ബാധിക്കാത്ത വിധത്തിലും ഇവരെ സഹായിക്കുന്നതുമായ രീതിയിലാകണം പദ്ധതി നടപ്പാക്കേണ്ടത്.  

∙ മാർക്കറ്റിലെ കാഴ്ചകൾ കണ്ട് ബോട്ട്ജെട്ടിയിൽ എത്തുന്നവർക്കായി ചെറുവള്ളങ്ങളും ബോട്ടുകളും ക്രമീകരിക്കണം. കാവാലം, പുളിങ്കുന്ന്, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം. ടൂറിസം ബോട്ട്ജെട്ടി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അലങ്കാര ദീപങ്ങൾ മുടക്കമില്ലാതെ തെളിക്കാനുള്ള നടപടികളും സ്വീകരിക്കണം. 

∙ നിർദിഷ്ട ബോട്ട്ജെട്ടി - വേട്ടടി - മനയ്ക്കച്ചിറ ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെറുവള്ളങ്ങൾ ഈ റൂട്ടിൽ സഞ്ചരിക്കാൻ അവസരം ഒരുക്കുകയും ചെയ്യണം. നടപ്പാതകളും അലങ്കാര വിളക്കുകളും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. 

ഇക്കാര്യങ്ങൾ പൂർത്തീകരിച്ചാൽ ചങ്ങനാശേരി മാർക്കറ്റിലെ കാഴ്ചകൾ കണ്ട് ബോട്ട്ജെട്ടിയിൽ എത്തി ചെറുവള്ളങ്ങളിൽ കയറി എസി റോഡിൽ മനയ്ക്കച്ചിറയിൽ വിനോദസഞ്ചാരികൾക്ക് തിരികെ വാഹനത്തിൽ പോകാനുള്ളതിന്റെ സാധ്യതയും പരിശോധിക്കണം. മനയ്ക്കച്ചിറ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ള കൂടാരങ്ങളും മറ്റും വിനോദത്തിനും മറ്റുമായി രൂപപ്പെടുത്തിയാൽ ആ ഭാഗവും വികസിക്കും. 

∙ ചങ്ങനാശേരിയിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള ജലപാത ആഴം കൂട്ടണം. അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള പാലങ്ങൾ പൊളിച്ചു പണിയണം. തോടിന്റെ വശങ്ങളിലെ കൽക്കെട്ടുകൾ ബലപ്പെടുത്തുക കൂടി ചെയ്താൽ ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ളവ സുഗമമായി സഞ്ചരിക്കാൻ അവസരമൊരുങ്ങും. കോട്ടയം തോട്ടിലൂടെ നാട്ടകം പോർട്ടുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞാൽ ചരക്ക് ഗതാഗതം അഭിവൃദ്ധിപ്പെടുന്നതിനും കാരണമാകും. 

English Summary: Anjuvilakku in changanacherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com