ADVERTISEMENT

ഈ വര്‍ഷമെങ്കിലും ന്യൂ ഇയറും ക്രിസ്മസുമൊക്കെ വിദേശത്ത് ആഘോഷിക്കാം എന്നു സന്തോഷിച്ചിരിക്കുകയായിരുന്നു മിക്ക യാത്രാപ്രേമികളും. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടുപിടിച്ചതോടെ അതിനി നടക്കുമോയെന്നു കണ്ടറിയണം. പല രാജ്യങ്ങളും വാക്സിനേഷന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്കായുള്ള യാത്രാനിയന്ത്രണങ്ങള്‍ ഈയിടെ എടുത്തു മാറ്റുകയും അവര്‍ക്കായി അതിര്‍ത്തികള്‍ തുറക്കുകയും ചെയ്തിരുന്നു. 

നിലവില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനമുള്ള നിരവധി രാജ്യങ്ങളുണ്ട്, എന്നാല്‍ വാക്സീനുകള്‍ എത്ര കാലത്തേക്ക് പ്രയോജനകരമാകും എന്നതിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് കാലാവധി നിശ്ചയിച്ചിട്ടുണ്ട്. അത്തരം ചില രാജ്യങ്ങളും അവിടേക്ക് യാത്ര ചെയ്യുമ്പോള്‍ കരുതേണ്ട സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധിയും അറിയാം.

1. ക്രൊയേഷ്യ

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്കു കാലാവധി നിശ്ചയിച്ച ആദ്യ രാജ്യമാണ് ക്രൊയേഷ്യ. ഫൈസർ, മൊഡേണ, ഗമാലേയ എന്നിവയിലൊരു വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം, വാക്സീൻ സ്വീകരിച്ച് 22 മുതൽ 42 വരെ ദിവസത്തേക്ക് ക്രൊയേഷ്യയിൽ പ്രവേശിക്കാം, ആസ്ട്രസെനക്ക വാക്സീന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് 22 മുതൽ 42 വരെ ദിവസത്തേക്കും പ്രവേശിക്കാം. രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് ഒരു വര്‍ഷം വരെ ഇവിടേക്ക് പ്രവേശിക്കാം. 

2. ഓസ്ട്രിയ

2021 ഡിസംബർ 6 മുതൽ, രണ്ട് വാക്സീൻ ഡോസുകൾ എടുത്തതിന്റെ സർട്ടിഫിക്കറ്റുകൾക്ക് ഒമ്പതു മാസത്തേക്കു മാത്രമേ സാധുതയുള്ളൂവെന്ന് ഓസ്ട്രിയൻ അധികൃതർ അറിയിച്ചിട്ടുണ്ട്. മുമ്പ്, ഓസ്ട്രിയയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് 12 മാസത്തെ സാധുത ഉണ്ടായിരുന്നു. രണ്ടാമത്തെ ഡോസിന്‍റെ തീയതി മുതലാണ്‌ കാലാവധി കണക്കാക്കുന്നത്. ആസ്ട്രസെനക്ക, മൊഡേണ, ഫൈസർ/ബയോഎൻടെക്, ജോൺസൺ ആൻഡ് ജോൺസൺ, കോവിഷീൽഡ്, സിനോവാക്, സിനോഫാം തുടങ്ങിയവയാണ് ഓസ്ട്രിയയിലെ അംഗീകൃത വാക്സീനുകള്‍. ഒരു ഡോസ് മാത്രം ആവശ്യമുള്ള വാക്സീനുകൾ, വാക്സിനേഷൻ തീയതിയുടെ 22-ാം ദിവസം മുതൽ 270 ദിവസം വരെ സാധുതയുള്ളതായി തുടരും. 

3. സ്വിറ്റ്സർലൻഡ്

പൂർണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർക്കായി സ്വിറ്റ്സർലൻഡും ഈയിടെ സ്വാഗതമരുളിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പൂർണമായ വാക്സിനേഷൻ തീയതി മുതൽ 12 മാസത്തേക്കാണ് ഇവിടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി. 

4. വിയറ്റ്നാം

അടുത്ത മാസം മുതല്‍ വിനോദസഞ്ചാരം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ഒരു പൈലറ്റ് പ്രോഗ്രാം ആരംഭിക്കാനിരിക്കുകയാണ് വിയറ്റ്നാം. ഇതിന്‍റെ ഭാഗമായി, പൂർണ വാക്സിനേഷൻ സ്വീകരിച്ച വിദേശ വിനോദസഞ്ചാരികൾക്ക്, മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട ഫു ക്വോക്കിലേക്ക് ക്വാറന്റീൻ രഹിത പ്രവേശനം അനുവദിക്കും. ഇങ്ങനെ എത്തുന്ന യാത്രക്കാർ അവരുടെ രണ്ടാമത്തെ വാക്സീൻ ഷോട്ട് യാത്രക്ക് 14 ദിവസം മുമ്പെങ്കിലും സ്വീകരിച്ചിരിക്കണം, 12 മാസമാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പരമാവധി കാലയളവ്‌. 

5. ഇസ്രയേല്‍ 

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളായ ഫൈസർ, മൊഡേണ, ആസ്ട്രസെനക്ക, സിനോവാക്, സിനോഫാം, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ജോൺസൺ ആൻഡ് ജോൺസൺ, സ്‌പുട്‌നിക്-വി  എന്നിവയുടെ പൂര്‍ണ ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കാം. വാക്സിനേഷന്‍ സ്വീകരിച്ച തീയതി തൊട്ട്,  14 മുതല്‍ 180 ദിവസം വരെയാണ് സര്‍ട്ടിഫിക്കറ്റിനു സാധുത.

ശ്രദ്ധിക്കാം: ഒമിക്രോൺ വൈറസ് വ്യാപനത്തെ തുടർന്ന് മിക്ക രാജ്യങ്ങളിലേക്കുമുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

English Summary: 5 Countries That Have Issued Expiry Dates For Covid-19 Vaccination Certificates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com