ADVERTISEMENT

ക്രിസ്മസ് പുതുവൽസര അവധിയാഘോഷത്തിന്റെ ഭാഗമായി മൂന്നാറിലേക്ക് സഞ്ചാരികള‌ുടെ തിരക്കാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് ഏറെക്കുറേ പൂർണമാണ്. തേക്കടി, വാഗമൺ, പരുന്തുപാറ, മൂന്നാർ എന്നിവിടങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുതുവല്‍സരാഘോഷവുമായി ബന്ധപ്പെട്ട് റിസോർ‌ട്ടുകൾ മികച്ച ഒാഫറുകളും പാക്കേജും ഒരുക്കിയിട്ടുണ്ട്. ഇൗ ആഴ്ചയും തിരക്ക് വർദ്ധിക്കുമെന്നാണ് കരുതുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, റോസ്ഗാർഡൻ, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, കുണ്ടള എന്നിവിടങ്ങളിലാണ് ഏറ്റവുമധികം സന്ദര്‍ശകർ എത്തിയത്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കു സന്ദർശക പ്രവാഹമായിരുന്നു. ക്രിസ്മസ് ദിനത്തിൽ 3200 പേരും ഞായറാഴ്ച 4068 പേരും ഇന്നലെ 2131 പേരും എത്തിയെന്നു ഹൈഡൽ ടൂറിസം അധികൃതർ പറഞ്ഞു. മണിക്കൂറുകളോളം കാത്തു നിന്നാണ് സഞ്ചാരികൾ പാസ് വാങ്ങിയത്.

idukki-travel2

എന്നാൽ ഇടുക്കി തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കാൻ പലർക്കും സാധിച്ചില്ല. വെള്ളാപ്പാറയിൽ ഒരേ സമയം 20 പേർക്കു സഞ്ചരിക്കാവുന്ന ഒരു ബോട്ട് മാത്രമായിരുന്നു വനം വകുപ്പ് ഒരുക്കിയിരുന്നത്. ഇതോടെ ദീർഘനേരം കാത്തിരുന്ന പലരും നിരാശരായി മടങ്ങി. ഫെബ്രുവരി 28 വരെയാണ് അണക്കെട്ടുകൾ സന്ദർശിക്കാൻ അനുമതി.

മഞ്ഞിൽ പൊതിഞ്ഞ് മൂന്നാര്‍

അതിശൈത്യത്തിലേക്ക് അതിവേഗം വഴുതി വീഴുന്ന മൂന്നാറിൽ കഴിഞ്ഞ ശനിയാഴ്ച പുലർകാല താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെയെത്തി. മൂന്നാർ ടൗൺ മേഖലയിൽ നാല് ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ ചെണ്ടുവരൈ, സൈലന്റ്‌വാലി എന്നിവിടങ്ങളിലാണ് രണ്ട് ഡിഗ്രി വരെ താപനില താഴ്ന്നത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മാട്ടുപ്പെട്ടിയിൽ 6 ഡിഗ്രി സെൽഷ്യസായിരുന്നു.

idukki-travel1

കന്നിമല, ലക്ഷ്മി പ്രദേശങ്ങളിൽ 5 ഡിഗ്രിയും രേഖപ്പെടുത്തി. അതിശൈത്യം ആരംഭിച്ചതോടെ മഞ്ഞു വീഴ്ചയും ശക്തമാണ്. രാത്രികാല മഞ്ഞ് വീഴ്ചയും പ്രഭാതത്തിലെ വെയിലുമേറ്റ് തേയിലച്ചെടികൾ വാടിക്കരിയാൻ തുടങ്ങിയിട്ടുണ്ട്. കുളിരാസ്വദിക്കാൻ സന്ദർശകരുടെ നല്ല തിരക്കാണിപ്പോൾ മൂന്നാറിൽ.

English Summary: Steady rise in Tourist flow to Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com