സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത; ഫുക്കറ്റിൽ ക്വാറന്‍റീന്‍ വേണ്ട, യാത്ര ഇങ്ങനെയെങ്കില്‍

Phuket
SHARE

വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഫുക്കറ്റ് യാത്രയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് തായ്‌ലൻഡ് ടൂറിസം അതോറിറ്റി. ഫുക്കറ്റ് സാന്‍ഡ്ബോക്സ് പ്രോഗ്രാമിന് കീഴില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമില്ലെന്ന് അതോറിറ്റി അറിയിച്ചു. വർദ്ധിച്ചുവരുന്ന ഒമിക്രോണ്‍ കേസുകള്‍ കണക്കിലെടുത്ത്, തായ്‌ലൻഡ് വിദേശ യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്‍റീന്‍ പുനഃസ്ഥാപിച്ചിരുന്നു. 

ക്വാറന്‍റീന്‍ ഇല്ലെങ്കിലും സാന്‍ഡ്ബോക്സ് പ്രോഗ്രാമിന്‍റെ കീഴില്‍ എത്തുന്നവര്‍ ഏഴു രാത്രികള്‍ നിര്‍ബന്ധമായും ഫുക്കറ്റിൽ തങ്ങണം. അഞ്ചാം അല്ലെങ്കിൽ ആറാം ദിവസം രണ്ടാമത്തെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണം. അതിനുശേഷം, ഫലം നെഗറ്റീവ് തന്നെയാണെങ്കില്‍ തായ്‌ലൻഡിലെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അനുമതിയുണ്ട്. 

യാത്രയ്ക്ക് മുന്‍പ് ഏതെങ്കിലും രാജ്യത്തു നിന്നും പൂര്‍ണ്ണ വാക്സിനേഷൻ സ്വീകരിച്ച ആഭ്യന്തര, വിദേശ സഞ്ചാരികള്‍, വാക്സിനേഷൻ എടുത്ത മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നവരും വാക്സിനേഷൻ എടുക്കാത്തവരുമായ 18 വയസ്സിന് താഴെയുള്ള കുട്ടികൾ, കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർ എന്നിവര്‍ക്കാണ് നിലവില്‍ ഫുക്കറ്റ് യാത്രയ്ക്ക് അനുമതിയുള്ളത്. തായ്‌ലൻഡിലേക്ക് പുറപ്പെടുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും വാക്സിനേഷന്‍ പൂര്‍ത്തിയായിരിക്കണം, എന്നാല്‍  12 മാസത്തിൽ കൂടുതലാവാനും പാടില്ല. വാക്‌സിനേഷൻ എടുക്കാത്ത മുതിർന്ന യാത്രക്കാർ 10 ദിവസത്തേക്ക് ഫുക്കറ്റിലെ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളിൽ നിർബന്ധിത ക്വാറന്‍റീനില്‍ കഴിയേണ്ടി വരും. 

സാൻഡ്ബോക്സ് പ്രോഗ്രാമിന് കീഴില്‍ യാത്ര ചെയ്യുന്നവര്‍ വാക്സിൻ സർട്ടിഫിക്കറ്റ്/വാക്സിനേഷന്‍ എടുത്തതായി കാണിക്കുന്ന തെളിവ്, തായ്‌ലൻഡിലേക്ക് പോകുന്നതിന് മുന്‍പ് എടുത്ത നെഗറ്റീവ് ആർടി പിസിആർ കോവിഡ് 19 ടെസ്റ്റ് റിപ്പോര്‍ട്ട്, കോവിഡ് -19 ഇൻഷുറൻസ്, തായ്‌ലൻഡ് പാസ് എന്നിവ കയ്യില്‍ കരുതണം. www.thailandpsas.com വഴി പ്രീ-പെയ്ഡ് ആർടി പിസിആർ കോവിഡ് 19 ടെസ്റ്റ്‌ ബുക്കിങ് ചെയ്യണം.

വിദേശത്ത് നിന്നെത്തുന്നവര്‍ നേരിട്ട് ഫുക്കറ്റിലേക്ക് തന്നെ പറക്കണം, ബാങ്കോക്കിൽ ട്രാൻസിറ്റ് ഉണ്ടായിരിക്കുന്നതല്ല. ഏഴു രാത്രികളോ അതില്‍ കൂടുതലോ തങ്ങുന്നവര്‍ക്ക് തായ്‌ലൻഡിലെ ഏതു ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രവും സന്ദര്‍ശിക്കാം.

ഒമിക്രോണ്‍ കേസുകള്‍ പരിഗണിച്ച് 2021 ഡിസംബർ 22 മുതൽ പുതിയ സാൻഡ്‌ബോക്‌സ് ആപ്ലിക്കേഷനുകൾ താൽക്കാലികമായി നിർത്തിവയ്ക്കാന്‍ തായ്‌ലൻഡിന്‍റെ സെന്‍റര്‍ ഫോർ കോവിഡ്-19 സിറ്റ്വേഷന്‍ അഡ്മിനിസ്‌ട്രേഷൻ (CCSA)ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഫുക്കറ്റിലേക്ക് പോകാൻ താൽപര്യമുള്ളവർക്ക്, ഫുക്കറ്റ് സാൻഡ്‌ബോക്‌സ് പ്രോഗ്രാമിനും ഹാപ്പി ക്വാറന്‍റീനും കീഴിൽ തായ്‌ലൻഡ് പാസിനായി റജിസ്റ്റർ ചെയ്യാം. 

എന്താണ് സാൻഡ്‌ബോക്‌സ് പ്രോഗ്രാം?

പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാരെ ക്വാറന്‍റീന്‍ കൂടാതെ തായ്‌ലൻഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന ഒരു പുതിയ യാത്രാമോഡല്‍ ആണ് സാൻഡ്‌ബോക്‌സ് പ്രോഗ്രാം. തായ് അതിർത്തികൾ പൂർണ്ണമായി വീണ്ടും തുറക്കുന്നതിന് മുമ്പ്, 2021 ജൂലൈ 1-നാണ് പ്രോഗ്രാം ആരംഭിച്ചത്. സാൻഡ്‌ബോക്‌സ് മോഡല്‍ പരീക്ഷിച്ച ആദ്യത്തെ തായ് വിനോദസഞ്ചാരമേഖലയായിരുന്നു ഫുക്കറ്റ്.

English Summary: Thailand: No quarantine in Phuket to those entering under Phuket Sandbox

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA