ADVERTISEMENT

''ഇപ്പോൾ ഓർക്കുമ്പോൾ കൂടി നിസ്സഹായനായി നിന്നു പോകുന്നു. പകൽ പതിനൊന്നു മണി എന്നതു രാത്രി ആയിരുന്നുവെങ്കിൽ ചെറിയ കുഞ്ഞടങ്ങുന്ന ഞങ്ങളുടെ കുടുംബം എന്തു ചെയ്തേനെ? എറണാകുളം പോലൊരു നഗരത്തിലായതു കൊണ്ടുതന്നെ താമസിക്കാനായി മറ്റു ഹോട്ടലുകൾ ധാരാളമുണ്ട്. മൂന്നാറോ പൊന്മുടിയോ പോലുള്ള ഹിൽ സ്റ്റേഷനോ പരിചിതമല്ലാത്ത സ്ഥലമോ ആയിരുന്നെങ്കിൽ എന്തു ചെയ്യും?'' ഈ ചോദ്യങ്ങൾ ഉയരുന്നത് ഓൺലൈൻ ഹോട്ടൽ ബുക്കിങ് സൈറ്റ് ആയ അഗോഡയ്‌ക്കെതിരെയാണ്. രോഷിത് റോഷൻ എന്ന എറണാകുളം സ്വദേശി അഗോഡയിൽ നിന്നും നേരിട്ട തട്ടിപ്പിനെക്കുറിച്ച് മനോരമ ഓൺലൈനിനോട് വിവരിക്കുന്നു.

രോഷിതിന്റെ വാക്കുകളിലൂടെ...

ഡിസംബർ 17 നു തിരുവനന്തപുരത്തു നിന്നു സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഞാനും ഭാര്യയും കുട്ടിയും മാതാപിതാക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബം എറണാകുളത്തേക്കു യാത്ര തിരിക്കുന്നത്. അതിനു മൂന്നോ-നാലോ ദിവസങ്ങൾക്കു മുൻപ് അഗോഡ വഴി തേവരയിൽ സ്ഥിതി ചെയ്യുന്ന ഹെറിറ്റേജ് റിസോർട്ടിൽ രണ്ടു മുറികൾ ബുക്ക് ചെയ്തു. അഗോഡയുടെ ആപ്ലിക്കേഷൻ വഴിയാണ് മുറികൾ ബുക്ക് ചെയ്തത്. ബുക്കിങ് കൺഫേർമേഷനും ഐഡിയും ഉൾപ്പെടെയുള്ള രേഖകൾ മെയിൽ വഴി ലഭിക്കുകയും ചെയ്തു.

വെളുപ്പിനെ തിരുവനന്തപുരത്തു നിന്നു യാത്ര തിരിച്ച ഞങ്ങൾ ചെക്കിങ് സമയമായ പതിനൊന്നോടെ തന്നെ തേവരയിലുള്ള ഹോട്ടലിൽ എത്തിചേർന്നു. എന്നാൽ പിന്നീട് നടന്ന കാര്യങ്ങൾ അപ്രതീക്ഷിതമായിരുന്നു. മുറികൾ ബുക്ക് ചെയ്തതിന്റെ രേഖകൾ ഹോട്ടലുമായി ബന്ധപ്പെട്ടവരെ കാണിച്ചപ്പോൾ അവർക്കു അത്തരത്തിലൊരു ബുക്കിങ് ലഭിച്ചിട്ടില്ലെന്നും അഗോഡ എന്നതു ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷൻ ആണെന്നും ഹോട്ടലിനു അവരുമായി യാതൊരു ബന്ധവുമില്ലെന്ന മറുപടിയാണ് ലഭിച്ചത്.

പ്രശ്നപരിഹാരത്തിനായി അഗോഡയുടെ കസ്റ്റമർ കെയറിൽ വിളിച്ചു സംസാരിക്കാനായി തിരഞ്ഞപ്പോഴാണ് ഫോൺ നമ്പർ പോലും അവരതിൽ നൽകിയിട്ടില്ലെന്ന് മനസിലായത്. ചാറ്റ് വിത്ത് അസ് എന്നൊരു ഓപ്ഷൻ ആപ്ലിക്കേഷനിൽ കാണിക്കുന്നുണ്ടെങ്കിലും നമ്മുടെ പരാതി രേഖപ്പെടുത്താനുള്ള യാതൊരു മാർഗവും അതിലുണ്ടായിരുന്നില്ല. ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ ലഭിച്ച അഗോഡയുടെ ടോൾഫ്രീ  നമ്പറുകളിൽ വിളിച്ചു നോക്കിയെങ്കിലും നിലവിലില്ല എന്ന മറുപടിയാണ് ലഭിച്ചത്. പരാതികൾ ബോധിപ്പിക്കാനായി ഒരു ഇമെയിൽ ഐ ഡി പോലും അവരുടെ സൈറ്റിൽ നൽകിയിട്ടുണ്ടായിരുന്നില്ല.

ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിൽ നിന്ന ഞങ്ങളുടെ നിസഹായത കണ്ടതുകൊണ്ടായിരിക്കണം ബുക്ക് ചെയ്ത അതേ നിരക്കിൽ തന്നെ മുറികൾ നൽകാൻ ഹെറിറ്റേജ് ഹോട്ടൽ തയാറായി. മുറികൾ ബുക്ക് ചെയ്യുന്ന സമയത്തു മേൽപറഞ്ഞ ഹോട്ടലിൽ മുറികൾ ലഭ്യമല്ല എന്നത് മറ്റു ഹോട്ടൽ ബുക്കിങ് സൈറ്റായ ഓയോയിൽ കണ്ടിരുന്നുവെങ്കിലും അഗോഡയിൽ മുറികൾ ഉണ്ടെന്നാണ് കാണിച്ചിരുന്നത്. യഥാർത്ഥത്തിൽ ആ ദിവസങ്ങളിൽ റിസോർട്ടിൽ മുറികൾ ലഭ്യമായിരുന്നില്ല. എന്നാൽ ഈ പറഞ്ഞ ദിവസങ്ങളിലെല്ലാം മുറികൾ ഉണ്ടെന്നു അഗോഡയിൽ കാണാമായിരുന്നു. ഓൺലൈൻ ഹോട്ടൽ ബുക്കിങ് സൈറ്റ് ആയ അഗോഡയുടെ  തട്ടിപ്പിന്റെ മുഖം അവിടം മുതലാണ് ഞങ്ങൾക്കു വെളിപ്പെട്ടു തുടങ്ങിയത്.

തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ നേരിടേണ്ടി വന്ന ഈ ദുരനുഭവം ബോധിപ്പിക്കാനായി പല വഴികളിലൂടെ അഗോഡയെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഒടുവിൽ അവരുടെ ഫേസ്ബുക്ക് പേജിൽ ഞങ്ങൾ നേരിട്ട അനുഭവം കമന്റ് ആയി രേഖപ്പെടുത്തി. തുടർന്ന്, ക്ഷമാപണം അറിയിച്ചുകൊണ്ടുള്ള ഒരു മെയിൽ അവരിൽ നിന്നും ലഭിച്ചു. ഹോട്ടലുമായി ബന്ധപ്പെടാം എന്നും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതു അന്വേഷിക്കാമെന്നും ആ മെയിലിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതിനു ശേഷം രണ്ടുദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഒരു മെയിൽ കൂടി ലഭിക്കുകയുണ്ടായി. ഇത്തരത്തിൽ സംഭവിച്ചു പോയതിനു ക്ഷമ പറയുന്നതിനൊപ്പം കാൻസിലേഷൻ ഫീ പോലും ഈടാക്കാതെ നൽകിയ തുക തിരിച്ചു തരാമെന്നുമായിരുന്നു ആ മെയിലിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. ആ മെയിൽ ലഭിച്ചു ഏകദേശം ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇന്നും ആ തുക തിരികെ ലഭിച്ചിട്ടില്ല. 

ബന്ധപ്പെടാൻ ഒരു ടോൾഫ്രീ നമ്പറോ, ഒരു മെയിൽ ഐഡിയോ പോലുമില്ല. സൈറ്റിൽ കാണുന്ന ഹെൽപ് സെന്റർ എന്ന ഭാഗത്തു പരാതികൾ ബോധിപ്പിക്കാനൊരു ഓപ്ഷൻ പോലുമില്ല. എന്തുകൊണ്ട് ഇതൊന്നും ലഭ്യമാക്കിയിട്ടില്ല എന്ന ചോദ്യത്തിനുള്ള ഏക മറുപടി നിങ്ങളുടെ പണം മടക്കി തരാം എന്നതു മാത്രമാണ്. എന്നാൽ ദിവസങ്ങൾ ഇത്ര കഴിഞ്ഞിട്ടും പണവും നൽകാൻ തയാറായിട്ടില്ല. –രോഷിത് പറയുന്നു.

തട്ടിപ്പിന്റെ പുതിയ കഥകൾ ഇനിയുമേറെ പറയുന്നുണ്ട് അഗോഡയുടെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ്. ധാരാളം പേര് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ അവിടെ പങ്കുവച്ചിരിക്കുന്നു. ഓൺലൈനായി ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യാൻ ഒരുങ്ങുന്നതിനു മുൻപ് തട്ടിപ്പിന്റെ ഈ പുതിയ മുഖങ്ങൾ കൂടി മനസിലാക്കണം. രോഷിതിന്റെ അനുഭവം അതിനൊരു പാഠമാണ്.

English Summary: Online Hotel Booking Fraud man lost Money on- Agoda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com