ADVERTISEMENT

തിയേറ്ററുകളില്‍ സിനിമകള്‍ റിലീസാവുന്നതു പോലെ ഓരോ ദിവസവും ഓരോ പുതിയ വൈറസുകള്‍ റിലീസായിക്കൊണ്ടിരിക്കുന്ന കാലമാണ്. ആദ്യമായി കൊറോണ വന്നപ്പോള്‍ പേടിച്ച് ഹൃദയസ്തംഭനം വരെയെത്തിയ ആളുകള്‍ക്ക് പോലും ഇപ്പോള്‍ അങ്ങേയറ്റത്തെ നിസ്സംഗത മാത്രമാണ് ഉള്ളത്. എന്തു ചെയ്യാനാണ്? വരാനുള്ളത് വഴിയില്‍ തങ്ങാതെ ഇങ്ങു പോന്നാല്‍ വാതിലടച്ചിരുന്നിട്ട് കാര്യമില്ലല്ലോ. അനിശ്ചിതത്വത്തിന് കയ്യും കാലും വെക്കുന്ന കാലത്ത്, ചെയ്യാനുള്ള കാര്യങ്ങളും ആഗ്രഹങ്ങളുമെല്ലാം പിന്നീടത്തേക്ക് മാറ്റി വെക്കാതെ പെട്ടെന്നുതന്നെ ചെയ്യാന്‍ ആളുകള്‍ പഠിച്ചു എന്നതാണ് ഈ സമയം വരുത്തിയ ഏറ്റവും വലിയ ഒരു മാറ്റം. വിനോദസഞ്ചാരത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. ഏറെക്കാലമായി കാണണം, പോകണം എന്നൊക്കെ ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് മിക്കവരും പെട്ടെന്ന് തന്നെ പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കൊറോണ കൊണ്ടുപോയ ഒരു വര്‍ഷത്തെ സമ്പത്ത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ പല രാജ്യങ്ങളും കുറഞ്ഞ നിരക്കിലും സങ്കീര്‍ണ്ണതകള്‍ കുറച്ചും കോവിഡ് സുരക്ഷിത പാക്കേജിനൊപ്പവുമെല്ലാം വിനോദസഞ്ചാര ഓഫറുകള്‍ നല്‍കുന്നതും ഈ ട്രെന്‍ഡിന് ആക്കം കൂട്ടുന്നുണ്ട്.

 

covid-without-countries

ലോകത്ത് ഇത്രയൊക്കെ ബഹളങ്ങള്‍ നടക്കുമ്പോഴും കൊറോണ വൈറസിന് കാലെടുത്തു വെക്കാനാവാത്ത പത്തോളം രാജ്യങ്ങള്‍ നമ്മുടെ ലോകത്തുണ്ട് എന്ന കാര്യം അറിയാമോ? ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം, ഇന്നേവരെ ഒറ്റ കൊറോണ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ആ രാജ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം. 

 

∙ ടോങ്ക

 

തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ടോങ്ക. 176 ദ്വീപുകൾ അടങ്ങിയ ഈ ദ്വീപസമൂഹത്തിലെ 52 ദ്വീപുകളില്‍ മാത്രമേ ജനവാസം ഉള്ളൂ. ഇവയില്‍ ഭൂരിഭാഗം ദ്വീപുകളും പവിഴ ദ്വീപുകളാണ്. പസിഫിക് സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിൽ ഒന്നായ ടോങ്ക ട്രെഞ്ചും ഇവിടെയാണ്‌ ഉള്ളത്. സജീവമായ അഗ്നിപർവതജന്യ ദ്വീപുകളുടെ ഒരു കൂട്ടം തന്നെ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

 

∙ തുവാലു

 

ശാന്തസമുദ്രത്തില്‍ത്തന്നെയുള്ള ഒമ്പതുദ്വീപുകളുടെ സമൂഹമാണ്‌ തുവാലു. ആളുകള്‍ക്ക് എത്തിച്ചേരാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള പ്രദേശമായതു കൊണ്ടുതന്നെ, വിനോദസഞ്ചാരത്തിന് ഇവിടെ അത്രയ്ക്ക് പ്രാധാന്യമില്ല. ടൂർ ഗൈഡുകളെയോ ടൂർ ഓപ്പറേറ്റർമാരെയോ ഒന്നും കാണാനാവില്ല. എന്നാല്‍, ഫുനാഫുട്ടി സംരക്ഷണ മേഖലയിലെ  ഇക്കോടൂറിസം പ്രസിദ്ധമാണ്. 

 

∙ തുർക്‌മെനിസ്ഥാൻ

 

തുര്‍ക്കികളുടെ നാടെന്നറിയപ്പെടുന്ന തുര്‍ക്ക്മെനിസ്ഥാനിലും കൊറോണ എത്തി നോക്കിയിട്ടില്ല. രാജ്യത്തിന്‍റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. അരക്കോടിയോളമാണ് ഇവിടുത്തെ ജനസംഖ്യ. 'നരകത്തിലേക്കുള്ള വാതില്‍' എന്നറിയപ്പെടുന്ന ദർവാസ വാതക ഗർത്തം തുർക്ക്മെനിസ്ഥാനിലെ ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു. ഈയിടെ ഇത് അടയ്ക്കാന്‍ തീരുമാനിച്ചത് വാര്‍ത്തയായിരുന്നു. 

 

∙ ടോക്‌ലവ് ദ്വീപുകൾ

 

മധ്യ-പസിഫിക് സമുദ്രത്തിലെ ഒരു പവിഴ ദ്വീപസമൂഹമാണ് ടോക്‌ലവ് ദ്വീപുകൾ. ന്യൂസിലൻഡിന്‍റെ ഭാഗമാണിവ.  അറ്റാഫു , നുകുനോനു , ഫകാവോഫോ എന്നിങ്ങനെ മൂന്ന് ഉഷ്ണമേഖലാ പവിഴ അറ്റോളുകൾ ഇവിടെ അടങ്ങിയിരിക്കുന്നു

 

∙ സെന്‍റ് ഹെലീന

 

ദക്ഷിണ അറ്റ്‌ലാന്റിക്ക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദൂര ദ്വീപാണ് ഇത്. ഏകദേശം 121.8 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പ്രദേശത്ത് വെറും അയ്യായിരത്തില്‍ താഴെ മാത്രമാണ് ജനസംഖ്യ.

 

∙ പിറ്റ്കെയിൻ ദ്വീപുകൾ

 

പസിഫിക് സമുദ്രത്തിലെ ഏക ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയായ പിറ്റ്കെയിന്‍, നാല് ദ്വീപുകൾ അടങ്ങിയതാണ്. പിറ്റ്കെയിൻ, ഹെൻഡേഴ്സൺ , ഡ്യൂസി , ഓനോ എന്നിവയാണവ. ഇവയില്‍ പിറ്റ്കെയ്ൻ ദ്വീപിൽ മാത്രമാണ് ജനവാസമുള്ളത്. 

 

∙ നിയുവെ

 

ദക്ഷിണ ശാന്ത സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമായ നിയുവെ. "പോളിനേഷ്യയിലെ പാറ" എന്ന ഓമനപ്പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ന്യൂസിലാന്റിന്‍റെ 2,400 കിലോമീറ്റർ വടക്ക് കിഴക്കായി, ടോംഗ, സമോവ, കുക്ക് ഐലന്റ്സ് എന്നീ ദ്വീപുകള്‍ ചേര്‍ന്നുണ്ടാക്കുന്ന ത്രികോണത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും പോളിനേഷ്യൻ വംശജരാണ്.

 

∙ നൗറു

 

ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്‌ നൗറു. പസഫിക് സമുദ്രത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന, വെറും 21 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഒരു രാജ്യമാണിത്‌. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കുറവ് മാത്രം വിനോദസഞ്ചാരികള്‍ എത്തുന്ന ഇടം കൂടിയാണ് ഇവിടം.

 

∙ മൈക്രോനേഷ്യ

 

പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ധാരാളം ചെറിയ ദ്വീപുകൾ അടങ്ങുന്ന ഓഷ്യാനിയയുടെ ഒരു ഉപമേഖലയാണ് മൈക്രോനേഷ്യ. ഏകദേശം 2100 ദ്വീപുകൾ ഇവിടെ ഉണ്ടെന്നു കരുതപ്പെടുന്നു. മൊത്തം 2,700 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തൃതി. കരോലിൻ ദ്വീപുകൾ (ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ ആൻഡ് പലാവു),

ഗിൽബെർട്ട് ദ്വീപുകൾ (കിരിബാത്തി), മരിയാന ദ്വീപുകൾ (വടക്കൻ മരിയാന ദ്വീപുകള്‍, ഗുവാം), മാർഷൽ ദ്വീപുകൾ എന്നിവയാണവ.

 

∙ ഉത്തര കൊറിയ

 

ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്തുള്ള രാജ്യമായ ഉത്തര കൊറിയ ലോകത്തെ ഏക കമ്യൂണിസ്റ്റ് ഭരണ രാഷ്ട്രമാണ്. കൊറിയ ഉപദ്വീപിന്‍റെ വടക്കു ഭാഗത്തായാണ് ഈ രാജ്യത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. ഏകദേശം രണ്ടരക്കോടി ജനങ്ങള്‍ ഉള്ള ഉത്തരകൊറിയയിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

∙ കുക്ക് ദ്വീപുകൾ

 

പസിഫിക് സമുദ്രത്തിനു തെക്കുഭാഗത്തുള്ള പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ് കുക്ക് ദ്വീപുകൾ. ഇത് ന്യൂസിലന്റിനു 2600 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്നു. മൊത്തം 240 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള 15 ദ്വീപുകൾ ചേർന്നതാണ് ഈ രാജ്യം. രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടെ പ്രധാന ഭാഗവും വിനോദസഞ്ചാരമാണ്. ഓഫ്ഷോർ ബാങ്കിംഗ്, മുത്തുകൾ, സമുദ്രവിഭവങ്ങൾ, പഴങ്ങൾ എന്നീ വ്യവസായങ്ങളും ഇവിടെ പ്രധാനമാണ്.

 

English Summary: Countries Without COVID-19 Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com