ADVERTISEMENT

സൂരജ് നമ്പ്യാരുമായുള്ള വിവാഹത്തോടെ മലയാളത്തിന്‍റെ പ്രിയങ്കരിയായ മരുമകളായി മാറിയിരിക്കുകയാണ് മൗനി റോയ്. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, ഗായിക, കഥക് നർത്തകി, മോഡല്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട് ഈ മുപ്പത്താറുകാരി. ഇത്രയും തിരക്കേറിയ ജീവിതത്തിനിടയിലും യാത്ര ചെയ്യാന്‍ മൗനി സമയം കണ്ടെത്താറുണ്ട്. വിവാഹ ശേഷം ഇരുവരുടെയും യാത്ര കശ്മീരിലേക്കായിരുന്നു. ഇപ്പോഴിതാ ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി. ഇവിടെ നിന്നും നിരവധി ചിത്രങ്ങളും മൗനി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. അലതല്ലുന്ന കടലിനരികില്‍ നിന്നെടുത്ത ചിത്രങ്ങളും വിഡിയോകളുമെല്ലാം മൗനിയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്. ഈ ചിത്രങ്ങളെല്ലാം വൈറലാണ്.

കോവിഡ് കഴിഞ്ഞതോടെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, രാജ്യത്ത് നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള വിനോദസഞ്ചാരികൾക്ക് ദീർഘകാല വീസ അനുവദിക്കുന്നതിനുള്ള നിർദ്ദേശത്തിന് ശ്രീലങ്ക ഈയിടെ അംഗീകാരം നൽകിയിരുന്നു. ശ്രീലങ്കയിൽ ജോലി ചെയ്യാനും നിക്ഷേപിക്കാനും പ്രൊഫഷണലുകളെയും വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ദീർഘകാല വീസ.

ശ്രീലങ്കയില്‍ ഇപ്പോള്‍ വിനോദസഞ്ചാരം സജീവമാണ്. നിലവില്‍ വിദേശത്തു നിന്നുള്ള സഞ്ചാരികള്‍ പൂർണ്ണ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ, ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതില്ല, ക്വാറന്റീനും ആവശ്യമില്ല. പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക് 7 രാത്രികൾ/8 പകലുകൾ മാത്രം ഹോട്ടലുകളിലെ 'ഫ്ലെക്‌സിബിൾ ബയോ ബബിള്‍' സൗകര്യങ്ങളില്‍ താമസിക്കാം. 

12 വയസ്സിന് താഴെയുള്ള കുട്ടികളെ ഓൺ അറൈവൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല നിര്‍ദ്ദേശ പ്രകാരമുള്ള തുകയ്ക്കുള്ള ഇൻഷുറൻസ് ഉണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കണം.

പോക്കറ്റ് കീറാതെ പോയി വരാം

അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആവേശകരമായ വന്യജീവി സഫാരികളും അതിമനോഹരമായ ബീച്ചുകളുമെല്ലാമായി, ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ശ്രീലങ്ക. മറ്റു രാജ്യങ്ങളിലെതിനെ അപേക്ഷിച്ച് വളരെ ചെലവുകുറഞ്ഞതുമാണ് ശ്രീലങ്കന്‍ യാത്ര. അതുകൊണ്ടുതന്നെ ബാക്ക്പാക്കർമാർക്കും ബജറ്റ് യാത്രക്കാർക്കുമെല്ലാം പോക്കറ്റ് കീറാതെ പോയി വരാം.

ജാഫ്ന, യാല നാഷണൽ പാർക്ക്, സിഗിരിയ, നുവാര ഏലിയ, ഉദവാലവെ നാഷണൽ പാർക്ക്, രാവണ വെള്ളച്ചാട്ടം, ദംബുള്ള ഗുഹാക്ഷേത്രം, അരുഗം ബേ, ഗാലെ തുടങ്ങിയവ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ശ്രീലങ്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ശ്രീലങ്കയിലേക്ക് ഫ്ലൈറ്റുകൾ ലഭ്യമാണ്. എയർ ഇന്ത്യ , ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര ഉൾപ്പെടെയുള്ള വിമാനക്കമ്പനികളെല്ലാം ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെയും ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഈയിടെയായി ശ്രീലങ്ക. ശ്രീലങ്ക ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഡിസംബറിൽ രാജ്യത്തെത്തിയ വിനോദസഞ്ചാരികളില്‍, നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നായിരുന്നു. ഫ്ലൈറ്റ് ടിക്കറ്റുകളിലെ ആകർഷകമായ ഓഫറുകളും ക്വാറന്റൈൻ രഹിത താമസവുമെല്ലാം ഇന്ത്യന്‍ വിനോദസഞ്ചാരികളെ ഈ ദ്വീപ് രാഷ്ട്രത്തിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളായിരുന്നു.

കോവിഡിന് ശേഷം വീണ്ടും ടൂറിസം നടപടികള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി, രാജ്യത്തേക്ക് പ്രവേശിക്കുന്ന രാജ്യാന്തര യാത്രക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യം പുനരാരംഭിക്കുന്നതായി ശ്രീലങ്ക കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഓൺ-അറൈവൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സൗകര്യം ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇപ്പോള്‍ ലഭ്യമാണ്.

English Summary: Mouni Roy Latest Pics from her Vacation in Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com