ADVERTISEMENT

എല്ലാക്കാലത്തും സഞ്ചാരികളെ ആകര്‍ഷിച്ചിട്ടുള്ള പ്രദേശമാണ് മേഘാലയ. മേഘങ്ങളുടെ വാസസ്ഥലം എന്നര്‍ത്ഥം വരുന്ന ഈ സ്ഥലപ്പേരില്‍ തന്നെയുണ്ട് കവിതയും ദുരൂഹതയും പ്രകൃതിയുമായുള്ള ബന്ധവുമെല്ലാം. കയ്യില്‍ 10,000 രൂപയും അഞ്ച് ദിവസത്തെ അവധിയുമുണ്ടെങ്കില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാനാവുന്ന ഒരുപാട് രഹസ്യ ഇടങ്ങളുണ്ട് മേഘാലയയില്‍. 

മോസോഡോങ് വെള്ളച്ചാട്ടം

മേഘാലയയിലെ അധികം അറിയപ്പെടാത്ത സുന്ദര പ്രദേശങ്ങളിലൊന്നാണ് ഡിയേങ്‌ഡോഹ് വെള്ളച്ചാട്ടം എന്ന പേരിലും അറിയപ്പെടുന്ന മോസോഡോങ് വെള്ളച്ചാട്ടം. സോഹ്ര ജില്ലയിലെ മോകാമാ ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. യാത്രികരുടെ ബഹളമില്ലാതെ പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാന്‍ മോസോഡോങ് വെള്ളച്ചാട്ടത്തില്‍ സാധിക്കും. 

മൗലിന്നോങ്ങെനാ ഗ്രാമം 

മേഘാലയന്‍ ഗ്രാമത്തിന്റെ സൗന്ദര്യവും സംസ്‌ക്കാരവും ഭക്ഷണവും ജീവിതവുമെല്ലാം നേരിട്ടറിയണമെങ്കില്‍ പറ്റിയ ഇടമാണ് മൗലിന്നോങ്ങെനാ. കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയിലാണ് ഈ ഗ്രാമമുള്ളത്. 20 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട് ഇവിടെനിന്ന്. എത്രത്തോളം പാരമ്പര്യമുള്ള ജൈവവൈവിധ്യമാണ് ഇവിടെയെന്നതിന്റെ തെളിവുകള്‍ കൂടിയാണിത്. വംശനാശഭീഷണി നേരിടുന്ന ഭരണിയുടെ ആകൃതിയിലുള്ള ഭരണി ചെടികളുടെ(pitcher plant) ആവാസ കേന്ദ്രം കൂടിയാണിവിടം. 

Meghalaya1
Image from shutterstock

കോങ്‌തോങ് ഗ്രാമം

മേഘാലയയിലെത്തുന്ന സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ സാധാരണ ഉള്‍പ്പെടാത്ത പേരാണ് കോങ്‌തോങ് ഗ്രാമത്തിന്റേത്. കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയില്‍ തന്നെയാണ് ഈ ഗ്രാമവുമുള്ളത്. ഷില്ലോങില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണിവിടം. പ്രകൃതിയെ കണ്‍കുളിര്‍ക്കെ ആസ്വദിക്കണമെങ്കില്‍ പുറപ്പെട്ടു പോകാന്‍ പറ്റിയ ഇടമാണിത്. 

സോക്മി

സാഹസികരായ സഞ്ചാരികളെ കാത്തിരിക്കുന്ന മേഘാലയന്‍ പ്രദേശമാണ് സോക്മി. കുട്ട്മാടന്‍ എന്ന ചെറു ഗ്രാമത്തില്‍ നിന്നാണ് ഇവിടേക്കുള്ള ട്രക്കിംങ് ആരംഭിക്കുക. ചെങ്കുത്തായ ചരിവുകളുള്ള സോഹ്ര പീഠഭൂമി മുന്നോട്ടുവെക്കുന്ന വെല്ലുവിളികള്‍ മറികടന്നു മാത്രമേ ഏതൊരു സഞ്ചാരിക്കും സോക്മിയിലേക്കെത്താന്‍ സാധിക്കൂ.

Meghalaya
Image from shutterstock

വെയ് സോഡോങ് വെള്ളച്ചാട്ടം

കണ്ടാല്‍ മതിവരാത്ത ഒട്ടേറെ വെള്ളച്ചാട്ടങ്ങളുടെ ആലയം കൂടിയാണ് മേഘാലയ. ഇക്കൂട്ടത്തില്‍ മൂന്ന് നിലകളുള്ള വെയ് സോഡോങ് വ്യത്യസ്തവും സഞ്ചാരികളുടെ ബഹളമില്ലാത്തതുമായ വെള്ളച്ചാട്ടമാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. 

മലകയറ്റം ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കും യോജിച്ച ഇടമാണിത്. തുടക്കക്കാര്‍ക്ക് യോജിച്ച ട്രക്കിംങല്ല ഇവിടുത്തേത്. കഷ്ടപ്പാടുകള്‍ക്കൊടുവില്‍ മുകളിലെത്തിയാല്‍ പകരംവെക്കാനില്ലാത്ത കാഴ്ചകള്‍ കൊണ്ട് മനസു നിറക്കാന്‍ ഈ മേഘാലയന്‍ സൗന്ദര്യത്തിനാകും. 

അര്‍വാഹ് ഗുഹകള്‍

വെള്ളച്ചാട്ടം പോലെ തന്നെ മേഘാലയയില്‍ സുലഭമാണ് ഗുഹകളും. എങ്കിലും സാധാരണ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ആര്‍വാഹ് ഗുഹകളെ കണ്ടുവരാറില്ല. ഫോസിലുകളേയും ഉത്ഖനനങ്ങളേയും ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? തനതായ വിവരങ്ങള്‍ സമ്മാനിക്കാന്‍ അര്‍വാഹ് ഗുഹകള്‍ക്കാകും. അര്‍വാഹിലേതു പോലെ പാറ തുരന്നുണ്ടാക്കിയ ഗുഹകള്‍ ചിറാപുഞ്ചിയിലും കാണാനാകും. 

ലാലോങ് പാര്‍ക്ക്

മേഘാലയയിലെ മറഞ്ഞിരിക്കുന്ന മാണിക്യങ്ങളിലൊന്നാണ് ലാലോങ് പാര്‍ക്ക്. ജൊവായില്‍ നിന്നും ഏകദേശം ഏഴ് കിലോമീറ്റര്‍ മാത്രം അകലെയാണ് ലാലോങ് പാര്‍ക്ക്. ഇവിടെയുള്ള ക്രാങ്‌സുഹ്‌രി വെള്ളച്ചാട്ടം(Krangshuri) കാണാന്‍ സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും ലാലോങ് പാര്‍ക്കിലേക്ക് അധികമാരും വരാറില്ല. 

English Summary: Meghalaya Tourism and Travel Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com