ADVERTISEMENT

ലോകത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും പ്രധാന ആകര്‍ഷണമാണ് റോപ്‌‌‌‌വേകള്‍. വലിച്ചുകെട്ടിയ കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലുള്ള റോപ്‌‌‌‌വേകളും കേബിള്‍ കാറുകളുമെല്ലാം ആദ്യ നോട്ടത്തില്‍ത്തന്നെ ഒന്നു ഭയപ്പെടുത്തും. ജാര്‍ഖണ്ഡിലെ ത്രികൂട് മലയിലെ വൈദ്യനാഥ ക്ഷേത്രത്തിന് സമീപമുണ്ടായ റോപ് വേ അപകടത്തില്‍ മൂന്നു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യാത്ര സാഹസികമാണെങ്കിലും സുരക്ഷ ഉറപ്പുവരുത്തണം. റോപ്‌‌‌‌വേയില്‍ കയറുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ടത്. 

അപകടങ്ങൾ പതിയിരിക്കുന്നു

ജാര്‍ഖണ്ഡില്‍ സംഭവിച്ച റോപ്‌‌‌‌വേ ദുരന്തത്തിന് ഒരു മാസം മുൻപ് നടത്തിയ പരിശോധനയില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മാര്‍ച്ച് 17ന് സി.ഐ.എം.എഫ്.ആര്‍.എയിലെ പ്രൊജക്ട് കോര്‍ഡിനേറ്ററും ചീഫ് സയന്റിസ്റ്റുമായ ഡി ബാസകായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി ഇവിടുത്തെ സുരക്ഷാ പരിശോധന നടത്തി വിനോദ സഞ്ചാര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്നത് ഇവരാണ്. 

cable-car1
Image from Shutterstock

റോപ്‌‌‌‌വേയിലെ റോപ്പിന് ഏഴു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും എന്തെങ്കിലും അസ്വാഭാവികത തോന്നിയാല്‍ ഉടന്‍ റോപ്പ് മാറ്റണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. 

ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് പലയിടത്തും റോപ്‌‌‌‌വേ ദുരന്തങ്ങളുണ്ടായിട്ടുണ്ട്. 1976ല്‍ ഇറ്റലിയിലുണ്ടായതാണ് ഇതില്‍ ഏറ്റവും വലുത്. 43 പേര്‍ക്കാണ് മാര്‍ച്ചിലുണ്ടായ റോപ്‌‌‌‌വേ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. സെര്‍മിസ് മലയില്‍നിന്നു താഴേക്ക് പോകുന്നതിനിടെ റോപ് വേയുടെ സ്റ്റീല്‍ കേബിള്‍ പൊട്ടുകയായിരുന്നു. ഇതോടെ കേബിള്‍ കാര്‍ 66 അടി താഴേക്ക് നിലം പതിച്ചു. 

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോപ്‌‌‌‌വേ ഉത്തര ചൈനയിലാണ്. സാധാരണ റോപ്‌‌‌‌വേകള്‍ക്കില്ലാത്ത പല സുരക്ഷാ മുന്‍കരുതലുകളും ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 15800 അടി ഉയരത്തിലാണ് ഈ റോപ്‌‌‌‌വേ. ഇവിടുത്തെ കാബിനുകളില്‍ ഓക്‌സിജന്‍ മാസ്‌കും സിലിണ്ടറുകളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സുരക്ഷാ സൗകര്യങ്ങള്‍ സാധാരണ കേബിള്‍ കാറുകളില്‍ ആവശ്യമില്ല. എങ്കിലും റോപ്‌‌‌‌വേ നടത്തുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില സുരക്ഷാ മുന്‍കരുതലുകളുണ്ട്. 

അറിയാം സുരക്ഷാ മുന്‍കരുതലുകൾ

അടിയന്തര ഘട്ടങ്ങളിലെ ബ്രേക്ക് പരിശോധനയും ഓവര്‍ലോഡാകുമ്പോഴുള്ള പ്രവര്‍ത്തന ക്ഷമതയുമൊക്കെ ഇതില്‍ പെടുന്നു. റോപ്‌‌‌‌വേയുമായി ബന്ധപ്പെട്ടുള്ള എല്ലാ വാര്‍ത്താ വിനിമയ ഉപാധികളും നിശ്ചിത ഇടവേളകളില്‍ പരിശോധിക്കണം. സാധാരണ യാത്രക്കാരുടെ ഭാരത്തിന്റെ ഇരട്ടി ഭാരം വഹിച്ചുകൊണ്ട് റോപ് വേകളിലെ കസേരകളും കാബിനുകളും എങ്ങനെ പോകുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. റോപ് വേകളുടെ ഓരോ ഭാഗവും നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുകയും ചെയ്യണം. 

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും അടക്കം റോപ്‌‌‌‌വേ അധികൃതര്‍ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ യാത്രികര്‍ തീര്‍ച്ചയായും പാലിച്ചിരിക്കണം. യാത്രികര്‍ക്ക് തുറക്കാനാവാത്ത രീതിയിലായിരിക്കും മിക്ക റോപ് വേകളുടേയും വാതിലുകള്‍. ഇത് താഴെ വീണുള്ള അപകട സാധ്യത കുറക്കാനാണ്. എന്തെങ്കിലും സാങ്കേതിക തകരാര്‍ മൂലമോ മറ്റോ റോപ്‌‌‌‌വേ നിന്നാലും ഒരിക്കലും പരിഭ്രമിക്കുകയോ വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കുകയോ താഴേക്ക് ചാടുകയോ ചെയ്യരുത്. രക്ഷാപ്രവര്‍ത്തകര്‍ വരും വരെ കാത്തിരിക്കുന്നത് തന്നെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. 

English Summary: Things to Remember Before Ropeway Rude

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com