ലോകപൈതൃക പട്ടികയില്‍ ഇടംനേടാൻ പൗരാണിക തുറമുഖമായ സിറാഫ്

Mail This Article
പൗരാണിക തുറമുഖമായ സിറാഫിനെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഇറാന്. മുസ്ലിം പള്ളികളും പഴയകാല പ്രൗഢി വിളിച്ചോതുന്ന ബംഗ്ലാവുകളും പഴയ കാവല്‍മാടങ്ങളും കോട്ടകളും പൂന്തോട്ടങ്ങളും ഇവിടെയുണ്ട്. ചരിത്രപ്രധാനമായ സിറാഫ് തുറമുഖത്തിന് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുണ്ടെന്ന് ഇറാന് വിനോദസഞ്ചാര മന്ത്രി പറഞ്ഞു. മറ്റു വകുപ്പുകളുടെ കൂടി പിന്തുണയോടെ മാത്രമേ ഈ ലക്ഷ്യം സാധ്യമാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കസ്റ്റംസ് ഓഫീസ്, മുസ്ലിം പള്ളി, പൗരാണിക കെട്ടിടങ്ങള്‍, ഗുഹാ നിര്‍മിതികള്‍, കോട്ടയും കാവല്‍ കേന്ദ്രങ്ങളും തുടങ്ങിയവയാണ് നിലവില്‍ സിറാഫ് തുറമുഖത്തിലെ പ്രധാന കേന്ദ്രങ്ങള്‍. ഒരു സാംസ്ക്കാരിക കേന്ദ്രം എന്ന നിലയിലേക്ക് സിറാഫ് തുറമുഖത്തെ ഉയര്‍ത്താനാണ് ഇറാന് അധികൃതരുടെ ശ്രമം. പ്രാഥമിക ശ്രമങ്ങളുടെ ഭാഗമായി യുനെസ്കോ പൈതൃക പട്ടികയുടെ താല്‍ക്കാലിക ലിസ്റ്റില്‍ ഇടം കണ്ടെത്താന്‍ സിറാഫ് തുറമുഖത്തിനായിട്ടുണ്ട്.
1966 മുതല്‍ 1973വരെയുള്ള കാലത്ത് ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍ഷ്യന്‍ സ്റ്റഡീസ് ഏഴു സീസണുകള്‍ നീണ്ടു നിന്ന പര്യവേഷണവും സര്‍വേയും സിറാഫില് നടത്തിയിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാന്റെ പുറംലോകത്തിലേക്കുള്ള പ്രധാന കവാടമായ സിറാഫ് തുറമുഖത്തിന് യുനെസ്കോ ലോക പൈതൃക പട്ടികയില്‍ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാന് അധികൃതര്‍.
സിറാഫ് തുറമുഖം
സസാനിഡ് കാലഘട്ടം മുതല്‍ നാലാം നൂറ്റാണ്ട് വരെ ഇറാന്റെ ഏറ്റവും പ്രധാന തുറമുഖമായിരുന്നു സിറാഫ് എന്നാണ് യുനെസ്കോ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ രാജ്യാന്തര ബന്ധങ്ങളിലും സമുദ്ര യാത്രകളിലും കച്ചവടങ്ങളിലുമൊക്കെ തന്ത്ര പ്രധാന പങ്കുവഹിച്ച തുറമുഖമായിരുന്നു സിറാഫ്. ബി.സി 800 മുതല്‍ എ.ഡി 1050 വരെയുള്ള കാലത്ത് ഇന്ത്യയില്‍ നിന്നും കൂടുതല്‍ തെക്കു നിന്നുമെല്ലാമുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗമായും സിറാഫ് തുറമുഖം മാറി.
ഇസ്ലാമിക് കാലഘട്ടത്തിന്റെ തുടക്കത്തില്‍ മൂന്ന് ലക്ഷത്തിലേറെയായിരുന്നു ഈ ഇറാനിയന്‍ തുറമുഖത്തിലെ ജനസംഖ്യ. പല കാരണങ്ങള്‍ മൂലം സിറാഫ് തുറമുഖത്തിന്റെ പ്രാധാന്യം കുറഞ്ഞു വന്നതോടെ ജനങ്ങളും പ്രദേശം വിട്ടു. ഇപ്പോള്‍ സിറാഫിലും പരിസരത്തുമായി 350 കുടുംബങ്ങളിലായി ആകെ ഏഴായിരം പേര് മാത്രമേ താമസിക്കുന്നുള്ളൂ. ഒരുകാലത്ത് കിഴക്കന്‍ ഏഷ്യയുടെ തന്നെ പ്രധാന തുറമുഖമായിരുന്ന പ്രദേശത്തിന്റെ പ്രാധാന്യം ഭൂതകാലത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു.
English Summary: Historical port of Siraf holds potential to become World Heritage