ADVERTISEMENT

കൂത്താട്ടുകുളം ∙ ഇരട്ടയാർ ഡാമിൽ നിന്ന് ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുപോകാൻ കെഎസ്ഇബി 1974ൽ നിർമിച്ച തുരങ്കമാണ് കാഞ്ചിയാറിലെ അഞ്ചുരുളിയിലേത്. വെള്ളത്തിനു മുകളിൽ ഉരുളികൾ കമിഴ്ത്തി വച്ചതു പോലെ തോന്നിക്കുന്ന 5 മലകൾക്ക് അഞ്ചുരുളി എന്നു പേരിട്ടത് ആദിവാസികളാണ്.

സ്ഥലനാമത്തിന് പുരാണവുമായി ബന്ധപ്പെടുത്തിയ ചില ഐതിഹ്യങ്ങളുമുണ്ട്. അഞ്ചുരുളിയുടെ വിശേഷങ്ങൾ ഇവിടെ തീരുന്നില്ല. മലയാള സിനിമയുടെ സൂപ്പർ ലൊക്കേഷനുകളിലൊന്നാണ് ഇവിടം. "ഇയ്യോബിന്റെ പുസ്തകം' എന്ന അമൽ നീരദ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഇവിടെ ചിത്രീകരിച്ചതോടെ പടം കണ്ടിറങ്ങിയവർ ഏതാണീ സ്ഥലമെന്ന് ചോദിച്ചു തുടങ്ങി.

കെഎസ്ആർടിസിയുടെ കുറഞ്ഞ ചെലവിലുള്ള ടൂറിസം പായ്ക്കേജിന്റെ ഭാഗമായി കൂത്താട്ടുകുളം ഡിപ്പോ ആരംഭിച്ച സുന്ദരയാത്രാ സർവീസ് നേരെ അഞ്ചുരുളിയിലേക്ക് വച്ചു പിടിപ്പിച്ചത് ഇതൊക്കെ കേട്ടിട്ടാണ്. വളഞ്ഞു പുളഞ്ഞ കാനനപാത പിന്നിട്ട് യാത്രക്കാരുമായി അവിടെ എത്തിയപ്പോഴാണ് മറ്റൊരു കാര്യം കൂടി നാട്ടുകാരിൽ നിന്ന് കേട്ടറിഞ്ഞത്. ടൂറിസ്റ്റ് വാഹനങ്ങളൊക്കെ ധാരാളം എത്തിയിട്ടുണ്ടെങ്കിലും അതുവരെ അവിടെ ഒരു കെഎസ്ആർടിസി ബസ് വന്നിട്ടില്ല. ഗ്രാമത്തിൽ ആദ്യമായെത്തിയ ഈ ആനവണ്ടിയെ കുട്ടികൾ ആനയെ കാണുന്നതു പോലെ ഗ്രാമീണർ കണ്ടതും അതു കൊണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പ്രാദേശികമാധ്യമങ്ങളും ഇതൊരു സംഭവമാക്കി മാറ്റി.

രാവിലെ 6ന് കൂത്താട്ടുകുളത്തു നിന്നു പുറപ്പെട്ട് ഇടുക്കി ഡാം സന്ദർശിച്ച ശേഷമാണ് കട്ടപ്പന– ഏലപ്പാറ റൂട്ടിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഇടറോഡ് പിന്നിട്ട് ബസ് അഞ്ചുരുളിയിലെത്തിയത്. ബസ് നിർത്തിതിന് അടുത്തു തന്നെയാണ് തുരങ്കം. മഴയില്ലെങ്കിൽ തുരങ്കത്തിലൂടെ നടക്കാൻ അനുവദിക്കും. ഇവിടം വിട്ട് 15 മിനിറ്റ് ഒറ്റയടിപ്പാതയിലൂടെ നടന്നാൽ പതിവു സിനിമാ ചിത്രീകരണ ലൊക്കേഷനായ അഞ്ചുരുളി മുനമ്പിൽ എത്താം. 

തങ്ങൾ പാറ, കോലാഹലമേട്, വാഗമൺ എന്നിവ കൂടി സന്ദർശിച്ച് രാത്രി 8ന് ബസ് തിരികെ കൂത്താട്ടുകുളത്ത് എത്തും. ഞായറാഴ്ചകളിൽ മാത്രമുള്ള ഈ വിനോദയാത്രാ സർവീസിന് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. അടുത്ത ഞായറാഴ്ചയാണ് രണ്ടാം യാത്ര. 9447223212 എന്ന നമ്പറിൽ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.

English Summary: Koothattukulaml Ksrtc Announces Anchuruli Budget Tourism Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com