ADVERTISEMENT

വേമ്പനാട്ടു കായലിനു നടുവിൽ സ്ഥിതി ചെയ്യുന്ന പത്തു ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണിവിടം.പലനാടുകളിൽ നിന്നും വന്നു കുടിയേറിപ്പാർത്ത അപൂർവയിനം പക്ഷികളും ഇവിടെ ധാരാളമായി കാണാറുണ്ട്.  നാലുഭാഗത്തും ജലം നിറഞ്ഞ ഈ ദ്വീപിലെ കാഴ്ചകൾ ഏറെ സുന്ദരമാണ്. കുമരകത്തെ കാഴ്ചകളിൽ പാതിരാമണലിന്റെ മനോഹാരിത കൂടിയുണ്ടെങ്കിൽ, യാത്ര കൂടുതൽ സുന്ദരമാകും. 

വേമ്പനാട്ടു കായൽ സൗന്ദര്യവും പാതിരാമണലിന്റെ പച്ചപ്പും ആസ്വദിച്ചു യാത്ര ചെയ്യാൻ തയാറാണോ? സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടു യാത്രയുണ്ട്. ഇരുവശത്തേക്കുമായി 80 രൂപയ്ക്കു പാതിരാമണൽ കണ്ടു വരാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. 

കുമരകം, മുഹമ്മ എന്നിവിടങ്ങളിൽ നിന്നു നിലവിലുള്ള യാത്രാസർവീസുകൾ വിനോദസഞ്ചാരികൾക്കു കൂടി ഗുണകരമാകുന്ന തരത്തിൽ ക്രമീകരിക്കുകയാണു ചെയ്യുന്നത്. ബോട്ടിൽ നിന്നു തന്നെ ടിക്കറ്റ് എടുക്കാം.

pathiramanal

മുഹമ്മ– പാതിരാമണൽ: 

രാവിലെ 10:30, 11:45

മുഹമ്മയിൽ നിന്നു മണിയാപറമ്പിലേക്കുള്ള സർവീസ് ബോട്ട്. 10:30, 11:45 എന്നീ സമയത്തുള്ള ബോട്ട് പാതിരാമണൽ വഴി സർവീസ് നടത്തും. ഈ ബോട്ടിൽ മുഹമ്മയിൽ നിന്നു കയറിയാൽ പാതിരാമണലിൽ ഇറങ്ങാം. വിനോദസഞ്ചാരികളെ ഇറക്കിയ ശേഷം സാധാരണ യാത്രക്കാരുമായി ബോട്ട് മണിയാപറമ്പിലേക്കു പോകും. 

തിരിച്ചുള്ള സർവീസ് ഒരു മണിക്കൂറിനു ശേഷം പാതിരാമണലിൽ എത്തും. ഇതിൽകയറി സഞ്ചാരികൾക്കു മുഹമ്മയിൽ തിരിച്ചെത്താം. 40 രൂപയാണ് ഒരു വശത്തേക്കുള്ള യാത്രക്കൂലി.

കുമരകം–പാതിരാമണൽ: 

രാവിലെ 11.00

രാവിലെ 11 മണിക്കുള്ള കുമരകം – മുഹമ്മ സർവീസ് സർവീസ് പാതിരാമണൽ വഴി തിരിച്ചുവിടും. വിനോദസഞ്ചാരികളെ പാതിരാമണലിൽ ഇറക്കിയ ശേഷം ബോട്ട് മുഹമ്മയ്ക്കു പോകും. മുഹമ്മയിൽ നിന്നുള്ള മടക്ക യാത്രയിൽ ബോട്ട് പാതിരാമണലിൽ എത്തി സഞ്ചാരികളെയും കയറ്റി കുമരകത്ത് എത്തും. 40 രൂപ തന്നെയാണു ചാർജ്.

വിവരങ്ങൾക്ക്:

മുഹമ്മ സ്റ്റേഷൻ മാസ്റ്റർ: 9400050331 

(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ 

വിളിക്കാം)

പാതിരാമണലിൽ എന്തുണ്ട് കാണാൻ?

വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപ് സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. സ്വകാര്യ ബോട്ടുകളിൽ ഇങ്ങോട്ടുള്ള യാത്രക്കൂലി വളരെക്കൂടുതലാണ്. വിവിധ ഇനം ദേശാടനപ്പക്ഷികളെ കാണാനും പച്ചപ്പു നിറഞ്ഞ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനും വേമ്പനാട്ടു കായലിലൂടെ മനോഹര യാത്ര നടത്താനും പുതിയ സൗകര്യം പ്രയോജനപ്പെടും. ജല ഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ എന്നിവരുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യമാകുന്നത്. ‌‌

English Summary: Enjoy a boat ride to pathiramanal island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com