ADVERTISEMENT

കോവിഡിനു ശേഷം യാത്രാമാർഗങ്ങൾ വീണ്ടും തുറന്നതോടെ ഊര്‍ജസ്വലരായിരിക്കുകയാണ് സഞ്ചാരികളും ടൂര്‍ കമ്പനികളുമെല്ലാം. കോവിഡ് കൊണ്ടുപോയ യാത്രാദിനങ്ങള്‍ തിരികെപ്പിടിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. അന്യസംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കുമെല്ലാം യാത്രയ്ക്കു വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടി വരുമ്പോൾ ടിക്കറ്റ് ചാര്‍ജ് പരമാവധി കുറയ്ക്കാനുള്ള ചില ടിപ്പുകൾ അറിയാം.

ഇന്‍കൊഗ്നിറ്റോ മോഡ് ഉപയോഗിക്കുക

വിമാനടിക്കറ്റ് നിരക്ക് ഓണ്‍ലൈനില്‍ ചെക്ക് ചെയ്യുന്ന സമയത്ത്, കുറച്ചു സമയത്തിനകം ഒരേ ടിക്കറ്റിന്‍റെ വില ഉയരുന്നതായി തോന്നിയിട്ടുണ്ടോ? അത് തോന്നലല്ല, സത്യമാണ്. മിക്ക എയർലൈനുകളും ഇപ്പോൾ ഡിമാൻഡും വിതരണവും അനുസരിച്ച് അവരുടെ വിമാന ടിക്കറ്റ് നിരക്കുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. ഇതിനെ ഡൈനാമിക് പ്രൈസിങ് എന്നാണ് വിളിക്കുന്നത്.

ഒരാള്‍ ഒരു വിമാനടിക്കറ്റ് തിരയുകയും അടുത്ത 20-30 മിനിറ്റ് അതിനെക്കുറിച്ചു തന്നെ വീണ്ടും തിരയുകയും  ചെയ്യുമ്പോള്‍ ആ വിമാനടിക്കറ്റിന് നിലവില്‍ ആവശ്യക്കാരുണ്ടെന്ന് എയർലൈനുകളും ഇടനില വെബ്‌സൈറ്റുകളും മനസ്സിലാക്കും. പിന്നെയും കൂടുതൽ സമയം അതിനായി ചെലവഴിക്കുകയാണെങ്കിൽ ആ ആള്‍ ആ വിമാനടിക്കറ്റ് വാങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് അവർ മനസ്സിലാക്കുകയും ഡൈനാമിക് പ്രൈസിങ് സ്ട്രാറ്റജി അനുസരിച്ച് ഫ്ളൈറ്റ് ചാര്‍ജ് കൂട്ടുകയും ചെയ്യുന്നു. 

ആളുകള്‍ ഗൂഗിളിൽ തിരയുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുകയും ഓർമിക്കുകയും ചെയ്യുന്ന വെബ് കുക്കികൾ പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ ബ്രൗസ് ചെയ്യുമ്പോൾ ഇന്‍കൊഗ്നിറ്റോ മോഡ് ഉപയോഗിക്കുക. 

പ്രത്യേക ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഓഫറുകൾ ഉപയോഗിക്കുക

സോഷ്യൽ മീഡിയയിലും കൂപ്പൺ സൈറ്റുകളിലുമെല്ലാം ലഭ്യമായ കൂപ്പണുകളും കോഡുകളും ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ ഡിസ്കൗണ്ട് ലഭിക്കുന്നത് സാധാരണമാണ്. ഇതുകൂടാതെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മാത്രമായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള നിരവധി പ്രത്യേക ഓഫറുകളും ഉണ്ട്. ഗൂഗിളില്‍ തിരഞ്ഞാൽ ഇത് കിട്ടും.

എത്ര മാസം മുന്‍പ് ബുക്ക് ചെയ്യണം?

ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ത്തന്നെ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യണം എന്നു സാധാരണയായി പറയാറുണ്ട്. എന്നാല്‍ എത്ര ദിവസം മുമ്പ് ബുക്ക് ചെയ്യുന്നു എന്നതിലാണ് ഡിസ്കൗണ്ട് ലഭിക്കുന്നതിന്‍റെ ഗുട്ടന്‍സ്. ഇന്ത്യയിലെ ടിക്കറ്റ് ബുക്കിങ് ട്രെന്‍ഡ് അനുസരിച്ച്, ആഭ്യന്തര ഫ്ളൈറ്റുകള്‍ക്ക് പരമാവധി ഒരു മാസം മുതല്‍ മൂന്നു മാസം വരെ മുമ്പും രാജ്യാന്തര വിമാന ടിക്കറ്റുകള്‍ ആറു മാസം മുമ്പ് ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. ഇങ്ങനെയൊക്കെയാണെങ്കിലും, ചില പ്രത്യേക സീസണുകളിലും തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലുമൊന്നും ഈ കിഴിവ് ലഭിച്ചുകൊള്ളണമെന്നില്ല. 

രാത്രിസമയങ്ങളിൽ യാത്ര ചെയ്യാം

രാത്രി വളരെ വൈകി യാത്ര ചെയ്യാന്‍ പ്രശ്നമില്ലെങ്കില്‍, ആ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ടിക്കറ്റ് കുറഞ്ഞ നിരക്കിൽ ലഭിക്കും. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴോ ഒരു പ്രത്യേക സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായ സാഹചര്യത്തിലോ ഇത് പ്രായോഗികമല്ല. എത്തിച്ചേരാൻ നിശ്ചിത സമയമില്ലാതെ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം.

തീയതികൾ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, പ്ലാന്‍ ചെയ്യുന്ന യാത്രാ തീയതിയേക്കാൾ ഒന്നോ രണ്ടോ ദിവസം മുമ്പോ ശേഷമോ ഉള്ള തീയതികൾ കൂടി പരിശോധിക്കുക. പലപ്പോഴും, അടുത്തുള്ള ദിനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റം കാണാം. 

വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള രാജ്യാന്തര പഠനങ്ങൾ അനുസരിച്ച്, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ടിക്കറ്റിന് ഏറ്റവും വില കുറയുന്നത്. യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ലാഭം കിട്ടാന്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കുക.

ബുക്കിങ്ങിനായി മൊബൈൽ ആപ്പുകൾ ഉപയോഗിക്കുക

വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെബ് ബ്രൗസർ ഉപയോഗിക്കാതെ, മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടും. പല കമ്പനികള്‍ക്കും ആപ്പില്‍ മാത്രം ഉപയോഗിക്കാവുന്ന കൂപ്പണ്‍ കോഡുകളും ഓഫറുകളും ഉണ്ട്. 

കൂടാതെ മൊബൈല്‍ ആപ്പ് ബുക്കിങ് വഴി, സാധാരണയായി കൂടുതൽ റിവാർഡ് പോയിന്റുകൾ (ക്യാഷ്ബാക്ക് പോയിന്റുകൾ), എക്സ്ക്ലൂസീവ് ഡിസ്കൗണ്ട്/ ക്യാഷ്ബാക്ക് ഓഫറുകൾ മുതലായവ ലഭിക്കും. വിമാനത്തിനുള്ളിലെ ഭക്ഷണത്തിന് കിഴിവും ഇതുവഴി ലഭിക്കും. 

എയർലൈനിന്‍റെ വെബ്‌സൈറ്റിൽനിന്ന് നേരിട്ട് ബുക്ക് ചെയ്യുക

ഇടനില വെബ്‌സൈറ്റുകളിൽ കാര്യമായ ക്യാഷ്ബാക്കുകളോ കിഴിവുകളോ ലഭിക്കുന്നില്ലെങ്കിൽ, എയർലൈനുകളുടെ വെബ്‌സൈറ്റിൽ ഫ്ളൈറ്റ് നിരക്കുകൾ നേരിട്ട് പരിശോധിക്കുന്നത് നല്ലതാണ്. എയർലൈനുകൾ ഇടനിലക്കാരായ വെബ്‌സൈറ്റുകൾക്ക് കമ്മീഷൻ നൽകുന്നതിനാല്‍ ആ തുക കൂടി ചേര്‍ത്താവും പലപ്പോഴും ഇത്തരം സൈറ്റുകളില്‍ വില കാണിക്കുന്നത്. എയര്‍ലൈന്‍ വെബ്സൈറ്റുകളില്‍നിന്നു നേരിട്ട് ബുക്ക് ചെയ്യുകയാണെങ്കില്‍ ഈ പ്രശ്നം ഒഴിവായിക്കിട്ടും.

വിദ്യാർഥികള്‍ക്കും മുതിർന്ന പൗരൻമാര്‍ക്കുമുള്ള കിഴിവ്

ചില എയർലൈനുകൾ വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും അടിസ്ഥാന നിരക്കിൽ 8-10% കിഴിവുകൾ നല്‍കാറുണ്ട്. കുട്ടികളുമായോ മാതാപിതാക്കളുമായോ യാത്ര ചെയ്യുമ്പോള്‍ ഇത്തരം കിഴിവുകള്‍ ലഭ്യമാണോ എന്നു പരിശോധിക്കാം.

English Summary: Best Way To Score Cheapest Flight Tickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com