മഞ്ഞും മഴയും ആസ്വദിച്ച് യാത്ര ചെയ്യണോ? ഇൗ മൺസൂൺ സീസൺ കെടിഡിസിയോടൊപ്പം ആഘോഷമാക്കാം. കുറഞ്ഞ ചെലവിൽ അടിപൊളി കാഴ്ചകൾ കണ്ട് താമസിക്കാം. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബ സമേതം കുറഞ്ഞ ചെലവിൽ താമസിക്കാവുന്ന മൺസൂണ്‍ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ പ്രത്യേക പാക്കേജുകൾ 2022 ജൂൺ 1 മുതൽ സെപറ്റംബർ 30 വരെ പ്രാബല്യത്തില്‍ ഉണ്ടാകും.
വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാർ, പൊൻമുടി, കായൽപരപ്പിന്റെ പ്രശാന്തതയുള്ള കുമരകം, കൊച്ചിയിലെ കെടിഡിസി റിസോർട്ടുകള്‍ എന്നിവിടങ്ങളിലാണ് അവധിക്കാല പാക്കേജുകൾ സന്ദർശകരെ കാത്തിരിക്കുന്നത്.
കെടിഡിസിയുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തിരുവനന്തപുരത്തെ മാസ്ക്കറ്റ് ഹോട്ടൽ, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടർ സ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ റിസോർട്ടുകളിൽ 2 രാത്രിയും 3 ദിവസത്തെ താമസവും പ്രഭാത ഭക്ഷണവും നികുതിയുമടക്കം മാതാപിതാക്കൾ ഉൾപ്പെടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്കുമായി 7,499/- രൂപയാണ് ഇൗടാക്കുന്നത്.
ബഡ്ജറ്റ് ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തേക്കടിയിലെ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം കുമരകം ഗേറ്റ്‍വേ റിസോർട്ട്, പൊൻമുടിയിലെ ഗോൾഡൻപീക്കിലും, മലമ്പുഴയിലെ ഗാർഡൻഹൗസ് എന്നിവയിൽ 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെ 4,999/- രൂപയാണ് ഈടാക്കുന്നത്. കൂടാതെ നിലമ്പൂരിലെ ടാമറിന്റ് ഈസി ഹോട്ടൽ, മണ്ണാർക്കാട്ടിലെ ടാമറിന്റ് ഈസി ഹോട്ടൽ എന്നിവയിൽ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെ 3,499/- രൂപയാണ് ഈടാക്കുന്നത്.

ഓണക്കാലത്ത് (2022 സെപ്റ്റംബർ 5 മുതൽ 11 വരെ) മണ്‍സൂൺ പാക്കേജുകള്‍ ഉണ്ടായിരിക്കുന്നതല്ല. വെള്ളി, ശനി മറ്റ് അവധി ദിവസങ്ങളിൽ പൊൻമുടിയിലെ ഗോൾഡൻപീക്കിലും ഈ പാക്കേജ് ലഭ്യമായിരിക്കുകയില്ല.

കൂടുതൽ വിവരങ്ങൾക്ക് കെ.ടി.ഡി.സി. വെബ്സൈറ്റ് www.ktdc.com/ packages ലോ 0471-2316736, 2725213 എന്ന നമ്പറിലോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ്. centralreservations@ktdc.com.
English Summary: Ktdc Monsoon Packages