ADVERTISEMENT

കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിച്ചു വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനവും പ്രചാരണവുമേൽപ്പിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ക്ലബ്ബുകൾക്കു പ്രവർത്തന ഫണ്ട് ടൂറിസം വകുപ്പു നൽകുമെന്നും മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ 25 കലാലയങ്ങളിൽ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചു. കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ ആരംഭിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഇരുവരും ചേർന്നു നിർവഹിച്ചു. 

ക്ലബ്ബുകൾക്കു ഫണ്ടിനു പുറമേ, അംഗങ്ങൾക്കു യുണിഫോമും ടൂറിസം വകുപ്പ് നൽകും. വിദ്യാർഥികളുടെ യാത്രകളെയും വിദ്യാർഥി വ്ലോഗർമാരെയും പ്രോത്സാഹിപ്പിക്കും. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പഠനയാത്ര പ്രോത്സാഹിപ്പിക്കും. കേന്ദ്രങ്ങളുടെ പരിപാലനം, സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം, ടൂറിസം മേഖലയിലെ പുതിയ പ്രവണതകളുടെ ആവിഷ്കരണം,  ബോധവത്കരണ പരിപാടികൾ എന്നിവയെല്ലാം ക്ലബ്ബുകളുടെ ചുമതലയാകും. നന്നായി ആശയവിനിമയം നടത്താൻ കഴിയുന്ന വിദ്യാർഥികൾക്ക് ഒഴിവു സമയങ്ങളിൽ ടൂറിസം കേന്ദ്രങ്ങളിൽ ഗൈഡ് ആയി ജോലി ചെയ്യാൻ അവസരം നൽകും. വിദേശ സർവകലാശാലകളുമായി ചേർന്നു ടൂറിസം വിനിമയ പരിപാടികൾ സംഘടിപ്പിക്കും.

ടൂറിസം വകുപ്പിന്റെ പരിപാടികളിൽ വൊളന്റിയർമാരായും ഇവർക്കു പ്രവർത്തിക്കാനാകും. ഒരു വർഷത്തെ പ്രവർത്തന കലണ്ടർ തയാറാക്കിയാകും ക്ലബ്ബുകളുടെ പ്രവർത്തനം. മികച്ച പ്രവർത്തനം നടത്തുന്ന ക്ലബ്ബുകൾക്ക് അവാർഡ് നൽകുന്നതും പരിഗണനയിലുണ്ടെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

പല കലാലയങ്ങളിലും ടൂറിസം ക്ലബ്ബുകളുണ്ടായിരുന്നെങ്കിലും കോവിഡിന്റെ വരവോടെ അവ പ്രവർത്തനരഹിതമായെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. പുതിയ രീതിയിൽ ടൂറിസം ക്ലബ്ബുകൾ പുനരാരംഭിക്കുന്നതിനൊപ്പം, ടൂറിസം പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ക്ലബ് അംഗങ്ങളെ ഉപയോഗപ്പെടുത്തി പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്താനുമാകുമെന്നു മന്ത്രി പറഞ്ഞു. ടൂറിസം ഡയറക്ടർ വി.ആർ.കൃഷ്ണതേജ, കെടിഡിസി എംഡി വി.വിഘ്നേശ്വരി എന്നിവർ പങ്കെടുത്തു.

English Summary: Kerala colleges to form Tourism Clubs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com