യാത്രയ്ക്കായി സ്ഥലം തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

travel-destination
Maridav/shutterstock
SHARE

പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ഉത്തരവാദിത്തത്തോടെ യാത്രകള്‍ ചെയ്യുകയെന്ന രീതിക്ക് അടുത്തകാലത്തായി ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ച് സംസ്‌ക്കാരങ്ങളെ ബഹുമാനിച്ച് മലിനീകരണം കുറച്ച് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധി പേരാണ്. എങ്കില്‍ പോലും എവിടെ നിന്നും തുടങ്ങണമെന്ന അങ്കലാപ്പും പലരിലുമുണ്ട്. ഇത്തരം യാത്രികരെ സഹായിക്കുന്ന ആറ് നിര്‍ദേശങ്ങളാണ് ഇനി പറയാനുള്ളത്.

സ്ഥലം തീരുമാനിക്കുമ്പോള്‍

പ്രകൃതിക്ക് അനുയോജ്യമായ യാത്രകള്‍ ആരംഭിക്കുന്നത് എങ്ങോട്ടു പോകണമെന്ന തീരുമാനത്തില്‍ നിന്നാണ്. സാധാരണ സഞ്ചാരികളുടെ തിരക്ക് ഏറെയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പലതും മാലിന്യ നിര്‍മാണ കേന്ദ്രങ്ങള്‍ കൂടിയായി മാറിയിട്ടുണ്ട്. അധികം പ്രസിദ്ധമല്ലാത്ത എന്നാല്‍ പ്രകൃതി സൗന്ദര്യവും കാഴ്ച്ചകളും ആവോളമുള്ള ഒരുപാട് സ്ഥലങ്ങള്‍ ഒന്നു തിരഞ്ഞാല്‍ നമുക്കും ലഭിക്കും. 

travel-pic5

ഇനി പ്രസിദ്ധമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചാല്‍ തന്നെ തിരക്കു കുറഞ്ഞ സീസണ്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വത്തോട് കുറച്ചുകൂടി നീതി പുലര്‍ത്താന്‍ സഹായിക്കും. തിരക്കുപിടിച്ച യാത്രകളും സമയം കയ്യില്‍ പിടിച്ചുള്ള സന്ദര്‍ശനങ്ങളുമൊക്കെ പരമാവധി ഒഴിവാക്കുക. പരിചിതമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോലും സാധാരണ സഞ്ചാരികള്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്നതില്‍ യാത്രകളെ ഒതുക്കരുത്. ഇത് പുതു കാഴ്ചകളും അനുഭവങ്ങളും യാത്രികര്‍ക്ക് സമ്മാനിക്കും. 

ടൂറിസ്റ്റ് ഓപ്പറേറ്ററും വിമാന കമ്പനികളും

യാത്രകളുടെ ദൂരം കൂടും തോറും നമുക്ക് പലപ്പോഴും വിമാന യാത്ര ഒഴിവാക്കാനാവില്ല. മാത്രമല്ല വിമാനയാത്രകള്‍ ലക്ഷ്യസ്ഥലത്ത് കൂടുതല്‍ സമയം ചിലവഴിക്കാനും യാത്രികരെ സഹായിക്കും. സാമൂഹ്യമായ ഉത്തരവാദിത്വവും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതികളും പ്രോത്സാഹിപ്പിക്കുന്ന ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരേയും വിമാന കമ്പനികളേയും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. 

ചില വൈമാനിക കമ്പനികള്‍ ജൈവ ഇന്ധന സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നവരാണ്. പുനരുപയോഗിക്കാവുന്ന ഇന്ധനം ഉപയോഗിക്കുന്ന മലിനീകരണം കുറഞ്ഞ വൈമാനിക കമ്പനികളെ യാത്രകളില്‍ ആശ്രയിക്കാവുന്നതാണ്. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സഹായിക്കും. 

പൊതു ഗതാഗതം 

യാത്രകളില്‍ എല്ലായ്‌പോഴും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതാണ് ഉചിതം. പരമാവധി മലിനീകരണം കുറഞ്ഞ രീതിയിലാണ് നമ്മള്‍ യാത്ര ചെയ്യുന്നതെന്ന് ഇതുവഴി ഉറപ്പിക്കാനാവും. ഓരോ നാടിനേയും നാട്ടുകാരേയും അടുത്തറിയാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം കൂടിയാണ് പൊതുഗതാഗത സംവിധാനങ്ങള്‍. 

ദാ പോയി, ദേ വന്നു... എന്ന രീതിയിലുള്ള യാത്രകളേക്കാള്‍ നല്ലത് അല്‍പം സമയമെടുത്ത് സാവകാശത്തിലുള്ളവയാണ്. ധൃതിപിടിച്ചുള്ള യാത്രകള്‍ നമ്മളില്‍ അനാവശ്യ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും. പോവുന്ന സ്ഥലങ്ങള്‍ ആസ്വദിക്കുക എന്നതിനേക്കാള്‍ എങ്ങനെയും യാത്ര പൂര്‍ത്തിയാക്കുന്നതില്‍ മാത്രമാവും ശ്രദ്ധ.

പ്രാദേശിക കടകള്‍

പ്രകൃതിയുടെ സുസ്ഥിരതയുടെ പര്യായമായി പ്രാദേശികതയെ കാണാവുന്നതാണ്. ഇത് സാധനങ്ങളുടെ അനാവശ്യ യാത്രകളേയും അതുമൂലമുള്ള മലിനീകരണങ്ങളേയും കുറക്കാന്‍ സഹായിക്കും. ഏത് നാട്ടിലേക്കാണോ പോവുന്നത് ആ നാട്ടുകാരുടെ കടകളില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കുന്നതും സാധനങ്ങള്‍ വാങ്ങുന്നതും നമ്മുടെ ലക്ഷ്യത്തിന് യോജിക്കുന്ന ശീലമാണ്. 

പ്രാദേശിക സംസ്‌കാരങ്ങളും വന്യജീവികളും

എവിടേക്ക് പോകുമ്പോഴും നിങ്ങള്‍ അതിഥിയാണെന്ന് മനസിലുണ്ടാവണം. അത് കാട്ടിലേക്കാണെങ്കിലും മാറ്റമില്ലാത്ത വസ്തുതയാണ്. കാട്ടിലെ വീട്ടുകാര്‍ വന്യജീവികളാണ്. അവരുടെ വീട്ടില്‍ ചെന്ന് അവരെ അലോസരപ്പെടുത്തുന്നത് വളരെ മോശം കാര്യമല്ലേ? അതുകൊണ്ട് മാന്യമായ പെരുമാറ്റവും അര്‍ഹിക്കുന്ന ബഹുമാനവും വന്യജീവികള്‍ക്കും നല്‍കണം. 

പ്രാദേശിക സംസ്‌ക്കാരങ്ങളും ഇതുപോലുള്ള പരിഗണന അര്‍ഹിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ചില രീതികളും സ്വഭാവങ്ങളുമുണ്ടാവും. അത് മാത്രമാണ് ശരിയെന്ന് ധരിക്കരുത്. നിങ്ങള്‍ ചെല്ലുന്ന സ്ഥലങ്ങളിലുള്ളവരുടെ വസ്ത്രധാരണവും ഭക്ഷണവും നൃത്തവും ആചാരങ്ങളുമെല്ലാം അവരുടെ ശരികളാണ്. അതിനെ ബഹുമാനിച്ചുകൊണ്ട് മാത്രം മുന്നോട്ട് പോവുക. 

കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് ഒഴിവാക്കാം

പരമാവധി കുറവ് കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് മാത്രമേ വരുത്തിയിട്ടുള്ളൂവെന്ന് ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യുന്ന എല്ലാ സഞ്ചാരികളും സ്വയം ഉറപ്പുവരുത്തേണ്ടതുണ്ട്. അനാവശ്യ ഊര്‍ജ ഉപഭോഗം കുറക്കുകയെന്നതാണ് ഇതില്‍ പ്രധാനം. സ്വന്തം വെള്ളക്കുപ്പി തന്നെ ഉപയോഗിക്കുന്നതു പോലുള്ള രീതികളും സഹായിക്കും. 

ഇത്തരം കാര്യങ്ങള്‍ ചെറുതല്ലേ എന്ന് ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തോന്നും. എന്നാല്‍ ഇവയെല്ലാം ഓരോ പടിയായി കണക്കാക്കിയാല്‍ ഇതെല്ലാം ശ്രദ്ധിക്കുന്നതുവഴി ലക്ഷ്യത്തിലേക്ക് നമ്മള്‍ ഒരുപാട് മുന്നേറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കും. 

fareportal.comല്‍ വന്ന ലേഖനത്തിന്റെ മലയാളം പരിഭാഷ.

English Summary: How to Help the Planet While Seeing the World: 6 Essential Steps to Travel Sustainably

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS