ADVERTISEMENT

ആധുനിക സപ്തമഹാദ്ഭുതങ്ങളിലൊന്നായ പെട്രയും ചാവുകടലും ഒക്കെയുള്ള ജോർദാനിൽ സഞ്ചാരികൾക്ക് വേറിട്ടൊരു കാഴ്ചയൊരുക്കുന്ന മരുപ്രദേശമാണ് ജോർദാനിലെ വാഡി റം. മരുഭൂമി എന്നു കേൾക്കുമ്പോഴേ മനസ്സിൽ തെളിയുന്ന പഞ്ചസാര മണൽവിരിച്ച, മണൽ കുന്നുകളുള്ള ഭൂമി എന്ന സങ്കൽപവുമായി എത്തിയാൽ നിങ്ങൾക്ക് ഒരുപക്ഷേ ഇവിടുത്തെ കാഴ്ച വിശ്വസിക്കാനായി എന്നുവരില്ല. അത്രമാത്രം വേറിട്ടൊരു ഭൂപ്രകൃതിയാണ് വാഡി റമ്മിൽ.

ചാന്ദ്രതാഴ്‌വര

ചുവപ്പിന്റെ തിളക്കമാണ് വാഡി റം മരുഭൂമിയുടെ പ്രത്യേകത. കൂടാതെ മലനിരകളും മരുഭൂമിയും ഇവിടെ ഒരുമിക്കുന്നു. പ്രകൃതിയുടെ കരവിരുതിൽ രൂപപ്പെട്ട ശിലാരൂപങ്ങളും കരിങ്കൽകമാനങ്ങളും മണൽക്കുന്നുകൾക്കും മലകൾക്കുമിടയിലുള്ള അഗാധഗർത്തങ്ങളും ഒക്കെ ചേരുമ്പോൾ ഈ പ്രദേശം ഭൂമിയിൽ തന്നെയാണോ എന്ന് ആരും അമ്പരന്നു പോകും. അതിനാൽത്തന്നെ ഈ താഴ്‌വരയുടെ വിളിപ്പേര് വാലി ഓഫ് മൂൺ എന്നാണ്.

wadi-rum-tourism-jordan1
Ppictures/shutterstock

നാടോടികളായ ബെദൂവിയൻ വിഭാഗത്തിൽ പെട്ട കുറച്ചു പേർ മാത്രമേ ഇവിടുത്തെ അതികഠിനമായ ഭൂപ്രകൃതിയുമായി പൊരുത്തപ്പെട്ട് താമസിക്കുന്നവരായിട്ടുള്ളു. എങ്കിലും കഴിഞ്ഞ 4000 വർഷമായി ഈ പ്രദേശത്തു മനുഷ്യൻ താമസിക്കുന്നുണ്ട് എന്ന് ശാസ്ത്രഗവേഷകർ വിശ്വസിക്കുന്നു. അയൺ ഓക്‌സൈഡിന്റെ സാന്നിധ്യമാണ് മണ്ണിന്റെ ചുവപ്പു നിറത്തിന് കാരണമെങ്കിലും ഭൂമിയിലെ ഒട്ടുമിക്ക ധാതുക്കളും ഇവിടെയുള്ളതായി കണക്കാക്കിയിട്ടുണ്ട്. തെക്കൻ ജോർദാനിലെ വാഡി റമ്മിലേക്ക് തലസ്ഥാനമായ അമ്മാനിൽ നിന്ന് 350 കിമീ ദൂരമുണ്ട്. ജോർദാനിലെ തീരദേശ നഗരമായ അക്കബയിലേക്കുള്ള ഹൈവേയ്ക്കു സമീപമാണ് വാഡി റം.

വേറിട്ടൊരു മരുയാത്ര

മരുഭൂമിയുടെ വ്യത്യസ്തമായ കാഴ്ചകൾ മാത്രമല്ല വാഡി റം ഗ്രാമത്തിൽ എത്തുന്നവർക്കു കിട്ടുന്നത്. ഹോട്ട് എയർ ബലൂണിലോ ഒന്നോ രണ്ടോ പേർക്കു കയറാവുന്ന മൈക്രോ ലൈറ്റ് വിമാനങ്ങളിലോ മരുഭൂമിക്കു മുകളിൽ പറക്കാം. ബദൂവിയൻ ഗൈഡുകളുടെ സഹായത്തോടെ ഒട്ടക സവാരിക്കും അവസരമുണ്ട്. ഡെസേർട് സഫാരിയിലെ ഒഴിവാക്കാനാവാത്ത 4 വീൽ ഡ്രൈവ് വാഡി റമ്മിൽ കുറച്ചു കൂടി സാഹസികവും ആവേശകരവും ആണ്. മരുഭൂമിയിലെ രാത്രി ആകാശക്കാഴ്ചയും ഇവിടെ നല്ല അവസരമുണ്ട്.

English Summary: Wadi Rum Tourism Jordan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com