ADVERTISEMENT

മഴക്കാടുകള്‍ക്ക് മുകളിലൂടെ, മരങ്ങളുടെ മേലാപ്പിനു മുകളിലൂടെ ഒരു നടത്തം... ആ അനുഭവം എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? കര്‍ണാടക ടൂറിസം വകുപ്പും വനം വകുപ്പും ചേര്‍ന്നാണ് സഞ്ചാരികള്‍ക്കായി അങ്ങനെയൊരു വ്യത്യസ്തമായ അവസരം ഒരുക്കുന്നത്. 

കർണാടകയിലെ കുവേശി വൈൽഡ് ലൈഫ് കാസിൽ റോക്ക് റേഞ്ചിലാണ് കാനോപ്പി വാക്ക് എന്ന പേരിലുള്ള ഈ അനുഭവം ഉള്ളത്. കാളി കടുവാ സങ്കേതത്തിന്‍റെ ഭാഗമായ ഈ വനപ്രദേശത്തിനടുത്തായാണ് ദൂദ്സാഗർ വെള്ളച്ചാട്ടമുള്ളത്. ഇവിടെ, പശ്ചിമഘട്ടത്തിലെ സമൃദ്ധമായ മഴക്കാടുകള്‍ക്ക് മുകളിലായി, 30 അടിയിലേറെ ഉയരത്തില്‍ ഒരുക്കിയ പാലത്തിലൂടെ സഞ്ചാരികള്‍ക്ക് നടക്കാം. മലബാർ പുളി, കറുവപ്പട്ട, മുള, ബൗഹിനിയ, യൂക്കാലിപ്റ്റസ്, ലന്താന, സിൽവർ ഓക്ക്, തേക്ക്, ജാംബ തുടങ്ങി, നൂറ് വർഷത്തിലേറെ പഴക്കമുള്ള വിവിധയിനം മരങ്ങൾ ഉള്ള മേഖലയിയാണിത്‌. 

ഏകദേശം 84 ലക്ഷം രൂപ ചെലവിലാണ് 240 മീറ്റർ നീളമുള്ള ഈ നടപ്പാത നിർമിച്ചത്. മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ചാര്‍ജ് ഈടാക്കുന്നത്. ടോയ്‌ലറ്റ്, കുടിവെള്ളം, യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള ഡ്രൈവർമാർ എന്നീ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഒരു സമയം പത്തുപേര്‍ക്ക് ഇതിനുമുകളിലൂടെ നടക്കാം. കൂടെ ഒരു ഗൈഡും ഉണ്ടാവും. ആദ്യമായി തുറന്ന വര്‍ഷം മൺസൂൺ സമയത്ത് കുറച്ചു കാലത്തേക്ക് ഇതിലൂടെയുള്ള നടത്തം നിരോധിച്ചിരുന്നു.

ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്. കുവേഷിക്ക് ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളം ബെൽഗാമിലെ ബെലഗാവി എയർപോർട്ടാണ്. കനോപ്പി വാക്കിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാവട്ടെ കാസ്‌ല്‍ റോക്കാണ്. കനോപ്പി വാക്കിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദണ്ഡേലിയിലാണ് സഞ്ചാരികള്‍ക്ക് താമസസൗകര്യമുള്ളത്. 

ലോകമെമ്പാടുമുള്ള ഏതാനും രാജ്യങ്ങളിൽ മാത്രമേ കനോപ്പി വാക്ക് അനുഭവം ഉള്ളൂ. മലേഷ്യയിലെ തമൻ നെഗാര നാഷണൽ പാർക്കിലാണ് ലോകത്തിലെ ഏറ്റവും നീളമേറിയ കനോപ്പി വാക്ക് സ്ഥിതി ചെയ്യുന്നത്. 500 മീറ്റർ നീളമുള്ള ഈ നടപ്പാതയില്‍ പത്തോളം പാല ഭാഗങ്ങളുണ്ട്.

English Summary: India's First Canopy Walk In Karnataka

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com