മഴയല്ലേ? ഒാണക്കാല യാത്രയിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

travel-rainy-day
Drive car in rain. Image: MakDill/shutterstock
SHARE

ഓണക്കാലം യാത്രകളുടെ കൂടി കാലമാണ്. ഒന്നിച്ചു കിട്ടുന്ന അവധികളും കുട്ടികളുടെ അവധിക്കാലവുമെല്ലാം കുടുംബത്തിനും കൂട്ടുകാർക്കുമൊക്കെ ഒപ്പമുള്ള യാത്രകള്‍ക്ക് അവസരമൊരുക്കുന്നു. അത്തം കറുത്താല്‍ തിരുവോണം വെളുക്കുമെന്നാണ് ചൊല്ലെങ്കിലും ഇക്കുറി അത്തം മാത്രമല്ല തിരുവോണവും ഇടയ്ക്കുള്ള ദിവസങ്ങളുമെല്ലാം കറുക്കാനുള്ള സാധ്യത ഏറെയാണ്. യാത്രകള്‍ക്ക് തയാറെടുക്കുന്നവര്‍ മഴ  കണക്കിലെടുത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

നിയന്ത്രണങ്ങളുണ്ട്, മുന്നറിയിപ്പുകളും 

ഓണക്കാലത്തെ യാത്രകളില്‍ പലതും കുടുംബമായി ഏതെങ്കിലും ഹില്‍സ്റ്റേഷനുകളിലേക്കായിരിക്കും. മൂന്നാറും വാഗമണും വയനാടും സൈലന്റ് വാലിയും പൊന്മുടിയും ഗവിയുമെല്ലാം ഇതില്‍ ഉള്‍പ്പെടാറുണ്ട്. ഹില്‍സ്റ്റേഷനുകളില്‍ മഴ യാത്രകളെ വലിയ തോതില്‍ സ്വാധീനിച്ചേക്കാമെന്നത് മറക്കരുത്. 

പലയിടത്തും ഇതിനകം യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇടുക്കിയില്‍ സെപ്റ്റംബര്‍ ആറിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇവിടെ മലയോര മേഖലകളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്ത് രാത്രിയാത്രാ നിരോധനം കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെക്കിങ്ങിനും നിരോധനമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സില്‍ കണ്ട് , പോകുന്ന സ്ഥലത്തെ ജില്ലാ കലക്ടറുടെ സോഷ്യല്‍മീഡിയ പേജില്‍ എന്തെങ്കിലും ഔദ്യോഗിക അറിയിപ്പുണ്ടോ എന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

അതിസാഹസം അരുത്

കുത്തൊഴുക്കുള്ള പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഏറെ സൂക്ഷിക്കേണ്ടതുണ്ട്. പ്രദേശവാസികള്‍ നല്‍കുന്ന മുന്നറിയിപ്പ് അവഗണിച്ച് കുളിക്കാനിറങ്ങുന്നതുൾപ്പെടെ അതിസാഹസങ്ങള്‍ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തും. കാലാവസ്ഥ തെളിഞ്ഞു നില്‍ക്കുമെങ്കിലും ദൂരെ മലയില്‍ മഴ പെയ്താല്‍ പോലും പെട്ടെന്ന് വെള്ളം ഉയരുന്ന നിരവധി പുഴകളുണ്ട് നമ്മുടെ നാട്ടില്‍. അതുകൊണ്ട് പ്രദേശവാസികളുടേയും ഫോറസ്റ്റ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരുടേയും മുന്നറിയിപ്പുകള്‍ ഒരിക്കലും അവഗണിക്കരുത്. 

rain1
Image: Joseph White/shutterstock. Munnar Tea Plantation

കുത്തൊഴുക്കാണ് പുഴകളിലെ പ്രശ്‌നമെങ്കില്‍ കടല്‍ക്ഷോഭവും തിരകളുമാണ് ബീച്ചുകളിലെ വെല്ലുവിളി. നീന്തലറിയുന്നവരാണെങ്കില്‍ പോലും ക്ഷോഭിക്കുന്ന കടലില്‍ പെട്ടാല്‍ പ്രത്യേകിച്ചൊന്നു ചെയ്യാനാവില്ല. അക്കാര്യം കടലു കാണാന്‍ പോവുന്നവരുടെ മനസ്സിലും വേണം. ഇവിടെയും ഔദ്യോഗിക നിര്‍ദേശങ്ങള്‍ മറക്കരുത്. 

വാഹനം

മലയാളികളില്‍ വലിയൊരു വിഭാഗവും ഇന്ന് സ്വന്തം വാഹനങ്ങളില്‍ വിനോദയാത്രയ്ക്ക് പോവുന്നവരാണ്. മഴയ്ക്കു മുമ്പ് കാറുകള്‍ക്ക് മണ്‍സൂണ്‍ ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. ഇനി അത് ചെയ്തില്ലെങ്കില്‍ത്തന്നെ, ബ്രേക്കും ടയറും വൈപ്പറും ഗ്ലാസും ലൈറ്റുകളും പരിശോധിക്കുക. ഇതൊക്കെ തന്നെയാണ് മണ്‍സൂണ്‍ചെക്കപ്പിലും ചെയ്യുന്നത്. 

നാലു ടയറുകള്‍ക്കൊപ്പം സ്റ്റെപ്പിനിയും കണ്ടീഷനാണെന്ന് ഉറപ്പുവരുത്തുകയും കാറ്റു നിറയ്ക്കുകയും വേണം. ഏതെങ്കിലും ടയര്‍ പഞ്ചറായാല്‍ നമുക്കു തന്നെ മാറ്റിയിടാന്‍ വേണ്ട ടൂളുകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. ടൂള്‍ കിറ്റിനൊപ്പം ഫസ്റ്റ് എയ്ഡ് കിറ്റിനും പ്രാധാന്യമുണ്ട്. മലയാളികളുടെ വാഹനങ്ങളില്‍ പലപ്പോഴും രണ്ടു ലീറ്റര്‍ പെട്രോളിന്റെ പോലും വിലവരാത്ത ഫസ്റ്റ് എയ്ഡ് കിറ്റ് കാണാറില്ല. ഇത് നമ്മുടെ മാത്രമല്ല വഴിയില്‍ അപകടത്തില്‍ പെടുന്ന മനുഷ്യരുടെ പോലും ജീവന്‍ രക്ഷിച്ചേക്കാമെന്ന് മറക്കരുത്. ഫസ്റ്റ് എയ്ഡ് കിറ്റ് കൈവശമുള്ളവര്‍ അതില്‍ എന്തൊക്കെയുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. 

വാഹനത്തിലെ വൈപ്പര്‍ ശരിയായ വിധം പ്രവര്‍ത്തിക്കുന്നുവെന്നും മുന്‍ ചില്ലുകളില്‍ കാഴ്ചയെ തടസപ്പെടുത്തുന്ന എണ്ണയുടെ പാടയോ മറ്റോ ഇല്ലെന്നും ഉറപ്പുവരുത്തണം. ഡ്രൈവര്‍ക്ക് മുന്നിലെ ചില്ലിലെ കാഴ്ചയെ തടസപ്പെടുത്തുന്ന മങ്ങലുകള്‍ മഴയുള്ള രാത്രിയാത്രകളെ നരകമാക്കും. 

ഡ്രൈവിങ്

ഒരുപാട് വിനോദസഞ്ചാരികള്‍ അവധി ആഘോഷിക്കാന്‍ വരുന്നതുകൊണ്ടുതന്നെ വഴിയില്‍ അപ്രതീക്ഷിത ട്രാഫിക് ബ്ലോക്കുകളും മറ്റും കണ്ടേക്കാം. ക്ഷമയില്ലാതെ ഹോണ്‍ മുഴക്കുന്നതും ഇടയില്ലാത്തിടത്ത് വാഹനം കുത്തിക്കയറ്റാന്‍ ശ്രമിക്കുന്നതും വരി തെറ്റിക്കുന്നതുമെല്ലാം ട്രാഫിക് ബ്ലോക്കിന്റെ നീളം കൂട്ടാന്‍ മാത്രമേ സഹായിക്കൂ. മാത്രമല്ല, ഇത്തരം പ്രവൃത്തികള്‍ നിങ്ങളുടെ യാത്രയുടെ മൂഡ് തന്നെ മാറ്റിയേക്കാം. 

അനാവശ്യ സാഹസങ്ങള്‍ക്ക് ഒരിക്കലും മുതിരരുത്. പ്രത്യേകിച്ച് ഹില്‍ സ്റ്റേഷനുകളിലേക്കാണ് യാത്രയെങ്കില്‍ പോകുന്ന വഴിയില്‍ വെള്ളം റോഡു മുറിച്ചൊഴുകുന്നുണ്ടാകാം. അപകടമാവില്ലെന്ന് ഉറപ്പുവരുത്തി മാത്രം മുന്നോട്ടെടുക്കുക. വാഹനങ്ങളുടെ ടയറുകള്‍ പൂര്‍ണമായും മുങ്ങാന്‍ പാകത്തിന് വെള്ളമുണ്ടെങ്കില്‍ നിങ്ങളുടെ ഡ്രൈവിങ് മിടുക്ക് എത്രയുണ്ടെങ്കിലും പ്രത്യേകിച്ച ഗുണമൊന്നുമില്ല. 

കനത്ത മഴയുള്ളപ്പോള്‍ യാത്ര തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതാണ് നല്ലത്. വാഹനം ഓഫാക്കി നിര്‍ത്തിയിട്ട്, മഴ കുറഞ്ഞ ശേഷം യാത്ര തുടരാം. വഴിയില്‍ വെള്ളക്കെട്ടുണ്ടെങ്കില്‍ സൂക്ഷിച്ച് മാത്രം വാഹനം മുന്നോട്ടെടുക്കുക. പരിചിതമല്ലാത്ത വഴികളില്‍ കലങ്ങിയ വെള്ളത്തിന് താഴെയുള്ള കുഴിയുടെ ആഴം നമുക്ക് കണക്കുകൂട്ടാന്‍ കഴിയില്ലല്ലോ.

വലിയ വാഹനങ്ങളുടെ തൊട്ടു പിന്നിലായി വാഹനം ഓടിക്കരുത്. കീപ്പ് യുവര്‍ ഡിസ്റ്റന്‍സ് എന്നാല്‍ നിങ്ങള്‍ക്ക് സുരക്ഷിതമായ അകലം എന്നു തന്നെയാണ് അര്‍ഥം. കുത്തനെയുള്ള കയറ്റങ്ങളിലൊക്കെ ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ തിരിവിലും ഗിയര്‍ മാറ്റുമ്പോഴുമെല്ലാം കുറച്ചു പിന്നിലേക്ക് വരുന്നത് സ്വാഭാവികമാണ്. ഇക്കാര്യം കൂടി മനസ്സില്‍ കണ്ടുകൊണ്ട് സുരക്ഷിത അകലം പാലിക്കുക. ഡ്രൈവിങ്ങിനിടെ സെല്‍ഫോണ്‍ മാത്രമല്ല റേഡിയോയും പാട്ടുകളുമെല്ലാം നമ്മുടെ ശ്രദ്ധയെ മാറ്റിയേക്കാം. അതുകൊണ്ട് സെല്‍ഫോണ്‍ വാഹനം നിര്‍ത്തി മാത്രം ഉപയോഗിക്കുക. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, വേഗം കുറയ്ക്കുകയെന്നതാണ്. മഴയത്ത് സാധാരണയിലും കുറഞ്ഞ വേഗത്തില്‍ മാത്രം യാത്ര ചെയ്യുക. 

കൂടെ കരുതാം

കുടയും റെയിന്‍കോട്ടും മഴയത്തിടുന്ന ചെരിപ്പുകളുമെല്ലാം മഴ പ്രതീക്ഷിച്ചു യാത്രക്കിറങ്ങുമ്പോള്‍ മറക്കരുത്. മഴക്കാലയാത്രകളില്‍ കോട്ടണ്‍ വസ്ത്രങ്ങളേക്കാള്‍ സിന്തറ്റിക് വസ്ത്രങ്ങളാണ് നല്ലത്. പെട്ടെന്ന് ഉണക്കിയെടുക്കാനാകുമെന്നതാണ് ഗുണം. ഒന്നു നനഞ്ഞു പോയാലും നാറ്റിക്കാത്ത ചെരിപ്പും ഷൂവും ബാഗുമെല്ലാം കരുതണം. 

ദീര്‍ഘയാത്രയാണെങ്കില്‍ ഡ്രൈഫ്രൂട്‌സ് പോലുള്ള ലഘുഭക്ഷണങ്ങളും പഴങ്ങളും മറ്റും കരുതിയാല്‍ നല്ലതാണ്. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന സമയത്ത് ഭക്ഷണം ലഭിക്കണമെന്നില്ല. കൂടെ കരുതുന്ന വെള്ളവും ഭക്ഷണവുമെല്ലാം നമ്മുടെ ട്രിപ്പിന്റെ രസം കെടുത്താതിരിക്കാന്‍ സഹായിക്കും. മാത്രമല്ല, പ്രധാന പാതയില്‍നിന്നു മാറി ഒരു മുത്തശ്ശിമരത്തിനു താഴെ കാര്‍ ഒതുക്കി കൂട്ടായിരുന്നു കഴിക്കുന്ന ഭക്ഷണം യാത്രയുടെ തന്നെ മധുരമുള്ള ഓര്‍മയായി മാറിയേക്കാം. 

കാലാവസ്ഥാ പ്രവചനം

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ആറിന് ഓറഞ്ച് അലര്‍ട്ടാണ്. ബാക്കിയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ച മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിര്‍ദേശമുണ്ട്. യാത്ര പോകുന്ന ഇടത്തെ കാലാവസ്ഥാ പ്രവചനം തീര്‍ച്ചയായും മനസിലാക്കിയിരിക്കണം. നിങ്ങളെടുക്കുന്ന ഓരോ മുന്‍കരുതലും നിങ്ങളുടെ യാത്രയേയും യാത്രികരേയും കൂടുതല്‍ സുരക്ഷിതമാക്കുകയാണ് ചെയ്യുന്നത്.

English Summary: Its Raining Things to Remember Before you Travel in Onam Holidays

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}