ADVERTISEMENT

ഈയിടെയായി ഏറെ അഭിവൃദ്ധി പ്രാപിച്ചുവരുന്ന ഒരു മേഖലയാണ് തീര്‍ഥാടന ടൂറിസം. ഭക്തിയുമായി ബന്ധപ്പെട്ട യാത്രയുടെ സാധ്യതകള്‍ എല്ലാ സംസ്ഥാനങ്ങളും തിരിച്ചറിഞ്ഞു വരുന്നു. ഈ മേഖലയില്‍ നടത്തുന്ന സജീവമായ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മധ്യപ്രദേശ്‌ സര്‍ക്കാര്‍. ഇപ്പോഴിതാ തീര്‍ഥാടക സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളും യാത്രാ അവസരങ്ങളും ഒരുക്കുകയാണ് മധ്യപ്രദേശ്‌ ടൂറിസം.

അടുത്ത വര്‍ഷം ജനുവരി 1-ന് മുഖ്യമന്ത്രി തീർഥ ദർശൻ യോജന ആരംഭിക്കാൻ മധ്യപ്രദേശ് സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയുടെ ഭാഗമായി വിമാനങ്ങളിൽ തീർത്ഥാടനം നടത്താനാകും. കൂടാതെ, തീർഥാടകർക്കായി 10 പുതിയ ട്രെയിനുകൾ ഓടിക്കുമെന്നും ടൂറിസം, സാംസ്കാരിക മന്ത്രി ഉഷാ താക്കൂര്‍ അറിയിച്ചതായി ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു..

ഈ വര്‍ഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബർ 17 മുതൽ തീർഥ ദർശൻ യാത്രയുടെ അഞ്ച് പുതിയ ട്രെയിനുകളും ട്രാക്കുകളിൽ ഓടിത്തുടങ്ങും. ഇതിന്‍റെ ഭാഗമായി 5000 ത്തോളം മുതിർന്ന പൗരന്മാരെ വിവിധ തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ഇത് കൂടാതെ, മധ്യപ്രദേശ് സ്ഥാപകദിനമായ 2022 നവംബർ 1 ന് അഞ്ച് ട്രെയിനുകൾ കൂടി ഓടിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ തീർഥാടന യാത്ര സുഗമമാക്കുന്നതിനായി വരും മാസങ്ങളിൽ 150 ഓളം ട്രെയിനുകൾ ട്രാക്കിലൂടെ ഓടിത്തുടങ്ങുമെന്ന് ഇത് പരാമർശിച്ച് ഠാക്കൂർ പറഞ്ഞു. 

സെപ്തംബർ 25 ന് ഹോഷങ്കാബാദിൽ നിന്ന് അയോധ്യയിലേക്കും ഖണ്ട്വയിൽ നിന്ന് ദ്വാരക സോമനാഥിലേക്കും നീമുച്ചില്‍ നിന്ന് അയോധ്യയിലേക്കും ട്രെയിൻ പുറപ്പെടും. ഉമരിയയിൽ നിന്ന് രാമേശ്വരത്തേക്കും ഛത്തർപൂരില്‍ നിന്ന് ജഗന്നാഥപുരിയിലേക്കും സെപ്റ്റംബർ 26-ന് തീർഥാടകരെ കൊണ്ടുപോകും. ശിവപുരിയിൽ നിന്ന് കാമാഖ്യയിലേക്കും മൊറേനയിൽ നിന്ന് രാമേശ്വരത്തേക്കും, ബേത്തൂളിൽ നിന്ന് അയോധ്യയിലേക്കും, ഡോ അംബേദ്കർ നഗർ മൊവ് മുതൽ തിരുപ്പതിയിലേക്കും, ബാലാഘട്ടിൽ നിന്ന് ജഗന്നാഥപുരിയിലേക്കും ഒക്ടോബർ ആറിന് പുറപ്പെടും.

ആദായനികുതി ഇല്ലാത്ത, 60 വയസ്സുള്ള പൗരന്മാർക്കും 58 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്കും ഈ പദ്ധതിക്ക് കീഴിൽ യാത്ര ചെയ്യാമെന്ന് താക്കൂർ പറഞ്ഞു. യാത്രക്കായി പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ അടുത്തുള്ള തഹസിൽദാർ, തദ്ദേശ സ്ഥാപനം, ജില്ലാ ഓഫീസ് അല്ലെങ്കിൽ കളക്‌ട്രേറ്റ് നിശ്ചയിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളിൽ സമർപ്പിക്കാം. യാത്രക്കാരെ തിരഞ്ഞെടുക്കുന്നത് ജില്ലാ കളക്ടറാണ്. ഭക്ഷണം, ലഘുഭക്ഷണം, ചായ, താമസം, തീർഥാടനത്തിനുള്ള ബസുകളിലെ യാത്ര എന്നിവ ഐആർസിടിസി ക്രമീകരിക്കും. മുമ്പ് ഇതേ പദ്ധതിക്ക് കീഴില്‍ നടത്തിയവർക്ക് ഈ പദ്ധതി പ്രകാരം വീണ്ടും യാത്ര ചെയ്യാൻ അവസരം ലഭിക്കില്ല.

യാത്രക്കെത്തുന്ന തീർത്ഥാടകർക്ക് തുളസിമാലയും മെമന്റോയും നൽകും. ഭജനമണ്ഡലി, ഭജനസന്ധ്യ എന്നിവയും ഉണ്ടായിരിക്കും. യാത്രക്കാർ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ, കമ്പിളി വസ്ത്രങ്ങൾ, വ്യക്തിഗത ഉപയോഗത്തിനായുള്ള സാമഗ്രികൾ, പുതപ്പുകൾ, ബെഡ് ഷീറ്റുകൾ, ടവ്വലുകൾ തുടങ്ങിയവ കരുതണം. ആധാർ കാർഡ്, വോട്ടർ കാർഡ്, കോവിഡ് 19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ ഫോട്ടോകോപ്പിയും കരുതണം.

English Summay:  more trains under Mukhyamantri Teerth Darshan Yojna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com