ADVERTISEMENT

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എല്ലാവരുടെയും നെഞ്ചിടിപ്പ് കൂടുന്ന ഒരു ഭാഗമാണ് ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത്. അടുത്തെവിടെയെങ്കിലുമാണെങ്കില്‍ വല്ല കാറിലോ ബസിലോ ട്രെയിനിലോ ഒക്കെ പോയി വരാം. ദൂരെയെങ്ങാനുമാണെങ്കില്‍ വിമാനം തന്നെ രക്ഷ, എന്നാല്‍ ടിക്കറ്റ് വില കാണുമ്പോള്‍ ബജറ്റ് സഞ്ചാരികളുടെയെല്ലാം ബോധം പോകാറാണ് പതിവ്. ഏറെക്കാലമായി കുളു യാത്ര പ്ലാന്‍ ചെയ്തിട്ടും വിമാനച്ചിലവിന്‍റെ പേടി കാരണം പോകാന്‍ പറ്റാതിരുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കുളുവിലേക്കുള്ള വിമാനചാര്‍ജുകള്‍ ഒക്‌ടോബർ 11 മുതൽ കുറയും.

 

അലയൻസ് എയറിന്‍റെ പുതിയ ATR-42 600 സീരീസ് വിമാനം ഒക്ടോബര്‍ 11 മുതല്‍ ആഴ്ചയില്‍ നാലുദിവസം ഷിംലയ്ക്കും കുളുവിനുമിടയില്‍ സര്‍വീസ് നടത്തും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇത്.

 

കുളുവിനും ഷിംലയ്ക്കുമിടയിൽ 50 മിനിറ്റ് ദൈർഘ്യമുള്ള വിമാനയാത്രയ്ക്ക് സാധാരണ നിരക്ക് 5,488 രൂപയും മുതിർന്ന പൗരന്മാരുടെ നിരക്ക് 3,126 രൂപയുമാണ്. എന്നാല്‍ ഈ നവംബർ 1 വരെ ഷിംലയിൽ നിന്ന് ഡൽഹിയിലേക്കുള്ള നിരക്ക് ഏകദേശം 18,725 രൂപയാണ്. എന്നാൽ, നവംബർ രണ്ടിന് ശേഷമുള്ള നിരക്ക് 350 രൂപ ഓൺലൈൻ ചാര്‍ജ് ഉൾപ്പെടെ 3,299 രൂപയാണ്.

 

ഷിംല വഴി, കുളുവിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 8,787 രൂപയാണ് ചെലവ്. നേരത്തെ, കുളുവിൽ നിന്ന് ഡൽഹിയിലേക്കുള്ള 80 മിനിറ്റ് ഫ്ലൈറ്റിന് 22,813 രൂപ മുതൽ 26,121 രൂപ വരെയായിരുന്നു നിരക്ക്. ഇപ്പോൾ കുളുവിനും ഷിംലയ്ക്കും ഇടയിലുള്ള വിമാനം പ്രഖ്യാപിച്ചതിന് ശേഷം കുളുവിൽ നിന്ന് ഡൽഹിയിലേക്ക് 14,900 രൂപ നിരക്കാണ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. കുളു-ഡൽഹി സെക്ടറിൽ പൗരന്‍മാര്‍ക്കുള്ള കിഴിവും എയര്‍ലൈൻ നൽകുന്നുണ്ട്.

 

ഷിംലയിൽ നിന്ന് രാവിലെ 7.55 ന് പുറപ്പെടുന്ന വിമാനം 8.45 ന് കുളുവിലെത്തും. 9.05 ന് കുളുവില്‍ നിന്നും വീണ്ടും യാത്രതിരിച്ച് 9.55 ന് ഷിംലയില്‍ തിരിച്ച് എത്തിച്ചേരും. 10.15ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന വിമാനം 11.25ന് അവിടെയെത്തും. ഡൽഹി, ചണ്ഡീഗഢ്, കുളു വഴി പോകുന്ന രണ്ടാമത്തെ വിമാനത്തിന്‍റെ സമയക്രമം അതേപടി തുടരുമെന്ന് ‘ദി ട്രിബ്യൂണ്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഉത്തരേന്ത്യയില്‍ ശീതകാലം തുടങ്ങാന്‍ പോവുകയാണ് ഇപ്പോള്‍. ഹിമാലയത്തിനു മുകളില്‍ മഞ്ഞുവീഴുന്ന കാഴ്ച കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഈ സമയത്ത് ഇവിടേയ്ക്ക് എത്താറുണ്ട്. ഡിസംബര്‍ മാസം വിവിധ ശൈത്യകാല സാഹസിക വിനോദങ്ങളും ഇവിടെ അരങ്ങേറുന്നത് പതിവാണ്. 

English Summary: Delhi-Kulu air travel cheaper from October 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com