ADVERTISEMENT

ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. കള്ളിപ്പാറ മലനിരകൾക്ക് പിന്നാലെ ഉടുമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറയിലും കുറിഞ്ഞി പൂത്തു. ഇതോടെ നീല വസന്തം മൂന്നാഴ്ച കൂടി നീണ്ടുനിൽകുമെന്നാണ് പ്രതീക്ഷ. സഞ്ചാരികൾക്ക് ഇപ്പോൾ ഡബിൾ ലോട്ടറിയാണ്. കള്ളിപ്പാറയിലെയും ചതുരംഗപ്പാറയിലെയും കുറിഞ്ഞി വസന്തം ആസ്വദിക്കാം. മനോഹരമായ ചിത്രങ്ങളും പകർത്താം. ശാന്തൻപാറ പഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലെ കുറിഞ്ഞി വസന്തം രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചതുരംഗപ്പാറയും സഞ്ചാരികളെ മാടി വിളിക്കുന്നത്. കള്ളിപ്പാറയിൽ എത്തുന്ന സഞ്ചാരികൾക്ക് താഴേക്ക് ഇറങ്ങിയാൽ ഈ പൂക്കളും കണ്ടു മടങ്ങാം.  ചതുരംഗപാറയിൽനിന്നും  ഇവിടേക്ക് എളുപ്പത്തിലെത്താം. 

നീലപ്പട്ടണിഞ്ഞ് ചതുരംഗപ്പാറ

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കള്ളിപ്പാറയിലെ കാഴ്ചകളായിരുന്നു വാർത്തകളിൽ നിറഞ്ഞിരുന്നത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ ചതുരംഗപ്പാറയിലും എത്തുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര വകുപ്പും പഞ്ചായത്ത് അധികൃതരും.

neelakurinji1

ഇടുക്കിയിലെ പ്രധാന സഞ്ചാര കേന്ദ്രമാണ് ചതുരംഗപ്പാറ. കുമളി - മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്കു സമീപമാണ് ചതുരംഗപ്പാറ. നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ മലനിരകൾക്കു സമീപമാണു മനോഹരമായ ചതുരംഗപ്പാറ മെട്ട്. കള്ളിപ്പാറ മലനിരകളിൽ നിന്നാൽ തൊട്ടടുത്തായി ചതുരംഗപ്പാറയിലെ കാറ്റാടി പാടം കാണാം. ശാന്തൻപാറയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഉടുമ്പൻചോല, ശാന്തൻപാറ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഇൗ ദൃശ്യവിസ്മയം. മലമുകളിൽ കയറിയാൽ ചുറ്റിലും നിറയുന്ന ദൂരക്കാഴ്ചയാണു പ്രധാനം. 

chathurangapara

തമിഴ്നാട്ടിലെ കോംബേ, തേവാരം, കൊരങ്ങിണി വനമേഖല, കമ്പം എന്നീ സ്ഥലങ്ങളുടെ വിദൂരമെങ്കിലും വ്യക്തമായ കാഴ്ചകൾക്കൊപ്പം സദാസമയവും വീശിയെത്തുന്ന കാറ്റും ചതുരംഗപ്പാറമെട്ടിന്റെ പ്രത്യേകതയാണ്. രാമക്കൽമേടിനെ അനുസ്മരിപ്പിക്കുന്നതാണ് ചതുരംഗപ്പാറ യിലെ കാഴ്ചകൾ. 

English Summary: Neelakurinji looms at Chathurangapara Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com