ADVERTISEMENT

യാത്ര ട്രെയിനിലായാലും വിമാനത്തിലായാലും ബസിലായാലും എല്ലാവരും ടിക്കറ്റ് എടുക്കുന്നത് ഓണ്‍ലൈനിലാണ്. എന്നാല്‍, പണ്ടുകാലത്തെപ്പോലെ വരിനിന്ന് ടിക്കറ്റ് എടുക്കുന്ന ആളുകളും കുറവല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് യാത്രാസമയത്ത് ടിക്കറ്റ് കൈയിൽ കരുതാൻ മറക്കുക എന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ആണെങ്കില്‍ നമുക്ക് മൊബൈലില്‍ കാണിച്ചാല്‍ മതി, എന്നാല്‍ കൗണ്ടറില്‍ നിന്നും വാങ്ങിയ ടിക്കറ്റ് മറന്നുപോയാല്‍ എന്തുചെയ്യും?

ടിക്കറ്റ് മറന്നാല്‍ പേടിക്കേണ്ട കാര്യമില്ല. ഇങ്ങനെയുള്ള ആളുകള്‍ക്കായി റെയില്‍വേ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്! ഓൺലൈനായാണ് ടിക്കറ്റ് എടുത്തതെങ്കിൽ ഐആർസിടിയിലൂടെ വെബ്സൈറ്റിൽ ലോഗ്-ഇൻ ചെയ്ത് ടിക്കറ്റ് എടുക്കാം, യാത്രക്കിടെ ടിക്കറ്റ് ചോദിക്കുമ്പോള്‍ ഇത് കാണിച്ചാല്‍ മതി.

റിസർവേഷൻ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ ആദ്യംതന്നെ ടിക്കറ്റ് ഇല്ലാത്ത വിവരം റെയിൽവേ റിസർവേഷൻ ഓഫീസിനെ അറിയിക്കണം. ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റ് indianrail.gov.in അനുസരിച്ച്, റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് സ്ഥിരീകരിച്ചതോ ആർഎസി സ്റ്റാറ്റസ് ഉള്ളതോ ആയ ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, പകരം ഒരു ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകും. എന്നാല്‍ ഇതിന് പ്രത്യേക ചാർജും നൽകേണ്ടിവരും.

ഇങ്ങനെ എടുത്ത ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ ആദ്യം തന്നെ റിസർവേഷൻ കൗണ്ടറിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറെ കണ്ട് വിവരം അറിയിക്കുകയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപയോഗിച്ച ഐഡി പ്രൂഫ് കാണിക്കുകയും ചെയ്യണം. കൺഫേം ചെയ്തതോ അല്ലെങ്കിൽ ആർഎസി സ്റ്റാറ്റസിലോ ഉള്ള ടിക്കറ്റുകള്‍ ആണോ എന്ന് ഉറപ്പുവരുത്തിയ ശേഷം അവര്‍ അതേ പിഎന്‍ആര്‍ നമ്പറുള്ള ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കോപ്പി നല്‍കും.

സെക്കൻഡ്, സ്ലീപ്പർ ക്ലാസുകളില്‍ ആണെങ്കില്‍ 50 രൂപ നൽകിയാൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും. മറ്റു ക്ലാസുകളില്‍ യാത്രചെയ്യുന്നവര്‍ 100 രൂപ നൽകണം. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷമാണ് സ്ഥിരീകരിച്ച ടിക്കറ്റ് നഷ്ടപ്പെട്ട വിവരം ലഭിക്കുന്നതെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കിട്ടാന്‍ ടിക്കറ്റ് നിരക്കിന്‍റെ 50% നല്‍കണം. കീറിയതോ വികലമായതോ ആയ ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കണമെങ്കിൽ നിരക്കിന്‍റെ 25% റെയിൽവേ ഈടാക്കും.

ആര്‍എസി ടിക്കറ്റുകള്‍ ആണെങ്കില്‍ റിസർവേഷൻ ചാർട്ട് തയാറാക്കിയതിന് ശേഷം റെയിൽവേ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നല്കുന്നതല്ല. അതുപോലെത്തന്നെ, വെയിറ്റിങ് ലിസ്റ്റിലുള്ള കീറിയതോ വികലമായതോ ആയ ടിക്കറ്റുകൾക്കും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകില്ല.

ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് എടുത്ത ശേഷം, മുന്നേ നഷ്ടപ്പെട്ടുപോയ ടിക്കറ്റ് തിരികെ കിട്ടുകയാണെങ്കിലോ?അങ്ങനെയെങ്കില്‍ ഉടനെതന്നെ രണ്ട് ടിക്കറ്റുകളും ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് അധികൃതരെ കാണിക്കുക. ഇങ്ങനെയുള്ളവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് അടച്ച ഫീസ് റെയിൽവേ തിരികെ ലഭിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനായി അടച്ച തുകയില്‍ നിന്നും നിന്നും 5% അല്ലെങ്കിൽ 20 രൂപയോ പിടിച്ചശേഷം ബാക്കി തുകയായിരിക്കും തിരികെ നല്‍കുന്നത്. 

English Summary: What To Do If You Lose Confirmed Train Ticket Before The Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com